ഐ ആം സോറി! അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തില്‍ പൊട്ടിക്കരഞ്ഞ് നടിയും ഗായികയുമായ സെലീന ഗോമസ്; 'ട്രംപിസത്തില്‍' പ്രതിഷേധിച്ചത് ഇന്‍സ്റ്റാ വീഡിയോയില്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തില്‍ പൊട്ടിക്കരഞ്ഞ് പ്രശസ്ത സിനിമാ താരവും ഗായികയുമായ സെലീന ഗോമസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സെലീന പ്രതിഷേധം അറിയിച്ചത്. പല കുടുംബങ്ങളും ട്രംപിന്റെ കര്‍ക്കശ നിലപാട് കാരണം വേര്‍പിരിഞ്ഞ് ജിവിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നാണ് സെലീന ചൂണ്ടിക്കാട്ടുന്നത്. കരഞ്ഞ് കൊണ്ടാണ് സെലീന സംസാരിക്കുന്നത്. ഞങ്ങളുടെ ആളുകള്‍ എല്ലാ സ്ഥലങ്ങളിലും ആക്രമിക്കപ്പെടുകയാണ് പ്രത്യേകിച്ച് കുട്ടികള്‍ എന്നാണ് സെലീന പറയുന്നത്.
എന്ത് കൊണ്ടാണ് ട്രംപ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുത്തതെന്ന് അറിയില്ലെന്നും തനിക്ക് പല കാര്യങ്ങളും ചെയ്താല്‍ കൊള്ളാം എന്നുണ്ടെന്നും എന്നാല്‍ അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നറിയില്ലെന്നും സെലീന വ്യക്തമാക്കുന്നു. എല്ലാ ശ്രമങ്ങളും നടത്താന്‍ തന്നെയാണ് തന്റെ തീരുമാനം എന്നും ഇക്കാര്യത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് എല്ലാ ഉറപ്പും നല്‍കുന്നതായും അവര്‍ പറഞ്ഞു. ഐ ആം സോറി എന്നാണ് ഈ വീഡിയോക്ക് സെലീന അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം അനധികൃത കുടിയേറ്റക്കാരായ 956 പേരെയാണ് പിടികൂടിയത്.
ചിക്കാഗോയും മിയാമിയും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വ്യാപകമായ തോതിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. 2019ല്‍ നെറ്റ്ഫ്ളിക്സിന് വേണ്ടി സെലീന സിവിങ് അണ് ഡോക്യുമെന്റഡ് എന്ന പേരില്‍ മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ ജീവിക്കുന്നവരെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. ഇത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ പരിപാടിയില്‍ സ്വന്തം കുടുംബം ഇക്കാര്യത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങളും അവര്‍ വിവരിച്ചിരുന്നു. 1970 ല്‍ തന്റെ അമ്മായി മെക്സിക്കോയില്‍ നിന്ന് ഒരു ട്രക്കില്‍ ഒളിച്ചിരുന്ന് അമേരിക്കയിലേക്ക് എത്തിയ സംഭവവും സെലീന ഡോക്യുമെന്റിയില്‍ വെളിപ്പെടുത്തുന്നുണ്ട്. നേരത്തേ ടൈം മാസികയിലും സെലീന അനധികൃത കുടിയേറ്റത്തെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ തനിക്ക് ഭയം തോന്നുകയാണെന്നാണ് അവര്‍ പറയുന്നത്. മെക്സിക്കോയില്‍ നിന്ന് വളരെ നേരത്തേ അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗമാണ് സെലീന. എമ്മി അവാര്‍ഡ് ലഭിച്ച ടെലിവിഷന്‍ പരമ്പരയായ വിസാര്‍ഡ്സ് ഓഫ് വേവര്‍ലി പ്ലേസിലെ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെയാണ് സെലീന ഗോമസ് പ്രശസ്തയായത്.
ടെലിവിഷന്‍ ചലച്ചിത്രങ്ങളായ അനദര്‍ സിന്‍ഡ്രല്ല സ്റ്റോറി, വിസര്‍ഡ്സ് ഓഫ് വേവര്‍ലി പ്ലേസ് : ദ മുവീ, പ്രിന്‍സ്സസ് പ്രൊട്ടക്ഷന്‍ പ്രോഗ്രാം എന്നിവയിലും സെലീന ഗോമസ് അഭിനയിച്ചു. റമോണ ആന്‍ഡ് ബീസസിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2008ല്‍ യൂനിസെഫിന്റെ ഗുഡ് വില്‍ അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.