ഇമ്രാന്‍ ഖാന്റെ മോചനത്തിനായി വമ്പന്‍ പ്രതിഷേധം; ലോങ് മാര്‍ച്ചുമായി പിടിഐ; റോഡുകള്‍ അടച്ചു; ഒത്തുചേരല്‍ നിരോധിച്ചു; ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍
ഇമ്രാന്‍ ഖാന്റെ മോചനത്തിനായി വമ്പന്‍ പ്രതിഷേധം
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പ്രതിഷേധം കടുപ്പിച്ചതോടെ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിഷേധം നിയന്ത്രിക്കാനാണ് സുരക്ഷാ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
ഞായറാഴ്ച നടക്കുന്ന ലോങ് മാര്‍ച്ച് പരാജയപ്പെടുത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ശനിയാഴ്ച ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകള്‍ അടച്ചു, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ഭാഗികമായി നിര്‍ത്തിവച്ചു, പൊതുഗതാഗതം നിര്‍ത്തിവച്ചു, കണ്ടെയ്നറുകള്‍ ഉപയോഗിച്ച് പ്രധാനപ്പെട്ട റോഡുകള്‍ തടഞ്ഞു, കനത്ത സുരക്ഷ വിന്യസിച്ചു.
ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പിലെ അട്ടിമറി അന്വേഷിക്കുക, തടവിലാക്കിയ പാര്‍ട്ടി സ്ഥാപകനെയും മറ്റ് നേതാക്കളെയും മോചിപ്പിക്കുക, ജുഡീഷ്യറി പുനഃസ്ഥാപിക്കുക എന്നീ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് ഇസ്ലാമാബാദിലേക്ക് ലോംഗ് മാര്‍ച്ചിന് പിടിഐ കഴിഞ്ഞ ആഴ്ചയാണ് ആഹ്വാനം ചെയ്തത്. അതിനിടെ, ഇസ്ലാമാബാദില്‍ പിടിഐ പ്രതിഷേധത്തിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് ദേശീയ തീവ്രവാദ വിരുദ്ധ അതോറിറ്റി (നാക്ട) മുന്നറിയിപ്പ് നല്‍കിയതായി എക്‌സ്പ്രസ് ന്യൂസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റിന് സമീപം ഒത്തുകൂടാനാണ് ആഹ്വാനം. തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. മൊബൈല്‍ ഫോണ്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ വന്‍ പൊലീസ് സംഘത്തെയും അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. പൊതുജീവിതം തടസ്സപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
അതിനിടെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രിയും ഇമ്രാന്‍ ഖാന്റെ സഹായിയുമായ അലി അമിന്‍ ഗണ്ഡാപൂര്‍, ഡി ചൗക്ക് എന്നറിയപ്പെടുന്ന നഗരത്തിന്റെ റെഡ് സോണിന്റെ പ്രവേശന കവാടത്തിന് സമീപം ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തു. ഈ റെഡ് സോണിലാണ് പാര്‍ലമെന്റ് കെട്ടിടം, പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എംബസികള്‍, വിദേശ ഓഫീസുകള്‍ എന്നിവയുള്ളത്. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് വരെ അവിടെ തുടരാന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ടെന്ന് അലി അമിന്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ ജയിലിലുള്ള എല്ലാ നേതാക്കളെയും മോചിപ്പിക്കുക, ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിനാല്‍ നിലവിലെ സര്‍ക്കാര്‍ രാജിവയ്ക്കുക എന്നിവയാണ് പിടിഐയുടെ പ്രധാന ആവശ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ജയിലിലാണ് ഖാന്‍. അഴിമതി മുതല്‍ അക്രമത്തിന് പ്രേരിപ്പിച്ചത് വരെ നിരവധി കേസുകള്‍ നേരിടുന്നു.