മ്യൂണിക്കിലെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റി 28 പേര്‍ക്ക് പരിക്കേല്‍പ്പിച്ചത് അഫ്ഗാന്‍ അഭയാര്‍ത്ഥി; ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിന് രണ്ടു മാസം തികയും മുന്‍പ് നടന്ന ആക്രമണം അടുത്തയാഴ്ചത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കും; കുടിയേറ്റ വിരുദ്ധത കത്തി ജ്വലിച്ച് ജര്‍മനി

Update: 2025-02-14 02:48 GMT

മ്യൂണിക്ക്: ജര്‍മ്മനിയിലെ മ്യൂണിക്ക് നഗരത്തില്‍ ആള്‍കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി 28 പേരെ പരിക്കേല്‍പ്പിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ മോഷണവും മയക്കുമരുന്ന് വില്പനയുമൊക്കെയായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായ വ്യക്തിയാണ് അക്രമി എന്നാണ് നഗര മേയര്‍ പറഞ്ഞത്. സെന്‍ട്രല്‍ മ്യൂണിക്കില്‍ ഒരു പ്രകടനം നടക്കുന്നതിനിടെ അതിലേക്ക് ഒരു മിനി കൂപ്പര്‍ ഓടിച്ചു കയറ്റുകയായിരുന്നു ഈ 24 കാരന്‍ എന്നാണ് പോലീസ് പറഞ്ഞത്.

ഇതൊരു തീവ്രവാദ ആക്രമണമായി പോലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അതുപോലെ അക്രമിയുടെ പേരും പോലീസ് പുറത്തു വിട്ടിട്ടില്ല. അക്രമി ശിക്ഷിക്കപ്പെടുമെന്നും, അതിനു ശേഷം നാടുകടത്തുമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. മാഗ്‌ഡേബര്‍ഗില്‍, ഒരു ക്രിസ്ത്മസ് വിപണിയിലേക്ക് കാര്‍ ഓടിച്ചു കയറ്റി ഒരു സൗദി ഡോക്ടര്‍ ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം കഴിഞ്ഞ് രണ്ടു മാസമാകുമ്പോഴാണ് സമാനമായ മറ്റൊരു സംഭവം നടക്കുന്നത്.

ജനുവരിയില്‍ അഷാഫെന്‍ബര്‍ഗില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിലും ഒരു അഫ്ഗാന്‍ വംശജനായിരുന്നു. ഇതോടെ അടുത്തയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട കുടിയേറ്റമായിരിക്കും എന്നത് ഉറപ്പായിരിക്കുകയാണ്. പരമ്പരാഗതമായി തന്നെ കുടിയേറ്റത്തിനെ എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി പാര്‍ട്ടി (എ എഫ് ഡി) അഭിപ്രായ സര്‍വ്വേകളില്‍ ഏറെ മുന്നേറ്റമുണ്ടാക്കുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ സംഭവം നടന്നത് എന്നത് അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ഇപ്പോള്‍ സാധ്യത കൂടുതലുള്ള ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും കുടിയേറ്റ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ പരിശോധനകള്‍ സ്ഥിരമാക്കുന്നതും, അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ നിന്നു തന്നെ തിരിച്ചയയ്ക്കുന്നതും ഉള്‍പ്പടെ കുടിയേറ്റം തടയുന്നതിനുള്ള അഞ്ചിന പരിപാടികള്‍ പാര്‍ട്ടി നേതാവ് ഫ്രെഡറിക് മെര്‍സ് അടുത്തിടെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എ എഫ് ഡിയുടെ സഹായത്തോടെ ഇത് പാര്‍ലമെന്റില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, ഇതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ തെരുവുകളില്‍ നടന്നിരുന്നു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും അക്രമത്തെ കടുത്ത ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ഇത് എക്കാലവും തുടരണമോ എന്നാണ് എ എഫ് ഡി നേതാവായ ആലീസ് വീഡെല്‍ എക്സിലൂടെ ചോദിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് നേരത്തെയുണ്ടായിരുന്ന പാസ്സ്‌പോര്‍ട്ട് ഉപേക്ഷിച്ച് ജര്‍മ്മനിയില്‍ കുടിയേറിയതെന്നും അവരൊക്കെ ആരാണെന്ന് തങ്ങള്‍ക്ക് അറിയുക പോലുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അടുത്ത ജര്‍മ്മന്‍ ചാന്‍സലര്‍ ആകാന്‍ എല്ലാ സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ കല്പിച്ചു നല്‍കിയ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സിലെ ഫ്രെഡെറിക് മെര്‍സ് പറഞ്ഞത്, താന്‍ അധികാരത്തിലേറിയാല്‍ സുരക്ഷക്കായിരിക്കും പ്രാധാന്യം നല്‍കുക എന്നാണ്.

ചാന്‍സലര്‍ ഷോള്‍സ്, കുടിയേറ്റക്കാരോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്ലാക്കാലവും ആക്രമണങ്ങളെ ഭയന്ന് ജീവിക്കാനാവില്ലെന്ന് ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും പ്രതികരിച്ചു. ഇത് ആദ്യത്തെ ആക്രമണമല്ലെന്നും, ജര്‍മ്മനിക്കുള്ളില്‍ പലതും മാറേണ്ടതായി ഉണ്ടെന്നും പാര്‍ട്ടി നേതാവ് മാര്‍ക്കസ് സോഡര്‍ പറഞ്ഞു. അതേസമയം, സുരക്ഷാ പിഴവുകള്‍ പുറത്തുകൊണ്ടുവരുന്നതാണ് ഈ ആക്രമണമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.

Similar News