സൈനികവ്യാപാരം വര്‍ധിപ്പിക്കും; എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കും; ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദിയും; നയതന്ത്ര മേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍; മോദിയും ട്രംപും പരസ്പരം കൈ കൊടുത്തപ്പോള്‍

Update: 2025-02-14 00:50 GMT

വാഷിങ്ടണ്‍: ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് പ്രഖ്യാപനം. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനം, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു സുപ്രധാന കൂടിക്കാഴ്ച. എന്നാല്‍ ഇതൊന്നും ട്രംപ്-മോദി ചര്‍ച്ചകളെ ബാധിച്ചില്ല. അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് ട്രംപ് നിലപാട് എടുത്തു.

'സൈനികവ്യാപാരം വര്‍ധിപ്പിക്കും. എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കും. ഇന്ത്യയും യുഎസും തമ്മില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു.'- ട്രംപ് പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാലു വര്‍ഷവും സൗഹൃദം നിലനിര്‍ത്തിയെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യ യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യ യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും. 'ട്രംപുമായി യോജിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടും. ആദ്യ ഘട്ടത്തെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും'-മോദി പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപ് വീണ്ടും വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യും അമേരിക്കയും ഇരട്ടി വേഗത്തില്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയും അമേരിക്കയില്‍ അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി ഔദ്യോഗിക ചര്‍ച്ചയ്‌ക്കെത്തുന്ന ആദ്യ രാഷ്ട്രനേതാക്കളിലൊരാളിയ മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. നേരത്തെ പ്രധാനമന്ത്രി ശതകോടീശ്വരനും ടെസ്ല -സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Tags:    

Similar News