അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല്‍ ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും കമലാ ഹാരീസും അവസനാ വട്ടം ഒരുക്കങ്ങളിലാണ്. രണ്ട് പേരും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ചാഞ്ചാടി നില്‍ക്കുന്ന അതായത് സര്‍വ്വേകളില്‍ കൃത്യമായി ഇരുവരും ലീഡ് നേടാത്ത സംസ്ഥാനങ്ങളിലാണ്. ജോര്‍ജ്ജിയ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍, നെവാദ എന്നീ സംസ്ഥാനങ്ങളാണ് ആര്‍ക്കും പിടി തരാതെ നില്‍ക്കുന്നത്.
മിഷിഗണിലും പെന്‍സില്‍വാനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ അരിസോണയില്‍ ട്രംപ് ഒരു പോയിന്റിന് മുന്നിലാണ്. ലോവയില്‍ ആകട്ടെ ട്രംപ് കമലാഹാരിസിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലാണ്. ഇന്നലെ ജോര്‍ജ്ജിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഡൊണാള്‍ഡ് ട്രംപ് ആവേശത്തോടെ പങ്കെടുത്തു. കൂടാതെ മറ്റ് രണ്ട് റാലികളിലും അവസാന വട്ടം പ്രചാരണം എന്ന നിലയില്‍ ട്രംപ് പങ്കെടുത്തിരുന്നു. മൂന്ന് റാലികളും ആരംഭിച്ചപ്പോള്‍ അദ്ദേഹം ഒരേ ചോദ്യമാണ് ജനങ്ങളോട് ചോദിച്ചത്. നാല് വര്‍ഷം മുമ്പ് ഉണ്ടായിരുന്ന അവസ്ഥയേക്കാള്‍ ഇപ്പോള്‍ നിങ്ങള്‍ എന്തെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടോ എന്നാണ് ട്രംപിന്റെ ചോദ്യം.
ചുരുക്കത്തില്‍ താന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിഞ്ഞ് നിന്ന കഴിഞ്ഞ നാല് വര്‍ഷവും രാജ്യത്തിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് ജനങ്ങളോട് നിരന്തരമായി ട്രംപ് പറയുന്നത്. ബൈഡന്‍ ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് പറഞ്ഞ ട്രംപ് എല്ലാ യോഗങ്ങളിലും കമലാഹാരീസിനെ അങ്ങേയറ്റം കളിയാക്കുന്ന രീതിയിലാണ് പ്രസംഗിക്കുന്നത്. ജോര്‍ജ്ജിയയും ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഇവിടെ നിന്ന പരമാവധി വോട്ടുകള്‍ നേടാനാണ് മൂന്ന് യോഗങ്ങള്‍ സംഘടിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കമലാ ഹാരിസ് പ്രധാനമായും ലക്ഷ്യമിടുന്നത് യുവതലമുറയെയാണ്.
മിഷിഗണ്‍ സര്‍വ്വകലാശാലക്ക് സമീപവും കമല പ്രചാരണറാലി സംഘടിപ്പിച്ചതും ഇക്കാര്യം ലക്ഷ്യമിട്ട് തന്നെയാമ് എന്നത് ഉറപ്പാണ്. നോര്‍ത്ത് കരോലിനയിലും വിസ്‌കോണ്‍സിന്നിലും പെന്‍സില്‍വാനിയയിലും കഴിഞ്ഞ ബുധനാഴ്ച കമലാഹാരീസ് നടത്തിയ റാലികളില്‍ എല്ലാം ചെറുപ്പക്കാര്‍ക്ക് വേണ്ടിയുള്ള വ്ഗാദാനങ്ങളാണ് നടത്തിയത്. നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ തന്നെയാണ് ഇരു പക്ഷത്തേയും കുഴക്കുന്നത്. ഇത്തരം സംസ്ഥാനങ്ങളെ ബാറ്റില്‍ഗ്രൗണ്ട് സ്റ്റേററുകള്‍ എന്നും വിളിക്കപ്പെടുന്നുണ്ട്.
