നിയോ നാസി എന്ന് വിളിച്ച് അധിക്ഷേപിച്ചു; തോല്‍പ്പിക്കാന്‍ ആളെ അയച്ചു; എലന്‍ മസ്‌കുമായി കൊമ്പുകോര്‍ത്തു; തന്നെ തീര്‍ക്കാന്‍ ഇറങ്ങിയ ബ്രിട്ടനോട് ട്രംപ് ക്ഷമിക്കുമോ? താരിഫ് ഏര്‍പ്പെടുത്തരുതെന്ന് യാചിച്ച് ബ്രിട്ടീഷ് ചാന്‍സലര്‍
ലണ്ടന്‍: ബ്രിട്ടന്റെ വളര്‍ച്ചയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ട്രേഡ് താരിഫുകള്‍ ഏര്‍പ്പെടുത്തരുതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം കൂടുതല്‍ ശക്തിയായി താന്‍ ട്രംപിന് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന വിജയത്തിന് മുന്‍പ് തന്നെ താരിഫുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഈടാക്കുന്ന ലെവിയില്‍ 10 ശതമാനം വര്‍ദ്ധനവ് വരുത്തണം എന്നായിരുന്നു ട്രംപ് പറഞ്ഞത്. ചൈനയില്‍ നിന്നുള്ള ചരക്കുകളുടെ ലെവിയില്‍ 60 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്.
ഈ കടുത്ത നിലപാട്, പുതിയ അമേരിക്കന്‍ ഭരണകൂടം ഒരു വാണിജ്യ യുദ്ധം ആരംഭിക്കുമോ എന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്, അങ്ങനെയൊന്നുണ്ടായാല്‍ അത് ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന കീര്‍ സ്റ്റാര്‍മര്‍ക്കും ഇത് ഒരു തലവേദനയായി തീരും എന്നതില്‍ സംശയമില്ല. ലേബര്‍ അണികള്‍, തെരഞ്ഞെടുപ്പ് സമയത്ത് കമലാ ഹാരിസിന്റെ പ്രചാരണത്തിന് സഹായവുമായി വന്നതും പ്രധാനമന്ത്രിയുടെ മുന്‍പില്‍ ഇപ്പോള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
ഡൊണാള്‍ഡ് ട്രംപിനെ നിയോ നാസി എന്ന് വിളിച്ച് അധിക്ഷേപിച്ച ഡേവിഡ് ലാമിയും മറ്റ് ലേബര്‍ നേതാക്കളും ക്ഷമാപണം നടത്തണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ട്രംപിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച എലന്‍ മസ്‌കുമായി നേരത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇടഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകും എന്നതും ബ്രിട്ടീഷ് സര്‍ക്കാരിന് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
അതിനിടെ, ഇന്നലെ ഉച്ചക്ക് ചേര്‍ന്ന ട്രഷറി കമ്മിറ്റിയില്‍ റേച്ചല്‍ പറഞ്ഞത്മ് ബ്രിട്ടന്‍ ഒരു നിക്ഷ്‌ക്രിയ പങ്കാളിയല്ല എന്നാണ്. ഇത് ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തിന്റെ കാര്യമാണ്. അവിടെ തങ്ങളുടെ ആശങ്കകള്‍ ശക്തമായി അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. അതിനിടയില്‍, ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 1.4 ശതമാനമായി കുറയും എന്ന് ഗോള്‍ഡ്മാന്‍ സാഷ് പ്രവചിഛ്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയും ലാമിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ട്രംപിനെ പരാമര്‍ശിച്ച് പറഞ്ഞ വാക്കുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ ടോറികളുടെ പുതിയ നേതാവ് കെമി ബേഡ്‌നോക്ക് ശക്തമായി വിമര്‍ശിച്ചു. ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കണമെന്നും പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ അദ്ദേഹത്തിന് അവസരം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡിണ്ട് ആയിരുന്ന സമയത്ത്, ബ്രിട്ടന്‍ സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്‍കരുതെന്ന് കത്തെഴുതിയ ലേബര്‍ എം പിമാരില്‍ ഡേവിഡ് ലാമിയും ഉള്‍പ്പെടും.
ഒരുകാലത്ത് ട്രംപിനെ നിയോ നാസി എന്നും മറ്റുള്ളവരുടെ വികാരം മനസ്സിലാക്കത്തവന്‍ എന്നുമൊക്കെ ട്രംപിനെ ആക്ഷേപിച്ച ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി, പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ട്രംപിനെ അനുമോദിക്കാന്‍ മറന്നില്ല. അറ്റ്‌ലാന്റിക്കിന്റെ ഇരു കരകളിലുമായി മൊട്ടിട്ട സൗഹൃദം എന്ന് ശക്തമായ ഒരു കൂട്ടുകെട്ടായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. കൂടുതല്‍ തിരിച്ചടികള്‍ ഭയന്ന് ഇപ്പോള്‍ മന്ത്രിസഭാംഗങ്ങളോട് അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് സ്റ്റാര്‍മര്‍.