അഫ്ഗാന്‍ സ്ത്രീകള്‍ സംസാരിക്കുന്നത് ഇനി മറ്റ് സ്ത്രീകളും കേള്‍ക്കരുത്; വീടിനു പുറത്ത് ശബ്ദം കേള്‍ക്കരുതെന്നതടക്കം എഴുപതോളം നിയന്ത്രങ്ങളുടെ പട്ടികയില്‍ ഒടുവിലത്തെത്തും പുറത്ത്; അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥ ഭയാനകം
അഫ്ഗാനിസ്ഥാനിലെ താലിബന്‍ ഭരണകൂടം സ്ത്രീകളോട് കാട്ടുന്ന അവഗണനയും ക്രൂരതയും എല്ലാം ലോകത്ത് ചര്‍ച്ചയാകുമ്പോഴും നിരവധി സ്ത്രീവിരുദ്ധ നടപടികളുമായി അവര്‍ വീണ്ടും മുന്നോട്ട് പോകുകയാണ്. രാജ്യത്ത് ഇനി സ്ത്രീകള്‍ സംസാരിക്കുന്നത് മറ്റ് സ്ത്രീകള്‍ കേള്‍ക്കരുത് എന്നാണ് താലിബന്റെ പുതിയ ഉത്തരവ്. സ്ത്രീകള്‍ക്ക് ഇനി രാജ്യത്ത് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത് എന്നാണ് പൊതുവേ വിലയിരുത്തപ്പടുന്നത്.
ഒരു സ്ത്രീ പ്രാര്‍ത്ഥിക്കുന്ന സമയത്ത് അവരുടെ സമീപത്ത് കൂടി കടന്ന് പോകുന്ന മറ്റൊരു സ്ത്രീക്ക് അവരുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ഇടയാകരുത് എന്നാണ് അഫ്ഗാന്‍ മന്ത്രിയായ ഖാലിദ് ഹനാഫി ഉത്തരവിട്ടിരിക്കുന്നത്. സ്ത്രീകള്‍ പാട്ട് പാടാന്‍ പാടില്ല എന്ന അഫ്ഗാന്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പല രാജ്യങ്ങളില്‍ നിന്നും പ്രതികരണം ഉയര്‍ന്ന സാഹചര്യത്തിലാണ് താലിബന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് കൂടി പുറത്തിറക്കിയിരിക്കുന്നത്.
ഇത് പോലെ ഇനിയും പല പുതിയ നിയമങ്ങളും സര്‍ക്കാര്‍ നടപ്പാക്കുമെന്നും അതിന് ദൈവം തങ്ങളെ സഹായിക്കുമെന്നും ഖാലിദ് ഹനാഫി ചൂണ്ടിക്കാട്ടി. വിലക്കുകള്‍ ലംഘിക്കുന്ന സ്ത്രീകളെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും ജയിലില്‍ അടയ്ക്കാനുമാണ് താലിബന്‍ ഉത്തരവിട്ടിരിക്കുന്നത്. 2021 ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിന് പിന്നാലെ അധികാരത്തിലെത്തിയ താലിബന്‍ സ്ത്രീകള്‍ക്കുളള എല്ലാ അവകാശങ്ങളും എടുത്തുകളയുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരെ വിവിധ വിഷയങ്ങളില്‍ എഴുപതോളം നിയന്ത്രണങ്ങളാണ് അവര്‍ കൊണ്ട് വന്നത്. സ്ത്രീകള്‍ അവരവരുടെ വീടുകളില്‍ പോലും ഉറക്കെ സംസാരിക്കാന്‍ പാടില്ലെന്ന നിയമവും ഇതില്‍ ഉള്‍പ്പെടുന്നതാണ്. മറ്റുള്ളവര്‍ക്ക് പ്രലോഭനം ഉണ്ടാകാതിരിക്കാന്‍ സ്ത്രീകള്‍ മുഖാവരണം ധരിക്കണമെന്നും ഇവര്‍ ഉത്തരവിട്ടിരിക്കുന്നു. ഭര്‍ത്താവോ അടുത്ത ബന്ധുവോ അല്ലാത്ത പുരുഷന്‍മാരോട് സംസാരിക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. വീടിന് പുറത്ത് പോകുന്ന സ്ത്രീകള്‍ മുഖാവരണം ധരിക്കണമെന്നും അടുത്ത ബന്ധുവായ പുരുഷന്റെ ഒപ്പം മാത്രമേ പുറത്ത് പോകാന്‍ പാടുള്ളൂ എന്നും താലിബന്‍ തലവന്‍ കുറേ നാള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
തങ്ങളുടെ പരാതി കേള്‍ക്കാന്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് ആരുമില്ലാത്ത അവസ്ഥയാണെന്നാണ് പല അന്തര്‍ദേശീയ വനിതാ സംഘടനകളും പരാതിപ്പെടുന്നത്. ലോകം എല്ലാ മേഖലകളിലും മുന്നേറുമ്പോള്‍ ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് അവയൊന്നും അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. താലിബന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം നിരവധി സ്ത്രീകള്‍ അഫ്ഗാനിസ്ഥാനില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ തങ്ങള്‍ അടുത്ത ബന്ധുക്കളായ സ്ത്രീകളോട് പോലും സംസാരിക്കാറില്ല എന്നാണ് ഇവിടുത്തെ പല സ്ത്രീകളും വെളിപ്പെടുത്തുന്നത്.