ന്യൂ ഓര്‍ലിയന്‍സില്‍ 15 പേരുടെ ജീവന്‍ എടുത്ത് ഷംസുദീന്‍ ജബ്ബാര്‍ ആരാണ്? എങ്ങനെയാണു പട്ടാളത്തില്‍ നിന്ന് പുറത്തായത്? ട്രക്ക് ഓടിച്ച് ആളെ കൊല്ലാന്‍ പദ്ധതിയിട്ടത് എങ്ങനെ? ഭീകരാക്രമണ നായകന്റെ ജീവിത കഥ
അമേരിക്കയിലെ ന്യൂ ഒര്‍ലിയന്‍സില്‍ പുതുവല്‍സര ദിനത്തില്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്. 15 പേര്‍ മരിച്ചു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആള്‍ക്കൂട്ടത്തിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. പിന്നീട് ഇയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 35ാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
പുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ ഉന്നം വെച്ച് കരുതിക്കൂട്ടി നടത്തിയ തീവ്രവാദി ആക്രമണമാണിതെന്ന് പോലീസ് പറയുന്നു. അക്രമിയുടെ പേരും വിശദാംശങ്ങളും എല്ലാം ഇപ്പോള്‍ പുറത്ത്്് വന്നിട്ടുണ്ട്. 42 കാരനായ ഷംസുദീന്‍ ജബ്ബാറാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ പോലീസ് ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. പുതുവല്‍സരാഘോഷം നടത്തുകയായിരുന്ന ജനങ്ങളുടെ നേര്‍ക്കാണ് ഇയാള്‍ ട്രക്ക് ഓടിച്ചു കയറ്റിയത്. അമേരിക്കന്‍ പൗരത്വമുള്ള ഇയാള്‍ മുന്‍ സൈനികന്‍ കൂടിയായിരുന്നു എന്നാണ് എഫ്.ബി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇയാളുടെ വാഹനത്തില്‍ തീവ്രവാദ സംഘടനയായ ഐ.എസിന്റെ പതാക ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
ഹൂസ്റ്റണില്‍ റിയല്‍എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുന്ന ജബ്ബാര്‍ സൈന്യത്തില്‍ ഐ.ടി വിദഗ്ധനായിട്ടാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇയാള്‍ നിരവധി യുട്യൂബ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവയും പോലീസ് പരിശോധിച്ച് വരികയാണ്. 2002 ല്‍ മോഷണക്കുറ്റത്തിനും 2005 ല്‍ കാലാവധി തീര്‍ന്ന ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ചതിനും ഇയാള്‍ അറസ്റ്റിലായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ജബ്ബാര്‍ രണ്ടാം ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് വിവാഹമോചനം തേടിയത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ജോര്‍ജ്ജിയ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയതിന് ശേഷമാണ് ജബ്ബാര്‍ സൈന്യത്തില്‍ ഐ.ടി വിദഗ്ധനായി ചേരുന്നത്. സൈന്യത്തിലെ ജോലിയില്‍ നിന്ന് ഇയാളെ പിരിച്ചു വിട്ടതല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ആദ്യ വിവാഹത്തില്‍ നിന്ന് ഇയാള്‍ 2012 ല്‍ വിവാഹമോചനം നേടിയിരുന്നു. ജബ്ബാറിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്.
യൂട്യൂബില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകളില്‍ പറയുന്നത് താന്‍ ടെക്സാസിലെല ബ്യൂമണ്ടിലാണ് ജനിച്ചുവ വളര്‍ന്നതെന്നാണ്. ആക്രമണത്തിനായി ഉപയോഗിച്ച വാഹനം ഇയാള്‍ വാടകയ്ക്ക് എടുത്തതാണ്. വാഹനത്തില്‍ നിന്ന് ഒരു കൈത്തോക്കും റൈഫിളും പൈപ്പ് ബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടത്താനായി ഉപയോഗിക്കുന്ന റിമോട്ട്് കണ്‍ട്രോളും വാഹനത്തില്‍ നിന്നും കണ്ടെടുത്തു. ടെക്സാസില്‍ നിന്ന് ട്രക്ക് ന്യൂഓര്‍ലിയന്‍സില്‍ എത്തിയത് ഒരു മാസം മുമ്പാണ്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദം തന്നെയാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.