ഗാസയില്‍ ബന്ദികളായ ഇസ്രയേല്‍ പൗരരുടെ കാര്യത്തിലുള്ള പ്രതീക്ഷ അവസാനിച്ചു; നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം; രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി; തിരിച്ചടിയ്ക്കാന്‍ അറബ്- ഇസ്ലാമിക് ഉച്ചകോടി; ഖത്തര്‍ നിര്‍ണ്ണായക നീക്കങ്ങളില്‍
ദോഹ: ഖത്തറിന്റെ പരമാധികാരത്തിനു പ്രഹരമേല്‍പ്പിച്ച് ദോഹയില്‍ ഇസ്രയേല്‍ ഹമാസിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ ആക്രമണത്തെ രാഷ്ട്രഭീകരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിശക്തമായ മുന്നറിയിപ്പാണ് ഖത്തര്‍ നല്‍കുന്നത്. അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയും ഖത്തര്‍ വിളിച്ചിട്ടുണ്ട്. നിര്‍ണ്ണായകമായ തീരുമാനം ഉണ്ടാകും. അതിനിടെയാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയെന്നും ഷെയ്ഖ് അല്‍ താനി വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച ഇസ്രയേലി നേതാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഎന്‍എന്നിലെ ബെക്കി ആന്‍ഡേഴ്‌സണുമായുള്ള അഭിമുഖത്തിലാണ് ഷെയ്ഖ് അല്‍ താനി ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തര്‍ സജീവമാകുന്നത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തോട് ഏതുരീതിയില്‍ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനെ പ്രാദേശികതലത്തില്‍ ഒന്നിച്ച് തിരിച്ചടി നല്‍കണമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'മേഖലയിലെ മറ്റു പങ്കാളികളുമായി ഇസ്രയേല്‍ ആക്രമണ വിഷയം ചര്‍ച്ച ചെയ്തു വരുകയാണ്'അല്‍ താനി പറഞ്ഞു. 'ഈ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് എത്രത്തോളം രോഷാകുലരാണെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു. ഗാസയിലെ ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇസ്രയേല്‍ പൗരരുടെ കാര്യത്തിലുള്ള പ്രതീക്ഷയും അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള പുതിയ വെടിനിര്‍ത്തല്‍-ബന്ദി കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, ഹമാസിന്റെ മുഖ്യ മധ്യസ്ഥന്‍ ഖലീല്‍ അല്‍-ഹയ്യയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടക്കാനിരുന്ന അടുത്ത യോഗത്തില്‍ ഹമാസിന്റെ മറുപടി പ്രതീക്ഷിച്ചിരുന്ന ഖത്തറിനെ ഇസ്രയേല്‍ ആക്രമിക്കുകയായിരുന്നു. ഈ വര്‍ഷം ജൂണില്‍, മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമായ അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയപ്പോള്‍, അത് അമേരിക്കയ്ക്ക് വേണ്ടിയേറ്റ പ്രഹരമായാണ് ഖത്തര്‍ കണക്കാക്കിയിരുന്നത്. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയാണിതെന്നാണ് ടെഹ്‌റാന്‍ പറഞ്ഞത്. ദോഹ ശക്തമായ അപലപനം നടത്തിയതല്ലാതെ കാര്യമായൊന്നും ചെയ്തില്ല. പക്ഷേ ഇസ്രയേല്‍ ആക്രമണത്തെ ഗൗരവത്തില്‍ തന്നെ ഖത്തര്‍ എടുക്കുന്നുണ്ട്.
ഖത്തറില്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഖത്തര്‍ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തില്‍ തൊട്ടുകളിക്കേണ്ടെന്ന് ഖത്തര്‍ വ്യക്തമാക്കി. നെതന്യാഹുവിന്റെ പ്രസ്താവന ലോകം തള്ളിക്കളയണമെന്നും രാജ്യം ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ ഖത്തറില്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് അതിശക്തമായ ഭാഷയിലാണ് ഖത്തര്‍ പ്രതികരിച്ചത്. പ്രസ്താവന രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും ഹമാസിന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നത് നെതന്യാഹുവിന് അറിയാത്ത കാര്യമാണോ എന്നും ഖത്തര്‍ ചോദിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റേതായിരുന്നു ഈ പ്രസ്താവന.
ദോഹയില്‍ നടത്തിയ ഭീരുത്വപൂര്‍ണമായ ആക്രമണത്തെ ന്യായീകരിക്കാനാണ് ഇസ്രായേലിന്റെ ശ്രമമെന്ന് ഖത്തര്‍ വിലയിരുത്തുന്നു. യുഎസിന്റെയും ഇസ്രായേലിന്റെയും അഭ്യര്‍ഥന പ്രകാരം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ദോഹയിലെ ഹമാസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇത് നെതന്യാഹുവിന് അറിയാത്ത കാര്യമല്ല. യുഎസ്, ഇസ്രായേലി സംഘത്തിന്റെ സാന്നിധ്യത്തില്‍ സുതാര്യമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതിന് അന്താരാഷ്ട്ര പിന്തുണയുമുണ്ട്. ഖത്തര്‍ ഹമാസ് സംഘത്തിന് രഹസ്യ ഇടം കൊടുത്തെന്ന നെതന്യാഹുവിന്റെ പ്രസ്താവന ആക്രമണത്തെ ന്യായീകരിക്കാനാണെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഭീകരത പറയുന്ന ഒരാളില്‍ നിന്ന് ഇത്തരം വാക്കുകള്‍ വരുന്നതില്‍ അത്ഭുതമില്ല. ദിനംപ്രതി ഉപരോധങ്ങള്‍ക്കു മുമ്പിലാണ് അദ്ദേഹം. ആഗോളതലത്തില്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. നെതന്യാഹുവിനെ അന്താരാഷ്ട്ര തലത്തില്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും. മേഖലയിലെ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് അതിനുള്ള ശ്രമം നടക്കുകയാണ്. ഇക്കാര്യത്തില്‍ ഖത്തറിന് അന്താരാഷ്ട്ര പിന്തുണയുണ്ട്. ഇസ്ലാമോഫോബിയയും വിദ്വേഷവും നിറഞ്ഞ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ലോകം തള്ളിക്കളയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.