ഓഫീസ് പൂട്ടാന്‍ പറഞ്ഞത് അമേരിക്കയുടെ സമ്മര്‍ദ്ദം തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്; മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തിയെന്നും പ്രചരണം; കാര്യ ഗൗരവം കൈവന്നാല്‍ തുടര്‍ന്നും ചര്‍ച്ചയ്ക്ക് ഇരിക്കാമെന്ന് മന്ത്രിയുടെ വിശദീകരണം; 'ട്രംപിസം' ഖത്തറിനെ കുഴക്കുന്നു; ഹമാസിന് ഇനി കഷ്ടകാലം തന്നെ; 2012ല്‍ തുടങ്ങിയ രാഷ്ട്രീയ അഭയം തീരുന്നുവോ?
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലുള്ള ഹമാസിന്റെ ഓഫീസ് അടച്ചുപൂട്ടാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്ന് ഖത്തര്‍ ഭരണകൂടം വ്യക്തമാക്കുമ്പോഴും ഹമാസിന് പ്രതിസന്ധി. കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരം ഹമാസിന്റെ ഓഫീസ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടതായി പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ല ഓഫീസ് പൂട്ടാന്‍ രാജ്യം തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി. തങ്ങളുടെ നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പൂര്‍ണമായും പിന്മാറിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് വിശദീകരിച്ചു. വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ 10 ദിവസം മുന്‍പ് നടന്ന ചര്‍ച്ചയില്‍ ഇരു കക്ഷികളും കരാറില്‍ എത്തിയില്ലെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു. എന്നാല്‍ കാര്യഗൗരവത്തോടെ സമീപിക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലും ഹമാസും തമ്മിലെ മധ്യസ്ഥ ശ്രമങ്ങള്‍ താല്‍കാലികമായി തടസപ്പെട്ടു നില്‍ക്കുകയാണെങ്കിലും ഇരു കക്ഷികളും ആത്മാര്‍ഥമായി സന്നദ്ധത അറിയിച്ചാല്‍ ചര്‍ച്ചകള്‍ തുടരും. മധ്യസ്ഥ ദൗത്യത്തില്‍ നിന്നു ഖത്തര്‍ പിന്‍വാങ്ങുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഖത്തര്‍ വ്യക്തത വരുത്തി രംഗത്തെത്തിയത്.
ഗാസയിലെ സാഹചര്യം അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിനുമുള്ള യഥാര്‍ത്ഥ പ്രതിബദ്ധത തെളിയിക്കപ്പെട്ടാല്‍ ഖത്തര്‍ തങ്ങളുടെ പങ്കാളികളുമായി മധ്യസ്ഥ ശ്രമങ്ങള്‍ പുനരാരംഭിക്കുമെന്നും അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ക്രിയാത്മക ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഖത്തറിന്റെ സമര്‍പ്പണത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. മധ്യസ്ഥത ബ്ലാക്ക്‌മെയിലിനും ചൂഷണത്തിനുമുള്ള ഒരു ഉപകരണമായി മാറ്റുന്നത് ഖത്തര്‍ അംഗീകരിക്കില്ലെന്നും ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രസ്താവനയില്‍ ഡോ. അല്‍ അന്‍സാരി വ്യക്തമാക്കി. ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തത് ഖത്തറിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇത് നിഴലിക്കുന്നതാണ് ഹമാസ് നയത്തില്‍ ഖത്തറിന്റെ ഓരോ പ്രസ്താവനയും.
