വിജശ്രീ ഭാവത്തിലെ മോദിയുടെ തംസപ് വൈറല്‍! റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശക്തികളുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ബ്രിക്സ് ഉച്ചകോടി; ഇന്ത്യ-ചൈന-തുര്‍ക്കി ഭരണാധികാരികള്‍ എത്തിയത് അമേരിക്കക്ക് തിരിച്ചടി; നാറ്റോ സഖ്യത്തിനെതിരെ പുട്ടിന്‍ സഖ്യമുണ്ടാക്കുന്നതായി ഭയന്ന് അമേരിക്ക
മോസ്‌കോ: റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടി നല്‍കി ബ്രിക്സ് ഉച്ചകോടി. ഇന്ത്യയുടേയും ചൈനയുടേയും തുര്‍ക്കിയുടേയും ഭരണാധികാരികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി. കസാനില്‍ നടക്കുന്ന ഉച്ചകോടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ഭരണകാലഘട്ടത്തിലെ നാഴികക്കല്ലായി മാറിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്തിലെ പ്രധാന ശക്തികള്‍ തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ സമര്‍ത്ഥമായി തകര്‍ക്കാന്‍ പുട്ടിന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഈ ഉച്ചകോടി ഏറെ സഹായകകരമായി മാറി എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രണ്ടര വര്‍ഷം മുമ്പ് റഷ്യ യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ നടക്കുന്ന ആദ്യ പ്രമുഖ ഉച്ചകോടിയാണ് മൂന്ന് ദിവസങ്ങളിലായി കസാനില്‍ നടക്കുന്നത്. യുദ്ധത്തിന്റെ പേരില്‍ റഷ്യക്ക് മേല്‍ പാശ്ചാത്യ ശക്തികള്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ റഷ്യക്ക് കഴിഞ്ഞു എന്നതും പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ശ്രമങ്ങളും പുട്ടിനെ ഏറെ ശക്തനാക്കി മാറ്റിക്കഴിഞ്ഞു. ഈ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ നോക്കി നല്‍കുന്ന തംപ്‌സപ്പില്‍ എല്ലാമുണ്ട്. വിജശശ്രീലാളിതന്റെ മുഖഭാവത്തോടെയാണ് മോദിയുടെ ആ ഫോട്ടോയിലെ നില്‍പ്പ്.
ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ ഭരണാധികാരികളായ പ്രധാന മന്ത്രി നരേന്ദ്രമോദിയും ചൈനീസ് നേതാവ് ഷിജിന്‍പിങ്ങും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് പുട്ടിന്റെ മികച്ച നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇവിടെ മറ്റൊരു പ്രധാന കാര്യം തുര്‍ക്കി നാറ്റോ സഖ്യത്തിലെ അംഗമാണ് എന്നുള്ളതാണ്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രാസും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. യുദ്ധ കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുട്ടിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ചിട്ടും യു.എന്‍ സെക്രട്ടറി ജനറല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത് റഷ്യന്‍ പ്രസിഡന്റിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട സംഭവമാണ്.
സാമ്പത്തിക മേഖലയിലെ ഉള്‍പ്പെടെ നിരവധി പരിഷ്‌ക്കാരങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യുക്രൈനുമായി നടക്കുന്ന യുദ്ധം ഉച്ചകോടിയില്‍ പുട്ടിന്റെ മുകളില്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ നില്‍ക്കുകയാണ്. പല ബ്രിക്സ് അംഗങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച ആവശ്യപ്പെടാനും സാധ്യതയുണ്ട്. 2001 ല്‍ സംഘടന നിലവില്‍ വന്നപ്പോള്‍ ബ്രിക് എന്നായിരുന്നു രാജ്യങ്ങളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് പേര് നല്‍കിയിരുന്നത്.
എന്നാല്‍ പിന്നീട് 2009ന് ശേഷം ദക്ഷിണാഫ്രിക്ക കൂടി സംഘടനയില്‍ ചേര്‍ന്നതോടെയാണ് പേര് ബ്രിക്സ് എന്നാക്കി മാറ്റിയത്. 2050 ഓടെ ഇന്ത്യയും ചൈനയും ബ്രസീലും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളാകുമെന്ന പ്രവചനം മുന്നില്‍ ഉള്ളപ്പോ്ഴാണ് റഷ്യയില്‍ ഉച്ചകോടി നടക്കുന്നത്. പ്രസ്ഥാനം തുടങ്ങിയ കാലഘട്ടത്തില്‍ ബ്രിക്സിന് അമേരിക്ക പോലെയുള്ള രാജ്യങ്ങളെ വെല്ലുവിളിക്കാനോ ഐ.എം.എഫ് പോലെയുള്ള വമ്പന്‍മാരോട് ഏറ്റുമുട്ടാനും കഴിയുമായിരുന്നില്ല.
എന്നാല്‍ ഇന്ന് അവര്‍ ജി-സെവന്‍ രാജ്യങ്ങളേക്കാള്‍ ശക്തരായി തീര്‍ന്നിരിക്കുന്നു. ലോക ജനസംഖ്യയുടെ 40 ശതമാനവും ഉള്ളത് ബ്രിക്സ് അംഗരാജ്യങ്ങളിലാണ്. യൂറോയുടെ മാതൃകയില്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കും സ്വന്തമായ കറന്‍സി വേണം എന്ന ആവശ്യവും ഉയരുകയാണ്.