വി.ഡി.സതീശന്റെ മനോരമയിലെ അഭിമുഖം മുക്കിയത് സൈബര്‍ പട്രോളിംഗിന്റെ പേരില്‍; 'മെറ്റ'യ്ക്ക് അബദ്ധം പറ്റിയെന്ന് രത്തന്‍ ഖേല്‍ക്കര്‍; കമന്റ് നോക്കാന്‍ പോയി അഭിമുഖം തന്നെ നീക്കി; വീഡിയോ ഉടന്‍ തിരിച്ചെത്തും; ചാനലിന്റെ പരാതിയില്‍ ഉടനടി ആക്ഷന്‍
വി.ഡി.സതീശന്റെ മനോരമയിലെ അഭിമുഖം മുക്കിയത് സൈബര്‍ പട്രോളിംഗിന്റെ പേരില്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മനോരമ ന്യൂസ് അഭിമുഖത്തിന്റെ ഒരു ഭാഗം കേരളാ പൊലീസിന്റെ നിര്‍ദേശപ്രകാരം ഫെയ്സ്ബുക്ക് നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടു. വീഡിയോക്ക് താഴെ വന്ന മോശം കമന്റുകള്‍ നീക്കം ചെയ്യാനായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍, 'മെറ്റ' തെറ്റിദ്ധരിച്ച് അഭിമുഖത്തിന്റെ മുഴുവന്‍ ഭാഗവും നീക്കം ചെയ്യുകയായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. സൈബര്‍ പട്രോളിങ്ങിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, വിഡിയോ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രത്തന്‍ ഖേല്‍ക്കര്‍ ഇക്കാര്യം അറിയിച്ചത്. മെറ്റയുമായി (ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി) ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും, പരാതികളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിന്റെ കമന്റ് ബോക്‌സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കണ്ട് സ്വമേധയാ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും, ചേരിതിരിഞ്ഞുള്ള വാഗ്വാദം സംഘര്‍ഷത്തിനു കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു.
കേരളാ പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐടി ആക്ട് പ്രകാരം ഫെയ്സ്ബുക്കിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയ കാര്യം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പൊലീസ് ഇത് സമ്മതിക്കുകയായിരുന്നു. മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നടത്തിയ ഒരു മണിക്കൂര്‍ അഭിമുഖം ചൊവ്വാഴ്ചയാണ് ചാനലില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തതും സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിച്ചതും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങള്‍, ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട വിഡിയോയുടെ ലിങ്ക് ഫെയ്സ്ബുക്കില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ കാണാനാവില്ല. നീക്കം ചെയ്യപ്പെട്ട വിഡിയോയില്‍ ഫെയ്സ്ബുക്കിന്റെ മാര്‍ഗരേഖകള്‍ക്കോ ഐടി നിയമത്തിനോ എതിരായ ഉള്ളടക്കം ഉണ്ടായിരുന്നില്ലെന്ന് ഫെയ്സ്ബുക്കിന്റെ നോട്ടിഫിക്കേഷനില്‍ പറയുന്നു.
നേരത്തെ, ബി.ജെ.പിയുടെ ഓഫിസ് സീല്‍ പതിച്ച സര്‍ക്കുലര്‍ മറ്റു പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരായ നടപടിയില്‍ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെയ്സ്ബുക്കിന്റെ നയങ്ങള്‍ക്കും മാര്‍ഗരേഖയ്ക്കും വിരുദ്ധമായതോ ഐടി നിയമം ഉള്‍പ്പെടെ ഏതെങ്കിലും നിയമവ്യവസ്ഥകള്‍ക്ക് എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ല. മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്ന് ഫെയ്സ്ബുക് അവരുടെ നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കുന്നുമുണ്ട്. ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ ന്യൂസ് പരാതി നല്‍കിയിരുന്നു.
