ഉത്തര കൊറിയയുടെ സഹായത്തോടെ ഹിസ്ബുള്ള തീര്‍ത്തത് വടക്കന്‍ ഇസ്രയേലിന്റെ അടിവരെ നീളുന്ന തുരങ്കം; അപ്രതീക്ഷിത ആക്രമണത്തിന് തൊട്ടു മുന്‍പ് ഇസ്രയേലിന്റെ തിരിച്ചടി; ജീവന്‍ പണയപ്പെടുത്തിയും സൈനികര്‍ തുരങ്കങ്ങള്‍ തകര്‍ത്ത് ലെബനനെ നിരപ്പാക്കുമ്പോള്‍

ഹമാസ് ഭീകരര്‍ 1990കളിലാണ് തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്

Update: 2024-10-05 03:56 GMT

ജെറുസലേം: ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്. വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍. ഉത്തര കൊറിയയുടെ സഹായത്തോടെയാണ് ഹിസ്ബുള്ള ഇവ നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഒറ്റനോട്ടത്തില്‍ ഈ തുരങ്കങ്ങള്‍ കണ്ടാല്‍ അവ തീരെ അപരിഷ്‌കൃതമായ രീതിയിലുള്ള നിര്‍മ്മാണങ്ങളാണ് എന്നേ തോന്നുകയുള്ളൂ.

ശരിക്കും ഗുഹകളാണ് എന്നായിരിക്കും ആദ്യം കാണുന്ന ഒരാള്‍ക്ക് തോന്നുക. എന്നാല്‍ ഇതിന്റെ ഉള്‍ഭാഗം അങ്ങേയറ്റം ഗംഭീരമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നതിനായി ഈ തുരങ്കങ്ങള്‍ ഉപയോഗിച്ചിരുന്നതായിട്ടാണ് കരുതപ്പെടുന്നത്. ഈ മാസം ഒന്നാം തീയതി ഇസ്രയേല്‍ സൈന്യം ലബനനിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഈ തുരങ്കങ്ങള്‍ തകര്‍ത്തിരുന്നു. ജീവന്‍ പണയം വെച്ച് തന്നെയാണ് സൈനികര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത് എന്ന് ഉറപ്പാണ്.

ഹിസ്ബുള്ള തീവ്രവാദികളുടെ കൈവശം ഉണ്ടായിരുന്ന ഒരു മാപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകള്‍ കീഴടക്കാനുള്ള അവരുടെ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിച്ചു. ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇസ്രയേലിന്റെ സൈനിക പോസ്റ്റുകളും മറ്റ് സുപ്രധാന കേന്ദ്രങ്ങളും ആക്രമിച്ച് കീഴടക്കാനുള്ള പദ്ധതിയാണ് ഈ രേഖകളില്‍ നിന്ന് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിച്ച അതേ രീതിയില്‍ ആക്രമണം നടത്താന്‍ ഹിസ്ബുളള തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇറാനിലെ പരമോന്നത നേതാവായ അയത്തൊളള ലി ഖൈമേനി ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. ആക്രമണത്തെ നീതീകരിക്കാവുന്ന നടപടി എന്നാണ് ഖമേനി വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം തെക്കന്‍ ലബനനിലെ ഒരു ഗ്രാമത്തില്‍ 80 അടി താഴ്ചയുളള തുരങ്കം കണ്ടെത്തിയിരുന്നു.

വന്‍ തോതില്‍ റോക്കറ്റ് ലോഞ്ചറുകളും ആയുധ സന്നാഹങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ലബനനില്‍ ഹിസ്ബുള്ള തീര്‍ത്ത തുരങ്കങ്ങള്‍ പലതും നൂറ് കണക്കിന് കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ളവ ആയിരുന്നു എന്നത് ഇസ്രേയലിനെ അമ്പരപ്പിച്ചിരുന്നു. ഒരു തുരങ്കം നിര്‍മ്മിക്കാന്‍ 86 വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ നിര്‍മ്മാണ വസ്തുക്കളാണ് ആവശ്യമുള്ളത്. 350 ട്രക്കുകള്‍ നിറയെ നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ ഒരു തുരങ്കം നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.

ഹമാസ് ഭീകരര്‍ 1990കളിലാണ് തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത് എങ്കില്‍ ഹിസ്ബുള്ള ആകട്ടെ 2006 ല്‍ ഇസ്രയേലുമായി യുദ്ധം തുടങ്ങിയതിന് ശേഷമാണ് തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ഇരു ഭീകരസംഘടനകളും തമ്മില്‍ തുരങ്കം നിര്‍മ്മിക്കുന്നത് സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറിയിരിക്കാനും സാധ്യതയുണ്ട്.

Tags:    

Similar News