യുക്രെയിന്‍ യുദ്ധ തിരക്കിലായ റഷ്യ; ഇസ്രേയേലിനെ ഭയന്ന ഇറാനും; 2011ലെ കലാപം അടിച്ചമര്‍ത്താന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ മറ്റ് തിരക്കുകള്‍ അസദിന് തിരിച്ചടിയായി; ഇറാന്‍ എംബസിയിലെ വിമതരുടെ ആക്രമണം നല്‍കുന്നത് തങ്ങള്‍ ഏതു പക്ഷത്താണുള്ളതെന്ന സന്ദേശം; സിറിയയില്‍ ജയിലുകള്‍ ഒഴിയുമ്പോള്‍

Update: 2024-12-08 17:03 GMT

ദമാസ്‌കസ്; സിറിയയിലെ ഇറാന്‍ എംബസിയ്ക്ക് നേരെയുള്ള വിമതരുടെ ആക്രമണം നല്‍കുന്നത് തങ്ങള്‍ ഏതു പക്ഷത്താണുള്ളതെന്ന സന്ദേശം. എംബസി കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ വിമതര്‍ ഫയലുകളും രേഖകളും മറ്റു നശിപ്പിച്ചു. എംബസിയുടെ പുറം ചുവരില്‍ പതിപ്പിച്ചിരുന്ന ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖമേനി, ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, സെപ്തംബര്‍ 27 ന് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്രള്ള തുടങ്ങിയവരുടെ ചിത്രങ്ങള്‍ കീറിയെറിയുകയും ചെയ്തു. ഇതിനെ ഗൗരവത്തോടെയാണ് ഇറാന്‍ കാണുന്നത്. മറ്റൊരു എംബസിലും ആക്രമിക്കപ്പെട്ടതുമില്ല.

എംബസി ആക്രമിക്കുന്നതിനുമുമ്പ് ഇറാനിയന്‍ നയതന്ത്രജ്ഞര്‍ സ്ഥലംവിട്ടിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഖായിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമം ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. വിമതര്‍ ദമാസ്‌കസിലെത്തുന്നതിന് മുന്‍പേ തന്റെ 24 കൊല്ലത്തെ ഏകാധിപത്യഭരണം ഉപേക്ഷിച്ച് പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിമാനമാര്‍ഗ്ഗം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അസദുമായി അടുത്ത ബന്ധം ഇറാനുണ്ടായിരുന്നു. അസദ് രാജ്യം വിട്ടതിനെ തുടര്‍ന്ന് ദമാസ്‌കസിലും മറ്റ് പ്രധാനനഗരങ്ങളിലും ആഹ്‌ളാദപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും എല്ലായിടത്തും മുഴങ്ങുന്നുണ്ട്. ഇതിനിടെയാണ് ഇറാന്‍ എബസിയിലുണ്ടായ ആക്രമം.

അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ ആദ്യം ചെയ്തത് സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ദമാസ്‌കസ്, ഹമ, ആലെപ്പൊ എന്നിവടങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരെല്ലാം മോചിതരായി എന്നാണ് റിപ്പോര്‍ട്ട്. ഈ ജയിലുകളില്‍ ദമാസ്‌കസിലെ സെയ്ദ്നയ ജയില്‍ ഏറെ കുപ്രസിദ്ധമായിരുന്നു. 'മനുഷ്യ അറവുശാല' എന്നായിരുന്നു ഈ ജയിലുകളെ വിളിച്ചിരുന്നത്. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ ഭരണകൂടത്തിന്‍കീഴില്‍ ജയിലുകളില്‍ ഒരുലക്ഷത്തിലധികം പേര്‍ മരിച്ചു. വധശിക്ഷയ്ക്ക് വിധേയരാകുകയോ മറ്റേതെങ്കിലും വിധത്തില്‍ മരിക്കുകയോ ചെയ്തവരുടെ കണക്കാണിത്. ഇതില്‍ 30,000 ത്തിലധികം പേര്‍ ദമാസ്‌കസിലെ ജയിലില്‍ മാത്രം മരിച്ചു.

ദമാസ്‌കസ് ജയിലിലെ ക്രൂരതകള്‍ മനുഷ്യത്വത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. സെയ്ദ്നയയിലെ സൈനികത്തടവറയില്‍ രണ്ട് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ (ദുര്‍ഗ്ഗുണപരിഹാരകേന്ദ്രങ്ങള്‍) ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2011 ല്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുന്ന ജനങ്ങളെ അടയ്ക്കാന്‍ ചുവന്ന നിറത്തിലുള്ള കെട്ടിടവും പ്രതിഷേധസമരങ്ങളില്‍ പങ്കെടുക്കുന്ന സൈനികരെ അടയ്ക്കാനും മറ്റ് ഓഫീസുകള്‍ക്കുമായി വെള്ളനിറത്തിലുള്ള കെട്ടിടവും ദമാസ്‌കസിലെ ജയിലില്‍ സജ്ജമായിരുന്നു.

ഏകദേശം മൂന്നു പതിറ്റാണ്ടോളം സിറിയ ഭരിച്ച പിതാവ് ഹഫീസ് അല്‍ അസദിന്റെ പിന്‍ഗാമിയായി 2000 ത്തിലാണ് ബഷാര്‍ അല്‍ അസദ് അധികാരത്തില്‍ വന്നത്. ബഷാര്‍ ഭരണകൂടം തുടക്കത്തില്‍ സിറിയയില്‍ നവീകരണത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. 2011ല്‍ സിറിയയിലുണ്ടായ ആഭ്യന്തരകലാപത്തില്‍ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അറുപതു ലക്ഷത്തോളം ആളുകള്‍ അഭയാര്‍ഥികളായി, എണ്ണമറ്റ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അന്ന് ബഷാര്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയാണ് അദ്ദേഹം അതിജീവിച്ചത്.

റഷ്യന്‍ വ്യോമസേനയെയും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെയും സഹായം ബഷാര്‍ തേടി. എന്നാല്‍ ഇന്ന് യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയും ഇസ്രയേലുമായുള്ള പോരാട്ടത്തില്‍ ഇറാനും ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ട് തന്നെ അസദിന് ആരുടേയും പിന്തുണ കിട്ടിയില്ല. വിമത നേതാവ് അബു മുഹമ്മദ് അല്‍-ജൊലാനി അധികാര കൈമാറ്റത്തിനായി താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലിയെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെയര്‍ടേക്കറായി നിയമിക്കുകയും ചെയ്തു. സിറിയന്‍ ജനത തിരഞ്ഞെടുക്കുന്ന ഏതു നേതൃത്വവുമായും സഹകരിക്കാന്‍ തയാറാണെന്ന് അല്‍ ജലാലി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ഭീകരസംഘടനായ അല്‍ ഖായിദയുമായി എച്ച്ടിഎസിനുള്ള ബന്ധം, വിമതസേനയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ബഷാര്‍ ഭരണകൂടത്തിന്റെ വീഴ്ചയോടെ സിറിയയില്‍ വീണ്ടും സമാധാനം വിളയാടും എന്ന പ്രതീക്ഷിക്കാന്‍ പ്രയാസമാണ്. തീവ്രസംഘടനകളുമായി എച്ച്ടിഎസിനുള്ള ബന്ധം തന്നെയാണ് അതിനുള്ള പ്രധാനകാരണം.

Tags:    

Similar News