വില കൂടിയ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ ധരിക്കുന്ന മക്കള്‍; പുലര്‍ച്ചെ വീട് അടുക്കിപ്പറക്കുന്നതും ദൃശ്യങ്ങളില്‍; ഭൂഗര്‍ഭ തുരങ്കത്തില്‍ അത്യാഡംബര വീട്; ഉഗ്രന്‍ ഹാളും ഫര്‍ണിച്ചറുകളും അടക്കം എല്ലാ സുഖസൗകര്യങ്ങളും; ഒടുവില്‍ ഒറ്റവെടി; യാഹ്യാ സിന്‍വറേയും ഒളിയിടവും ഇസ്രയേല്‍ തകര്‍ത്ത കഥ

Update: 2024-10-20 04:06 GMT

ജെറുസലേം: ഹമാസ് തലവന്‍ യാഹ്യാ സിന്‍വര്‍ ഒളിച്ചിരുന്ന രഹസ്യ തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍ സൈന്യം. അത്യാവശ്യം ആഡംബരങ്ങളോടെയാണ് ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നത് എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്ന് കയറി ആയിരത്തിലധികം പേരെ കൂട്ടക്കൊല നടത്തുകയും നിരവധി പേരെ ബന്ധികളാക്കുകയും ചെയ്ത് സംഭവത്തിലെ മുഖ്യ സൂത്രധാരനാണ് ഗാസയിലെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന യാഹ്യാ സിന്‍വര്‍. ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയവരില്‍ നൂറിലധികം പേര്‍ ഇപ്പോഴും ബന്ദികളായി തുടരുകയാണ്.

ടെല്‍ അല്‍ സുല്‍ത്താന്‍ മേഖലയിലാണ് യാഹ്യാ സിന്‍വര്‍ ഒളിച്ചിരുന്ന തുരങ്കം സ്ഥിതി ചെയ്യുന്നത്. തുരങ്കത്തിനുള്ളിലെ ഇയാളുടെ മുറിയില്‍ മികച്ച ഫര്‍ണിച്ചറുകളാണ് കാണാന്‍ കഴിഞ്ഞത്. വലിയ സെറ്റിയും ഒരു ടെലിവിഷനും മുറിയിലുണ്ട്. ചുവരില്‍ ഫാനും ക്ലോക്കും കാണാം. അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് ധാരാളം കസേരകള്‍ നിരത്തിയിട്ടിരിക്കുന്ന മറ്റൊരു ഹാളാണ്. ഇവിടെ തുണികള്‍ കഴുകി വിരിച്ചിരിക്കുകയാണ്. ഹമാസിന്റെ ഒരു പതാകയും ഇവിടെയുണ്ട്. സിന്‍വറിന്റെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ഇപ്പോള്‍ ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇതില്‍ യാഹ്യാ സിന്‍വര്‍ മക്കളുമൊത്ത് മുറിയിലേക്ക് വലിയ വാട്ടര്‍ ബോട്ടിലുകളും ബാഗുകളും ഫര്‍ണിച്ചറും കൊണ്ട് വരുന്നത് കാണാം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നതിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങളാണ് ഇവ എന്നാണ് കരുതപ്പെടുന്നത്. ഒക്ടോബര്‍ ആറാം തീയതി രാത്രി 10.44 മുതല്‍ സിന്‍വര്‍ പല പ്രാവശ്യം ഈ തുരങ്കത്തിലൂടെ കടന്ന് പോകുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. ഇയാളുടെ മക്കള്‍ വില കൂടിയ ബ്രാന്‍ഡഡ് ഷര്‍ട്ടുകളാണ് ധരിച്ചിരിക്കുന്നത്. അവരുടെ തോളില്‍ വലിയ ബാഗുകളും കാണാം.

ഇവരുടെ തൊട്ട് പിന്നില്‍ യാഹ്യാ സിന്‍വറിനേയും ഒരു ഹിജാബ് ധരിച്ച സ്ത്രീയേയും കാണാം. യാഹ്യാ സിന്‍വര്‍ തുടര്‍ന്ന് കൂടുതല്‍ ബാഗുകളുമായി എത്തുന്നതും കാണാം. മണിക്കൂറുകളോളം യാഹ്യാ സിന്‍വറും കുടുംബവും സാധനങ്ങള്‍ ഇവിടേക്ക് എത്തിച്ചതായിട്ടാണ് മനസിലാക്കാന്‍ കഴിയുന്നത്. പുലര്‍ച്ചെ 1.32 വരെ ഇവര്‍ വീട് അടുക്കിപ്പറക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാം. വ്യാഴാഴ്ചയാണ് യാഹ്യാ സിന്‍വറിനെ ഇസ്രയേല്‍ സൈന്യം വധിച്ചത്. തലയ്ക്ക് വെടിയേറ്റാണ് സിന്‍വര്‍ കൊല്ലപ്പെട്ടത്. ഇയാളെ വെടിവെച്ച സൈനികന്‍ ആരാണെന്ന് ഇസ്രയേല്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ഇസ്രയേല്‍ സൈന്യം ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയതോടെയാണ് സിന്‍വറിനും സംഘത്തിനും നില്‍ക്കക്കള്ളിയില്ലാതായത്. സിന്‍വറിന്റെ മൃതദേഹം ഇപ്പോള്‍ ഇസ്രയേലിന്റെ കൈവശമാണുള്ളത്. നേരത്തേ ഹമാസിന്റെ തലവന്‍ ആയിരുന്ന ഇസ്മയില്‍ ഹനിയയുടെ വധത്തെ തുടര്‍ന്നാണ് യാഹ്യാ സിന്‍വറിനെ ഭീകരസംഘടനയുടെ മേധാവിയാക്കുന്നത്. യാഹ്യാ സിന്‍വറിന്റെ പിന്‍ഗാമിയെ ഹമാസ് നേതൃത്വം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Similar News