2024 ല്‍ ബ്രിട്ടനിലേക്ക് നിയമപരമായി കുടിയേറിയത് പത്ത് ലക്ഷം പേര്‍; കുടിയേറുന്നവരില്‍ 95 ശതമാനവും നിയമപരമായി കുടിയേറുന്നവര്‍; അനധികൃത കുടിയേറ്റം ചൂടേറിയ ചര്‍ച്ചാവിഷയമാകുമ്പോള്‍, നിയമപരമായ കുടിയേറ്റവും ചര്‍ച്ചയാക്കി മാധ്യമങ്ങള്‍

2024 ല്‍ ബ്രിട്ടനിലേക്ക് നിയമപരമായി കുടിയേറിയത് പത്ത് ലക്ഷം പേര്‍

Update: 2025-09-11 02:01 GMT

ലണ്ടന്‍: അടുത്ത കാലത്തായി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന ഒന്നാണ് അനധികൃത കുടിയേറ്റം. ചെറു യാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നവരെ തടയാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വരെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരില്‍ കേവലം 5 ശതമാനം പേര്‍ മാത്രമാണ് അനധികൃതമായി എത്തുന്നത് എന്നതാണ് വാസ്തവം. ബാക്കി 95 ശതമാനവും ഇവിടെയെത്തുന്നത് നിയമപരമായി തന്നെയാണ്.

2024 ല്‍ ഏകദേശം 10 ലക്ഷത്തോളം പേര്‍ യു കെയിലെക്ക് നിയമപരമായി കുടിയേറിയപ്പോള്‍, അനധികൃതമായി എത്തിയത് 44,000 പേര്‍ മാത്രമായിരുന്നു എന്ന് ഹോം ഓഫീസ് രേഖകള്‍ പറയുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒ എന്‍ എസ്) പറയുന്നത് ബ്രിട്ടനില്‍ അടുത്തിടെ ഉണ്ടായ ജനസംഖ്യാ വര്‍ദ്ധനവില്‍ 98 ശതമാനവും സംഭാവന ചെയ്തത് കുടിയേറ്റമാണെന്നാണ്. ഇവരൊന്നും, ഡിറ്റന്‍ഷന്‍ സെന്ററുകളിലോ, അസൈലം ഹോട്ടലുകളിലോ താമസിക്കുന്നവരല്ല,. സോഷ്യല്‍ കെയര്‍, എന്‍ എച്ച് എസ് എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ, ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവരോ ആണ്.

നിയമപരമായ കുടിയേറ്റം കേവലം ജനസംഖ്യ വര്‍ദ്ധിപ്പിച്ചു എന്നതിനപ്പുറം കാതലായ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. 2010 കളില്‍ യു കെയിലേക്ക് പ്രതിവര്‍ഷം എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ശരാശരി 7.5 ലക്ഷമായിരുന്നെങ്കില്‍, 2020 ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് 75 ശതമാനം വര്‍ദ്ധിച്ചു. യൂറോപ്യന്‍ യൂണിയന് പൂറത്തുള്ള രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ എത്താന്‍ കാരണം സ്പെഷ്യലിസ്റ്റ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ആരംഭിച്ചതായിരുന്നു. അതുപോലെ, ജോലിക്കും പഠനത്തിനും വരുന്നവര്‍ തങ്ങളുടെ ആശ്രിതരെ കൂടി കൊണ്ടുവരുന്നതും എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കി.

ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയും, ആശ്രിതരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമവും എടുത്തു കളഞ്ഞതോടെ 2024 ല്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവ് വന്നു. 2024 ല്‍ 9,48,000 കുടിയേറ്റക്കാരാണ് നിയമവിധേയമായി യു കെയില്‍ എത്തിയത്. എന്നിരുന്നാലും 2012 മുതല്‍ 2019 വരെയുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 26 ശതമാനം കൂടുതലാണ്. 2010 കളില്‍ യു കെയിലേക്ക് കുടിയേറിയവരില്‍ പകുതിയിലധികം പേരും യൂറോപ്യന്‍ യൂണിയനില്‍ നിന്നും വരുന്നവരും, 10 ശതമാനം പേര്‍ ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന ബ്രിട്ടീഷുകാരും ആയിരുന്നെങ്കില്‍, 2024 ല്‍ ഇവിടെയെത്തിയ കുടിയേറ്റക്കാരില്‍ പത്തില്‍ എട്ട് പേരും യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ ആയിരുന്നു.

തൊഴിലിനും പഠനത്തിനുമായാണ് പ്രധാനമായും ബ്രിട്ടനിലേക്ക് ആളുകള്‍ കുടിയേറുന്നത്. ആശ്രിതരേ കൂടെക്കൊണ്ടു വരുന്നത് നിയന്ത്രിച്ചതോടെ ഈ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇപ്പോള്‍, ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ വരുന്ന യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യം ഇന്ത്യയാണ്. പാകിസ്ഥാന്‍, ചൈന, നൈജീരിയ, യുക്രെയിന്‍ എന്നിവ ഇന്ത്യയ്ക്ക് പുറകിലായുണ്ട്. ഇതില്‍ ചൈനാക്കാരും ഇന്ത്യാക്കാരും കൂടുതലായി എത്തുന്നത് പഠനത്തിനാണെങ്കില്‍, പാകിസ്ഥാന്‍കാരും, നൈജീരിയക്കാരും കൂടുതലായി ജോലിക്ക് വരുന്നവരാണ്.

Tags:    

Similar News