നിരവധി നൈജീരിയക്കാരെയും ഘാനാ സ്വദേശികളെയും നാടുകടത്തി ബ്രിട്ടന്‍; ഡീഗോ ഗാര്‍ഷ്യ മൗറീഷ്യസിന് കൈമാറുന്ന കരാര്‍ നിലവില്‍ വരുന്നതിന് മുന്‍പ് അവിടെയുള്ള അഭയാര്‍ത്ഥികളെ സെയിന്റ് ഹെലെനയിലേക്ക് മാറ്റും; സെയിന്റ് ഹെലെനയിലേക്ക് പോകുന്നവരില്‍ തമിഴ് വംശജരും

Update: 2024-10-20 04:20 GMT

ലണ്ടന്‍: ഒരു വിമാനത്തില്‍ റെക്കോര്‍ഡ് എണ്ണം അഭയാര്‍ത്ഥികളെയാണ് സ്വന്തം നാടുകളിലേക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരിച്ചയച്ചത്. 44 പേരെ നിര്‍ബന്ധപൂര്‍വ്വം നാടുകടത്തുകയായിരുന്നു എന്ന് ബ്രിട്ടണിലെ ഹോം ഓഫീസ് സ്ഥിരീകരിച്ചു.

ഷാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്ന കരാര്‍ നടപ്പില്‍ വരുന്നതിന് മുന്‍പായി ഡീഗോ ഗാര്‍ഷ്യയിലെത്തുന്ന അഭയാര്‍ത്ഥികളെ ബ്രിട്ടീഷ് ടെറിടറിയായ സെയിന്റ് ഹെലെനയിലേക്ക് മാറ്റും എന്ന വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെയാണ് ഈ വാര്‍ത്തയും വരുന്നത്. ഭൂമിയിലെ തന്നെ, വന്‍കരകളില്‍ നിന്നും ഏറ്റവും വിദൂരത്ത് സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്ളില്‍ ഒന്നായാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സെയിന്റ് ഹെലെന്‍ കണക്കാക്കപ്പെടുന്നത്.

ഷാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്ന കരാറില്‍ അടുത്ത വര്‍ഷം ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്. അതിനിടയിലാണ് 2021 മുതല്‍ ഡീഗോ ഗാര്‍ഷ്യയില്‍ അകപ്പെട്ട 60 ഓളം തമിഴ് വംശജര്‍ തങ്ങള്‍ നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടവരാണെന്ന് കാട്ടി നിയമനടപടികള്‍ക്ക് മുതിര്‍ന്നത്. ഇവരുടെ പരാതിയില്‍ വിധി ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറു യാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നവരുടെ അത്രയൊന്നുമില്ലെങ്കിലും, 2021 മുതല്‍ ഡിഗോഗാര്‍ഷ്യയിലേക്ക് വരുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദെധനവ് ഉണ്ടായിട്ടുണ്ട്.

കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഒരു പ്രധാന ഭാഗമായിരുന്നു നൈജീരിയക്കാരെയും ഘാനാക്കാരെയും തിരിച്ചയച്ച നടപടി എന്നായിരുന്നു ഹോം ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.ജൂലായ് മാസത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 3600 പേരെ സ്വന്തം നാടുകളിലേക്ക് മടക്കി അയച്ചിട്ടുണ്ട്.ഇതില്‍ 200 ബ്രസീലിയന്‍ പൗരന്മാരും 46 വിയറ്‌നാം പൗരന്മാരും ഉള്‍പ്പെടും. അതുകൂടാതെ അല്‍ബേനിയ, ലിത്വാനിയ, റൊമാനിയ എന്നിവിടങ്ങളിലേക്കും അഭയാര്‍ത്ഥികളെ തിരിച്ചയച്ചിട്ടുണ്ട്.

എന്നാല്‍, നൈജീരിയയിലേക്കും ഘാനയിലേക്കും അഭയാര്‍ത്ഥികളെ മടക്കി അയയ്ക്കുന്നത് വിരളമാണ്. 2020 ന് ശേഷം നാല് തവണ മാത്രമാണ് അഭയാര്‍ത്ഥികളുമായി വിമാനങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് പറന്നത്. എന്നാല്‍, ഈ വിമാനങ്ങളില്‍ ആളുകള്‍ കുറവായിരുന്നു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ സൂചിപ്പിക്കുന്നത്.

ആദ്യ വിമാനത്തില്‍ ആറു പേര്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ രണ്ടാമത്തേതില്‍ ഏഴും, മൂന്നാമത്തേതില്‍ 16 ഉം നാലമത്തേതില്‍ 21 ഉം പേര്‍ മാത്രമാണ് തിരികെ സ്വന്തം നാടുകളിലേക്ക് പോയത്. ഇതിന്റെ ഇരട്ടിയിലധികം പേരെയാണ് വെള്ളിയാഴ്ച ഒരൊറ്റ വിമാനത്തില്‍ നാടുകടത്തിയത്.

Similar News