ഗുണ്ടാ ആക്രമണങ്ങളില്‍ തെരുവില്‍ വെടിയേറ്റ് 2024ല്‍ മരിച്ചത് 623 പേര്‍; മാഫിയകള്‍ പരസ്യ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മാസ്മരിക പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികള്‍; സഹികെട്ട് അടിയന്തരാവസ്ഥാ പ്രഖ്യാപനം; ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ 'ചെകുത്താന്‍' പിടികൂടുമ്പോള്‍

Update: 2025-01-05 01:28 GMT

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മാരകമായ ആള്‍ക്കൂട്ട അക്രമങ്ങളുടെ വര്‍ദ്ധനവ് കരീബിയന്‍ ദ്വീപുകളായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ പ്രതിസന്ധിയിലാക്കുന്നു. ബ്രിട്ടീഷ് സന്ദര്‍ശകരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര ഇടമാണ് ഇവിടം. ടൂറിസത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടെയാണ് ഗുണ്ടാ മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടല്‍ സജീവമാക്കിയത്. ഇതോടെ തിങ്കളാഴ്ച രാജ്യവ്യാപകമായി അടിയന്തരാവസ്ഥ വന്നു. ഇത് വിനോദ സഞ്ചാരികളെ അടക്കം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഈ കൊച്ചു രാജ്യത്ത് 623 പേര്‍ ഗുണ്ടാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

കഴിഞ്ഞ ആഴ്ചയുണ്ടായ പ്രതികാര വെടിവയ്പ്പിന് ഇരയായതായി കരുതപ്പെടുന്ന അഞ്ച് പേര്‍ കൊടുംക്രിമിനലുകളാണ്. ഇവരുടെ സംഘം തിരിച്ചടിക്കുമെന്ന് ഉറപ്പാണ്. ഞങ്ങള്‍ ഒരു പകര്‍ച്ചവ്യാധിയെ നേരിടുകയാണെന്നതില്‍ എന്റെ മനസ്സില്‍ സംശയമില്ല, ദേശീയ സുരക്ഷാ മന്ത്രി ഫിറ്റ്സ്ജെറാള്‍ഡ് ഹിന്‍ഡ്സ് പറഞ്ഞു. തിരച്ചില്‍ നടത്താനും സംശയിക്കുന്നവരെ 48 മണിക്കൂര്‍ തടങ്കലില്‍ വയ്ക്കാനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമപാലകര്‍ക്ക് കഴിയും. പുതുവത്സര ആഘോഷങ്ങളേയും ഇത് ബാധിച്ചു. വിനോദ സഞ്ചാര മേഖലയെ ഇത് വല്ലാത ഇനി ബാധിക്കുമെന്നാണ് പ്രതീക്ഷ.

മുന്‍കാലങ്ങളില്‍, ഇത്തരം സംഭവങ്ങള്‍ക്കിടയിലും രാജ്യത്തെ ടൂറിസം വ്യവസായം ശക്തമായി മുന്നോട്ട് പോയി. 2013 ന് ശേഷം കൊലപാതക നിരക്ക് ക്രമാനുഗതമായി വര്‍ദ്ധിച്ചു. ഇതൊന്നും ടൂറിസത്തെ ബാധിച്ചിരുന്നില്ല. കോവിഡ് കാലത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രശ്‌നമായി മാറുകയും ചെയ്തു. പക്ഷേ ഇപ്പോഴത്തെ ഗുണ്ടകളുടെ അഴിഞ്ഞാട്ടം എല്ലാ തരത്തിലും രാജ്യത്തെ വെട്ടിലാക്കും വിധമാണ്. ഭയത്തിന്റെ അന്തരീക്ഷം ട്രിനിഡാഡില്‍ വ്യക്തമാണ്. അതുകൊണ്ടാണ് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്. ചെകുത്താന്മാരായ ഗുണ്ടാ പടയില്‍ നിന്നും ദൈവത്തിന് മാത്രമേ രക്ഷിക്കാനാകൂവെന്ന തിരിച്ചറിവിലാണ് ഇവിടുത്തെ ജനത.

കോവിഡുകാലത്ത് വിനോദ സഞ്ചാര മേഖല അപ്പാടെ തകര്‍ന്നിരുന്നു. പിന്നീട് വലിയ കുതിച്ചു ചാട്ടമുണ്ടാക്കി. യൂറോപ്പില്‍ നിന്നുള്ള പ്രത്യേകിച്ച് ബ്രിട്ടീഷുകാരാണ് ട്രിനിഡാഡിലേക്ക് കൂടുതലായി എത്തുന്നത്. ഇവര്‍ പലരും യാത്ര റദ്ദാക്കുന്നുണ്ടെന്നാണ് സൂചന. തെക്കന്‍ കരീബിയനിലെ ഒരു ദ്വീപ് രാജ്യമാണ് റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോ. തെക്കേ അമേരിക്കന്‍ രാജ്യം വെനിസ്വെലയുടെ വടക്ക് കിഴക്കും ലെസ്സര്‍ ആന്റിലെസിലെ ഗ്രനേഡയുടെ തെക്കുമായാണ് ഇതിന്റെ സ്ഥാനം.

ബര്‍ബോഡാസ്, ഗയാന എന്നിവയുമായും സമുദ്രാതിര്‍ത്തി പങ്കിടുന്നു. 5,128 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യം രണ്ട് പ്രധാന ദ്വീപുകളും മറ്റ് 21 ചെറു ദ്വീപുകളും ചേര്‍ന്നതാണ്. ട്രിനിഡാഡും ടൊബാഗോയുമാണ് പ്രധാന ദ്വീപുകള്‍. ഇവയില്‍ ട്രിനിഡാഡ് ആണ് വലിപ്പത്തിലും ജനസംഖ്യയിലും മുന്നില്‍. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ആണ് തലസ്ഥാനം.

Tags:    

Similar News