'അമേരിക്കയും ഇസ്രായേലും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങള്‍; ആക്രമിച്ചാല്‍ യു.എസിന്റെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളില്‍ തിരിച്ചടിക്കും'; ട്രംപിന്റെ ഭീഷണിക്കു പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍; 'അമേരിക്കയ്ക്ക് മരണം' എന്ന് ആക്രോശിച്ചു ഇറാന്‍ പാര്‍ലമെന്റംഗങ്ങള്‍
'അമേരിക്കയും ഇസ്രായേലും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങള്‍
ടെഹ്‌റാന്‍: ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ് ആ രാജ്യം. അമേരിക്കയുടെ ബാഹ്യ ഇടപെടലാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇതിനിടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തു വന്നിരുന്നു.
ഭീഷണിപ്പെടുത്തിയതു പോലെ, ഇറാനില്‍ സൈനിക ആക്രമണം നടത്തിയാല്‍ ഇരു രാജ്യങ്ങളും 'നിയമപരമായ ലക്ഷ്യങ്ങളായി' മാറുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് അമേരിക്കക്കും ഇസ്രായേലിനും കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇസ്രായേലും യു.എസ് സൈനിക, ഷിപ്പിങ് സൗകര്യങ്ങളും ലക്ഷ്യമിടുന്നതായി ഗാലിബാഫ് പറഞ്ഞതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ പാര്‍ലമെന്റിലെ ബഹളമയമായ സമ്മേളനത്തിനിടെ 'അമേരിക്കക്ക് മരണം' എന്ന് ആക്രോശിച്ചുകൊണ്ട് നിയമസഭാംഗങ്ങള്‍ വേദിയിലേക്ക് ഓടിക്കയറി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റ് കോലാഹലത്തിന്റെ സ്ഥിരീകരിക്കാത്ത വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. നിയമനിര്‍മാതാക്കള്‍ ഒരേ സ്വരത്തില്‍ മുദ്രാവാക്യം വിളിക്കുന്നതായി ദൃശ്യങ്ങളില്‍ കാണപ്പെടുന്നു.
ഇറാന്റേത് പ്രതികാര നടപടികളില്‍ മാത്രം ഒതുങ്ങില്ലെന്നും ഗാലിബാഫ് മുന്നറിയിപ്പ് നല്‍കി. 'നിയമാനുസൃതമായ പ്രതിരോധത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രതികരിക്കുന്നതില്‍ മാത്രം ഞങ്ങള്‍ പരിമിതപ്പെടുത്തുകയില്ല. തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തരുതെന്ന് ഞങ്ങള്‍ ട്രംപിനോടും മേഖലയിലെ അദ്ദേഹത്തിന്റെ സഖ്യകക്ഷികളോടും പറയുന്നുവെന്നും' അദ്ദേഹം പറഞ്ഞു. ട്രംപിനെ 'വിഭ്രാന്തിയുള്ളയാള്‍' എന്നും വിളിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അതേ സെഷനില്‍ തന്നെ അദ്ദേഹം ഭീഷണി ശക്തമായി ആവര്‍ത്തിച്ചു. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടായാല്‍ അധിനിവേശ പ്രദേശവും മേഖലയിലെ എല്ലാ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും, താവളങ്ങളും, കപ്പലുകളും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കും എന്നായിരുന്നു അത്.
ഇറാന്റെ ദിവ്യാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രതിഷേധങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴാണ് മുന്നറിയിപ്പ്. തെഹ്റാനിലും മഷ്ഹാദിലും ഞായറാഴ്ച വരെയും പ്രകടനങ്ങള്‍ തുടര്‍ന്നതായാണ് റി?പ്പോര്‍ട്ട്. അശാന്തിയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കുറഞ്ഞത് 116 പേര്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുകയും ഫോണ്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ, ഇറാന് പുറത്തുനിന്നുള്ള പ്രതിഷേധങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറി. ഇതുവരെ ഏകദേശം 2,600 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി പറഞ്ഞു.
ട്രംപ് പ്രതിഷേധക്കാര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്. ഒരുപക്ഷേ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം. യു.എസ് സഹായിക്കാന്‍ തയ്യാറാണ്' എന്നായിരുന്നു സമൂഹ മാധ്യമത്തില്‍ എഴുതിയത്. കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും, ഇറാനെ ആക്രമിക്കാന്‍ ട്രംപിന് സൈനിക ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു.
സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ഇറാനില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ സംഭവിക്കുന്നത്. പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കുനേരെ നടപടിയെടുത്താല്‍ ഇടപെടുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. രാജ്യത്തെ പ്രതിഷേധം ആളിക്കത്തിക്കുന്നതിനു പിന്നില്‍ യുഎസ് ആണെന്നാണ് ഇറാന്റെ നിലപാട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ 116 പേര്‍ ഇതുവരെ മരിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റ് വിലക്കിയിരിക്കുന്നതിനാല്‍ രാജ്യത്തുനിന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നില്ല.
ഇതുവരെ 2,600ല്‍ അധികം ജനങ്ങളെ തടങ്കലില്‍ ആക്കിയിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി അറിയിച്ചിരിക്കുന്നത്. അതേസമയം, മുന്‍പെങ്ങുമില്ലാത്തവിധം ഇറാന്‍ സ്വാതന്ത്ര്യത്തിന് അടുത്തുനില്‍ക്കുകയാണെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ട്രംപിനോട് കളിക്കാന്‍ നില്‍ക്കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ട്രംപ് എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാല്‍ അതിനര്‍ഥം അദ്ദേഹമത് ഉദ്ദേശിക്കുന്നുണ്ടെന്നാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.