ഹമാസുമായി ആശയവിനിമയത്തിനുള്ള കേന്ദ്രമായാണ് ദോഹയിലെ അവരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫീസ് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗാസയില്‍ താല്‍കാലിക വെടിനിര്‍ത്തലിലെത്താനും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിന് വഴിയൊരുക്കാനും ഹമാസ് ഓഫിസ് നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും കൈമാറ്റം സാധ്യമാക്കുകയും പകരം വെടിനിര്‍ത്താമെന്ന് തുടക്കത്തിലുണ്ടാക്കിയ കരാര്‍ പൊളിഞ്ഞതു മുതല്‍, മധ്യസ്ഥ ചര്‍ച്ചകളെ ദുരുപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങനെ ഒരു കാര്യത്തിനും കൃത്യമായ ഉത്തരം നല്‍കാതെയാണ് ഖത്തറിന്റെ വിശദീകരണങ്ങള്‍. ഖത്തറിലുള്ള ഹമാസ് നേതാക്കള്‍ക്ക് അത്ര പ്രതീക്ഷ നല്‍കുന്നതല്ല ഖത്തറിന്റെ ഇപ്പോഴത്തെ നിലപാട്.
2012 മുതലാണ് ഖത്തര്‍ ഹമാസ് നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി തുടങ്ങിയത്. അതിനിടെ ഗാസയില്‍ വെടിനിര്‍ത്തലിനായി നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയ കാര്യം ഖത്തര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കയേയും അവര്‍ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകള്‍ പല പ്രാവശ്യവും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖത്തര്‍ ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ദോഹയിലെ ഹമാസിന്റെ ഓഫീസ് അവരുടെ ദൗത്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതായി ഖത്തര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഓഫീസ് പൂട്ടിക്കുന്നത്. ഫലത്തില്‍ ഹമാസുകാര്‍ക്ക് ഖത്തര്‍ വിടേണ്ടി വരും.
അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളും ബന്ദികളുടെ മോചനവും എല്ലാം ഹമാസ് ഭീകരര്‍ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ഖത്തറില്‍ ഹമാസ് തീവ്രവാദ സംഘടനയുടെ സാന്നിധ്യം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് അമേരിക്ക സഖ്യകക്ഷിയായ ഖത്തറിനെ അറിയിച്ചിരുന്നു. ചര്‍ച്ചകളില്‍ ഹമാസും ഇസ്രയേലും ആത്മാര്‍ത്ഥത കാട്ടിയില്ല എന്ന് കുറ്റപ്പെടുത്തി കൊണ്ടാണ് ഖത്തര്‍ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുന്നത്. ഇതോടെ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനും ബന്ദികളെ മോചിപ്പിക്കാനും നടത്തുന്ന നീക്കങ്ങളെ ഖത്തറിന്റെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പായി.
ആത്മാര്‍ത്ഥതയോടെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇസ്രയേലും ഹമാസും തയ്യാറാക്കിടത്തോളം കാലം മധ്യസ്ഥ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നാണ് ഖത്തര്‍ ഭരണകൂടം വ്യക്തമാക്കുന്നത്. ബന്ദി മോചനവും ഗാസയിലെ വെടിനിര്‍ത്തലും എത്രയും വേഗം നടപ്പിലാക്കുന്നതിനായി അമേരിക്കയ്ക്കും ഈജിപ്തിനും ഒപ്പം ഖത്തറും മധ്യസ്ഥ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. നേരത്തേ അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ഉപാധികള്‍ കണ്ടെത്താനായി കഴിഞ്ഞ മാസവും ചര്‍ച്ചകള്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇതിനും ഫലം കണ്ടിരുന്നില്ല. ഹമാസിന്റെ പ്രമുഖരായ നേതാക്കളില്‍ പലരും ഖത്തറിലാണ് താമസിക്കുന്നത്.
ഹമാസ് തലവനായിരിക്കെ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയും ഖത്തറിലായിരുന്നു താമസിച്ചിരുന്നത്. ഇറാനില്‍ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയപ്പോഴാണ് ഹനിയ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഹനിയുടെ കുടുംബം ഇപ്പോഴും ഖത്തറിലുണ്ട്. ഇവരടക്കം ഖത്തറിന് പുറത്തേക്ക് പോകോണ്ട സാഹചര്യം പുതിയ തീരുമാനത്തോടെ ഉണ്ടാകുമെന്ന വിലയിരുത്തലും സജീവമാണ്.