ഈ സംസ്ഥാനങ്ങളില്‍ 93 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ഉളളത്. അമേരിക്കന്‍ പ്രസിഡന്റാകാന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടത്. 2020 ലെ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപിന് വിജയിക്കാന്‍ കഴിഞ്ഞത്. മിഷിഗണിലും പെന്‍സില്‍വാനിയയിലും മാത്രമാണ് ജോ ബൈഡന് മികച്ച ലീഡ് നേടാന്‍ കഴിഞ്ഞത്. അരിസോണയിലും ജോര്‍ജ്ജിയയിലും ബൈഡന് ഭൂരിപക്ഷവും കുറവായിരുന്നു. മെക്സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന അരിസോണയില്‍ കുടിയേറ്റ പ്രശ്നം നിര്‍ണായക വിഷയമാണ്. കുടിയേറ്റ വിരുദ്ധ നിലപാടുള്ള ട്രംപിന് ഇവിടെ മുന്‍തൂക്കം ഉണ്ടെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. കറുത്ത വര്‍ഗ്ഗക്കാര്‍ ഏറെയുള്ള ജോര്‍ജ്ജിയയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം അട്ടിമിറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ട്രംപിന്റെ പേരില്‍ നാല് കേസുകളുണ്ട്. അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയമാണ്.
സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ക്കിടയില്‍ കലാപത്തെവരെ നേരിടാന്‍ അമേരിക്ക സജ്ജരാണ്. മുന്‍പില്ലാത്തവണ്ണം വോട്ടര്‍മാരില്‍ പകുതിയോളംപേരും മുന്‍കൂര്‍ വോട്ടിങ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേര്‍ വോട്ടുചെയ്‌തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ടെക്‌സസിലെ റൗണ്ട് റോക്ക് പട്ടണത്തിലെ ഒരു ചെറിയ പ്രദേശത്തുപോലും 26,000 പേര്‍ മുന്‍കൂര്‍ വോട്ടുചെയ്തിട്ടുണ്ട്. അമേരിക്ക ഒരു വനിതാ പ്രസിഡന്റിന് സജ്ജമാണ് എന്നു പ്രസ്താവിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമലാ ഹാരിസ്. ട്രംപാകട്ടെ 'അമേരിക്കയെ വീണ്ടും മഹത്തരമാക്കു'മെന്ന പ്രഖ്യാപനവുമായി, കുടിയേറ്റത്തിനെതിരേ കര്‍ശനനിലപാടുകളോടെ കൂട്ട നാടുകടത്തലുള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നു. ഫലം പുറത്തുവരുമ്പോള്‍ മറനീക്കാന്‍ സാധ്യതയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, ഡിജിറ്റലി പ്രചരിക്കാനിടയുള്ള തെറ്റായ വിവരങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ അവയെ നേരിടാനും ഇരുപാര്‍ട്ടികളും തയ്യാറെടുക്കുന്നു.
റഷ്യയുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണങ്ങളും തെറ്റായ വിവരപ്രചാരണങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അതിജാഗ്രതയിലാണ്. പെന്‍സില്‍വേനിയയില്‍, തപാല്‍ ബാലറ്റുകള്‍ നശിപ്പിച്ചതായി കാണിക്കുന്ന ഒരു വീഡിയോ കൃത്രിമമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ അറിയിച്ചിരിന്നു -വ്യാജപ്രചാരണത്തിനുപിന്നില്‍ റഷ്യയാണെന്നാണ് പറയുന്നത്. അഭിപ്രായ വോട്ടെടുപ്പുകളും മുന്‍കൂര്‍വോട്ടിങ് തരംഗവും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആവേശത്തിലാക്കുമ്പോള്‍ ഭരണവിരുദ്ധവികാരത്തിന്റെ ആത്മവിശ്വാസത്തിലാണ് ട്രംപ് വിഭാഗം, സ്വിങ് സ്റ്റേറ്റുകളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എണ്ണത്തില്‍ കാര്യമായ വ്യത്യാസമുണ്ടെങ്കില്‍ മുന്‍വര്‍ഷത്തെപ്പോലെ അട്ടിമറി ആരോപണവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്താന്‍ സാധ്യതയുണ്ട്. റെക്കോഡ് പോളിങും ഉയര്‍ന്ന സുരക്ഷയും തീവ്രമായ വാദപ്രതിവാദങ്ങളുമുള്ളതിനാല്‍ 2024-ലെ തിരഞ്ഞെടുപ്പ് ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ സുപ്രധാനമായ ഏടാകും.