താലിബാന്‍ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം പ്രകോപനമായി; തുര്‍ക്കി ഇടപെട്ടിട്ടും പാക്കിസ്ഥാന് സമാധാനം അകലെ; ചര്‍ച്ചയുടെ സമയം കഴിഞ്ഞു, ഇനി യുദ്ധമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പ്രതികരിക്കാതെ അഫ്ഗാനിസ്ഥാന്‍; അയലത്ത് സംഘര്‍ഷം രൂക്ഷമാകുന്നു; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യ
കാബൂള്‍: തുര്‍ക്കിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാനെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാന്‍. അഫ്ഗാനിസ്ഥാന്റെ വശത്ത് നിന്നും വെടിനിര്‍ത്തല്‍ ലംഘനമോ പ്രകോപനമോ ഉണ്ടായാല്‍ യുദ്ധത്തിന് പാക്കിസ്ഥാന്‍ മടിക്കില്ലെന്നും അതിര്‍ത്തിയിലെ സമാധാനം അഫ്ഗാനിസ്ഥാന്റെ മാത്രം ഉത്തരവാദിത്തമാണെന്നും ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചു. ചര്‍ച്ച പൂര്‍ത്തിയായെന്നും ഇനി സംസാരമില്ലെന്നുമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധം ആരംഭിക്കുമെന്നായിരുന്നു ആസിഫ് ഇന്നലെ ഭീഷണി മുഴക്കിയത്. അതേസമയം, പാക്കിസ്ഥാന്റെ ഭീഷണി സന്ദേശങ്ങളോട് അഫ്ഗാനിസ്ഥാന്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന് പാക്ക് വാര്‍ത്താവിനിമയ മന്ത്രി അത്താവുല്ല തരാര്‍ അറിയിച്ചെങ്കിലും അഫ്ഗാനിസ്ഥാന്‍ ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചിട്ടില്ല.
'നമ്മള്‍ സംസാരിക്കുമ്പോള്‍ തന്നെ, ചര്‍ച്ചകളെല്ലാം അവസാനിച്ചു കഴിഞ്ഞു' എന്ന് പാക്കിസ്ഥാനിലെ വാര്‍ത്താ ചാനലായ ജിയോ ന്യൂസിനോട് ആസിഫ് പറഞ്ഞു. പാക്ക് -അഫ്ഗാന്‍ സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രിയുടെ പ്രഖ്യാപനം വന്നത്. വെടിനിര്‍ത്തല്‍ തുടരാന്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സമ്മതിച്ചതായി തുര്‍ക്കി അറിയിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ചര്‍ച്ചകളില്‍ പുതിയ സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നത്. സമാധാനം നിലനിര്‍ത്തുമെന്ന് ഉറപ്പാക്കുകയും, നിയമ ലംഘിക്കുന്ന കക്ഷിക്ക് പിഴ ചുമത്തുകയും ചെയ്യുന്ന ഒരു നിരീക്ഷണ, സ്ഥിരീകരണ സംവിധാനം ഏര്‍പ്പെടുത്താന്‍ എല്ലാ കക്ഷികളും സമ്മതിച്ചതായിരുന്നുവെന്ന് തുര്‍ക്കി പറയുന്നു.
എന്നാല്‍ 2021-ലെ ദോഹ സമാധാന ഉടമ്പടി പ്രകാരം തീവ്രവാദം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താലിബാന്‍ പരാജയപ്പെട്ടുവെന്നാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്. ഒക്ടോബറില്‍ താലിബാന്‍ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്താണ് പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. കാബൂളിലുണ്ടായ സ്ഫോടനങ്ങളോടെയാണ് ഇതിന് തുടക്കമായത്, ഇതിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് താലിബാന്‍ ആരോപിക്കുന്നു. ഇതിന് പ്രതികാരമായി താലിബാന്‍ പിന്നീട് പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കുകയും 58 പാക് സൈനികരെ വധിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, 23 സൈനികര്‍ മരിച്ചതായാണ് ഇസ്ലാമാബാദ് സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവില്‍ വെടിനിര്‍ത്തല്‍ ലംഘനം നടന്നത് വ്യാഴാഴ്ച രാത്രിയാണ്. തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ചമന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ വെടിവയ്പ്പ് നടന്നു.
സമാധാനവും സുസ്ഥിരതയുമാണ് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയതെന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാന്‍ നിലകൊള്ളുമെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എപിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യ വക്താവ് പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായുള്ള താലിബാന്റെ നടപടികളെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ താലിബാനെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധം നടത്തുകയാണെന്ന ആരോപണവും ഇതിനിടയില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തി. എന്നാല്‍ ഇന്ത്യ ഇത്തരം വാദങ്ങളെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
