സാധ്യതകള്‍ അനന്തമാണ്... നടന്നു കൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളിലൂടെ ഞങ്ങളുടെ ക്രൂഡ് ഓയിലിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും എല്‍എന്‍ജിയ്ക്കും ഇന്ത്യന്‍ വിപണി തുറക്കാന്‍ പൂര്‍ണമായി ഉദ്ദേശിക്കുന്നു; ചൈനയുമായി മോദി അടുക്കുകയും അരുത്; അമേരിക്കന്‍ അജണ്ട വ്യക്തം; സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങുമോ? പ്രശ്‌നം യുക്രെയിനല്ല!

Update: 2025-09-12 05:08 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ മേല്‍ അമേരിക്ക നടത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നിലെ തന്ത്രം പുറത്ത്. അമേരിക്കന്‍ ക്രൂഡ് ഓയിലിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കുമായി ഇന്ത്യ തങ്ങളുടെ വിപണി തുറക്കണമെന്ന ആഗ്രഹം യുഎസിനുണ്ടെന്ന് ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായ സെര്‍ജിയോ ഗോര്‍ വിശദീകരിക്കുകയാണ്. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഡൊണാള്‍ഡ് ട്രംപ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍, എല്‍എന്‍ജി എന്നിവയ്ക്കായി ഇന്ത്യന്‍ വിപണി തുറക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സെര്‍ജിയോ ഗോര്‍ പറഞ്ഞു. റഷ്യയെക്കാള്‍ വിലക്കുറവില്‍ ഇത് നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനൊപ്പം ചൈനയുമായി ഇന്ത്യ അടുക്കുന്നതും അമേരിക്ക ആഗ്രഹിക്കുന്നില്ല. ഇതിന് ഇന്ത്യ വഴങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം.

'സാധ്യതകള്‍ അനന്തമാണ്... നടന്നുകൊണ്ടിരിക്കുന്ന ഈ വ്യാപാര ചര്‍ച്ചകളിലൂടെ ഞങ്ങളുടെ ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍, എല്‍എന്‍ജി എന്നിവയ്ക്കായി ഇന്ത്യന്‍ വിപണി തുറക്കാന്‍ ഞങ്ങള്‍ പൂര്‍ണമായി ഉദ്ദേശിക്കുന്നു. ആ വിപണികളിലേക്ക് വ്യാപിക്കാന്‍ ഞങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങളുണ്ട്. അത് ചെയ്യാന്‍ ഞങ്ങള്‍ പൂര്‍ണമായും ഉദ്ദേശിക്കുന്നുണ്ട്', ഗോര്‍ പറഞ്ഞു. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അതിവിശ്വസ്തനാണ് ഗോര്‍. ഇന്ത്യയെ അമേരിക്കയുമായി അടുപ്പിക്കുകയെന്നതാണ് ഗോറിനെ ഇന്ത്യയിലേക്ക് നിയോഗിച്ചതിലൂടെ ട്രംപും ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഇന്ത്യയോടുള്ള സമീപനത്തില്‍ വരും ദിനങ്ങളില്‍ ട്രംപ് മാറ്റം വരുത്താന്‍ ഇടയുണ്ട്. വ്യാപാര കരാറിലെ ചര്‍ച്ച ഇതിന് വഴിയൊരുക്കുമെന്നാണ് സൂചന. അതായത് യുക്രെയിന്‍ യുദ്ധമല്ല. ഇന്ത്യന്‍ വിപണിയാണ് അമേരിക്കയുടെ പ്രശ്‌നമെന്ന് സാരം. റഷ്യയില്‍ നിന്നും എണ്ണ വാങ്ങി യുക്രെയിന്‍ യുദ്ധത്തെ ഇന്ത്യ സഹായിക്കുന്നുവെന്ന കുറ്റപ്പെടുത്തലോടെയാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിലെ പൊള്ളത്തരവും പുതിയ ഗോര്‍ പ്രസ്താവനയിലൂടെ ഉയരുകയാണ്.

വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിന് ഗാഢ സൗഹൃദമുണ്ടെന്നും ഗോര്‍ അറിയിച്ചു. ഇന്ത്യയെ വിമര്‍ശിക്കുമ്പോഴും മോദിയെ ട്രംപ് പ്രത്യേകമായി അഭിനന്ദിക്കാറുണ്ട്. ഇന്ത്യയെ ചൈനയില്‍നിന്ന് അകറ്റുന്ന രീതിയില്‍ ബന്ധം ഉറപ്പിക്കാന്‍ യുഎസ് തയ്യാറാണെന്ന സൂചനയും അദ്ദേഹം നല്‍കി. ഇന്ത്യയും ചൈനയും പങ്കിടുന്ന ബന്ധത്തെക്കാള്‍ വളരെ ഊഷ്മളമാണ് യുഎസ്-ഇന്ത്യ ബന്ധം. ഇന്ത്യയെ ചൈനയുടെ പക്ഷത്തുനിന്ന് മാറ്റി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുന്നത് തങ്ങളുടെ ഒരു പ്രധാന മുന്‍ഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഗോര്‍ നടത്തിയ പ്രസ്താവനകളെ പ്രതീക്ഷയോടെ ഇന്ത്യയും കാണുന്നുണ്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിന് മന്ത്രി പീയൂഷ് ഗോയല്‍ പോകുമെന്നും സൂചനയുണ്ട്. അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ്ണമായും വഴങ്ങില്ലെന്നാണ് സൂചന.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായക വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലാണെന്നും, ചര്‍ച്ചകള്‍ ഇപ്പോള്‍ 'സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക്' കടന്നിരിക്കുകയാണെന്നും സര്‍ജിയോ ഗോര്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിവിശ്വസ്തനാണ് ഗോര്‍. ഇന്ത്യ അമേരിക്കയുടെ ഒരു 'തന്ത്രപ്രധാന പങ്കാളി'യാണെന്ന് ഗോര്‍ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ, വ്യാപാരം, പൊതുവായ മൂല്യങ്ങള്‍ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ വിശദീകരിച്ചിരുന്നു.

യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടം 2025 നവംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. 2025 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ പ്രസിഡന്റ് ട്രംപും ചേര്‍ന്ന് ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒരു നല്ല കരാര്‍ എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലുള്ള വെല്ലുവിളികള്‍ക്കിടയിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിച്ച് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളാണ് ഈ സംഭവവികാസങ്ങള്‍ എടുത്തു കാണിക്കുന്നത്.

ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണല്‍ ഡയറക്ടറുമായ സെര്‍ജിയോ ഗോറിനെ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ അംബാസഡറായി നിമയിച്ചതിന് പിന്നില്‍ പല ചര്‍ച്ചകളും നടന്നിരുന്നു. ദക്ഷിണ-മധ്യേഷ്യന്‍ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെര്‍ജിയോ ഗോര്‍ പ്രവര്‍ത്തിക്കും. ഗോര്‍ തന്റെ 'പ്രിയ സുഹൃത്തും' ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗോറിന്റെ നിയമനം നിര്‍ണായകമാണെന്നും വിലയിരുത്തലുകള്‍ എത്തിയിരുന്നു.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റില്‍ 1986 നവംബര്‍ 30-നാണ് സെര്‍ജിയോ ഗൊറോഖോവ്‌സ്‌കി എന്ന സെര്‍ജിയോ ഗോര്‍ ജനിച്ചത്. പഠനം യുഎസിലെ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ആയിരുന്നു. അക്കാലംതൊട്ടേ രാഷ്ട്രീയത്തില്‍ സജീവമായി. മിഷേല്‍ ബാച്ച്മാന്‍, സ്റ്റീവ് കിങ്, റാന്‍ഡി ഫോര്‍ബ്‌സ് തുടങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ വക്താവായി പ്രവര്‍ത്തിച്ചാണ് ഗോര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2013-ല്‍, സെനറ്റര്‍ റാന്‍ഡ് പോളിന്റെ രാഷ്ട്രീയകാര്യ സമിതിയായ റാന്‍ഡ്പാകിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി. വിന്നിങ് ടീം പബ്ലിഷിങ് എന്ന പ്രസാധക സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ്.

'ലെറ്റേഴ്‌സ് ടു ട്രംപ്', 'ഔര്‍ ജേര്‍ണി ടുഗെദര്‍', 'സേവ് അമേരിക്ക' തുടങ്ങിയ ട്രംപുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ ഈ സ്ഥാപനം പുറത്തിറക്കിയിട്ടുണ്ട്. 2024 നവംബറില്‍, ട്രംപ് ഗോറിനെ വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഓഫീസിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു.

Tags:    

Similar News