സിറിയക്ക് മേലുള്ള ഉപരോധത്തില്‍ ഇളവുമായി യു.എസ്; ഇന്ധന വില്‍പ്പന അനുവദിക്കുന്ന പൊതു ലൈസന്‍സ് അനുവദിച്ചു; മാനുഷക സഹായം ലഭ്യമാക്കുന്നതിന് തടസ്സമില്ല; സിറിയയുടെ പുതിയ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്നും അമേരിക്ക

സിറിയക്ക് മേലുള്ള ഉപരോധത്തില്‍ ഇളവുമായി യു.എസ്;

Update: 2025-01-08 04:38 GMT

ഡമസ്‌കസ്: വിമത നേതൃത്വം അധികാരം പിടിച്ചെടുത്തതോടെ സിറിയക്കുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് യു.എസ്. ഇന്ധന വില്‍പനയടക്കം അനുവദിക്കുന്ന ആറ് മാസത്തെ കാലാവധിയുള്ള പൊതു ലൈസന്‍സ് യു.എസ് ട്രഷറി സിറിയക്ക് അനുവദിച്ചു. ലോക രാജ്യങ്ങള്‍ പുതിയ സിറിയക്ക് കൂടുതല്‍ സഹായവുമായി രംഗത്തെത്തുമെന്നാണ് സൂചനകള്‍.

ബശ്ശാറുല്‍ അസദ് പുറത്തായതിന് പിന്നാലെ സിറിയക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഉപരോധങ്ങളില്‍ ഇളവ് വരുത്തിയതെന്ന് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയെമോ അറിയിച്ചു. ഉപരോധങ്ങള്‍ നീക്കുകയല്ല, മറിച്ച് മാനുഷിക സഹായം ഉള്‍പ്പെടെ ലഭ്യമാകുന്നതിന് തടസ്സമില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയുള്ള അസദിന്റെ ക്രൂരഭരണത്തിന്റെ അന്ത്യം സിറിയക്കും അവിടത്തെ ജനങ്ങള്‍ക്കും രാഷ്ട്ര പുനര്‍നിര്‍മാണത്തിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. സിറിയയുടെ പുതിയ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്നും അഡെയെമോ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സിറിയയില്‍ ഭരണം പിടിച്ചെടുത്ത ഹൈഅത്ത് തഹ്രീര്‍ അശ്ശാം (എച്ച്.ടി.എസ്) നടത്തുന്ന ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്നാണ് യു.എസ് നിലപാട് മാറ്റം വിലയിരുത്തപ്പെടുന്നത്. അതേസമയം സിറിയയുടെ ഭരണതലപ്പുള്ളവരുടെ നിലപാടുകള്‍ വിമര്‍ശനത്തിന് ഇടയാക്കുന്നതാണ്. ശരിയത്ത് നിയമപ്രകാരമാണ് വ്യഭിചാരക്കുറ്റത്തിന് ഈ സ്ത്രീകളെ വധശിക്ഷക്ക് വിധേയാക്കിയ ആളാണ് സിറിയയുടെ പുതിയ നിയമമന്ത്രി.

ഇത്തരം ശിക്ഷാവിധികള്‍ സിറിയയില്‍ ഒരുകാലത്ത് സര്‍വ്വ സാധാരണമായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ പറയുന്നത് ഇത്തരം പ്രാകൃതമായ ശിക്ഷാവിധികളൊക്കെ റദ്ദാക്കുമെന്നാണ്. എന്നാല്‍ അല്‍ വൈസി നിയമകാര്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ സിറിയയിലെ വനിതാ ജഡ്ജിമാരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണ് ചെയ്തത്.

കൂടാതെ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സംഭവവും സിറിയയും താലിബന്‍ രീതിയിലേക്ക് മാറുന്നതിന്റെ സൂചനയായി കണക്കാക്കാം. ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയായ വനിതക്ക് ഹസ്തദാനം ചെയ്യാന്‍ പുതിയ സിറിയന്‍ നേതാവായ ജൊലാനി വിസമ്മതിച്ചിരുന്നു. സിറിയയിലെ ഡമാസ്‌ക്കസില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിയായ അനലേന ബെയര്‍ബോക്ക്. അവിടെയത്തിയ സിറിയയിലെ വിമതമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അബു മുഹമ്മദ് അല്‍ ജൊലാനി അവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മിക്കുകയായിരുന്നു.

അനലേന ഒരു സ്ത്രീയായത് കൊണ്ടാണ് ജോലാനി ഇതിന് വിസമ്മതിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തൊട്ടടുത്ത് നിന്ന പുരുഷനായ ഫ്രഞ്ച് വിദേശകാര്യമന്ത്രിയായ ജീന്‍ നോയല്‍ ബാരോക്ക്് ഹസ്തദാനം ചെയ്തിരുന്നു. ഈ നടപടിയെ ജര്‍മ്മന്‍ മാധ്യമങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പല ഇസ്ലാമിക രാജ്യങ്ങളിലും സ്വന്തം കുടുംബത്തില്‍ പെട്ടവരോ അതല്ലെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രമേ മറ്റൊരാളിന്റെ ശരീരത്തില്‍ തൊടാന്‍ അനുമതിയുള്ളൂ.

അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത വിമതര്‍ രാജ്യത്ത് കൂടുതല്‍ സ്വാതന്ത്യവും സഹിഷ്ണുതയും എല്ലാം തിരികെ കൊണ്ട് വരും എന്ന് വാഗ്ദാനം ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് അവരുടെ പരമോന്നത നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിരിക്കുന്നത്. തീവ്രവാദ പശ്ചാത്തലമുളള വ്യക്തിയാണെങ്കിലും ജൊലാനി പൊതുവേ പുരോഗമന ചിന്താഗതിക്കാരനായിട്ടാണ് അറിയപ്പെടുന്നത്. അത്തരം ഒരു വ്യക്തിയില്‍ നിന്നാണ് ഈ രീതിയില്‍ ഒരു പെരുമാറ്റം ഉണ്ടായി എന്നതാണ് പലരേയും അത്ഭുതപ്പെടുത്തുന്നതാണ്.

Tags:    

Similar News