യുഎസില്‍ ജനിക്കുന്നവരുടെ പൗരത്വം അവസാനിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം; ജന്‍മാവകാശ പൗരത്വം റദ്ദാക്കുന്ന ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് മരവിപ്പിച്ച് യു.എസ് ജഡ്ജി; സ്ഥാനാരോഹണത്തിന് പിന്നാലെ ട്രംപിന് വന്‍ തിരിച്ചടി
യുഎസില്‍ ജനിക്കുന്നവരുടെ പൗരത്വം അവസാനിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം;
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഡൊണാള്‍ട് ട്രംപ് ഉത്തരവിട്ട പ്രധാന കാര്യങ്ങളില്‍ ഒന്ന് യു.എസിലെ ഓട്ടോമാറ്റിക് ജന്‍മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്ന നടപടിയായിരുന്നു. ജനുവരി 20ന് യു.എസ് പ്രസിഡന്റായി അധികാരമേറ്റ ഉടനെയാണ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവെച്ചത്. യു.എസിലെ ഓട്ടോമാറ്റിക് ജന്‍മാവകാശ പൗരത്വം അവസാനിപ്പിക്കുകയാണ് എന്നതായിരുന്നു ഉത്തരവുകളില്‍ ഒന്ന്.
ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി ദമ്പതികളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായിരുന്നു അത്. ഒരുപാട് കാലമായി യു.എസില്‍ സ്ഥിരതാമസവും സ്വപ്നം കണ്ട് ജോലിചെയ്യുന്നവരാണവര്‍. ഇവരെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് യുഎസ് കോടതി മരവിപ്പിച്ചു. ഭരണഘടന വിരുദ്ധമായ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ കഫ്‌നവര്‍. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനിരിക്കുകയാണ് ട്രംപ്.
യു.എസില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ലഭിക്കുന്ന പൗരത്വമാണ് ഓട്ടോമാറ്റിക് ജന്‍മാവകാശ പൗരത്വം. അവര്‍ക്ക് യു.എസിലെ മറ്റ് പൗരന്‍മാരെ പോലെ ജീവിക്കാന്‍ അവകാശം നല്‍കുന്നത് ഭരണഘടനയിലെ 14ാം ഭേദഗതിയാണ്. അതായത് യു.എസില്‍ ആര് ജനിച്ചാലും അവര്‍ക്ക് സ്വാഭാവിക പൗരത്വം ലഭിക്കും എന്നര്‍ഥം. കുഞ്ഞുങ്ങള്‍ക്ക് 21 വയസാകുന്നതോടെ അവരുടെ മാതാപിതാക്കള്‍ക്കും പൗരത്വം കിട്ടും.
എന്നാല്‍ ഇത് എടുത്തുകളയുകയാണ് ട്രംപിന്റെ ലക്ഷ്യം. മതിയായ രേഖകളില്ലാതെ യു.എസിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നവരെയാണ് ട്രംപ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇങ്ങനെ നിയമവിരുദ്ധമായി യു.എസിലെത്തുന്ന സ്ത്രീ ജന്‍മം നല്‍കുന്ന കുഞ്ഞിന് പൗരത്വത്തിന് അര്‍ഹതയുണ്ടായിരിക്കില്ല എന്നാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അര്‍ഥമാക്കുന്നത്.
ഫെബ്രുവരി 19 ഓടെ യു.എസിലെ സ്വാഭാവിക ജന്‍മാവകാശ പൗരത്വം റദ്ദാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഉത്തരവ് നടപ്പായാല്‍ പ്രതിവര്‍ഷം യു.എസില്‍ ജനിക്കുന്ന ഒന്നരലക്ഷത്തിലേറെ കുഞ്ഞുങ്ങള്‍ക്ക് യു.എസ് പൗരത്വം നഷ്ടമാകും. യു.എസില്‍ സ്ഥിരതാമസം ലഭിക്കാനുള്ള ഉപാധിയായാണ് കുഞ്ഞുങ്ങളുടെ ജന്‍മാവകാശ പൗരത്വത്തെ ഇന്ത്യന്‍ ദമ്പതികള്‍ കാണുന്നത്. ഭാവിതലമുറക്ക് മികച്ച വിദ്യാഭ്യാസം, ജോലി, ചികിത്സ എന്നിവ മുന്നില്‍ കണ്ടാണ് പലരും യു.എസിലേക്ക് വിമാനം കയറുന്നത്.