ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ 100 മടങ്ങ് ശക്തിയുള്ള പോസിഡോണ്‍ മിസൈലുകള്‍ വഹിക്കുന്ന അന്തര്‍വാഹിനി; മിസൈലുകള്‍ക്ക് ഓരോന്നിനും റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാനുള്ള ശേഷി; തീരദേശ രാജ്യങ്ങളെ തവിടുപൊടിയാക്കാന്‍ പോന്ന ശേഷിയുള്ള വജ്രായുധം; റഷ്യയുടെ ആണവ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ലോകത്തിന് വിറയല്‍
ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ 100 മടങ്ങ് ശക്തിയുള്ള പോസിഡോണ്‍ മിസൈലുകള്‍ വഹിക്കുന്ന അന്തര്‍വാഹിനി
മോസ്‌കോ: അടുത്തിടെ റഷ്യ പരീക്ഷിച്ച ആണവ അന്തര്‍വാഹിനിയെ കുറച്ചിള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പാശ്ചാത്യം ലോകം കടുത്ത വിറയലിലാണ്. പുതിയ ആണവ അന്തര്‍വാഹിനി ലോകത്തിന് തന്നെ ഭീഷണിയാകുമോ എന്നതാണ് ലോകരാജ്യങ്ങളുടെ ആശങ്ക. റഷ്യന്‍ പര്യവേക്ഷകനായ യെറോഫി ഖബറോവിന്റെ പേരിലുള്ള ഖബറോവ്സ്‌ക് എന്ന പുതിയ ആണവ അന്തര്‍വാഹിനി ഈയിടെയാണ് പുറത്തിറക്കിയത്. 1945-ല്‍ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ 100 മടങ്ങ് ശക്തിയുള്ള പുതിയ പോസിഡോണ്‍ മിസൈലുകള്‍ വഹിക്കുന്നവയാണ് ഈ അന്തര്‍വാഹിനി.
ഇതിലെ പോസിഡോണ്‍ മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ ഈയിടെയാണ് പ്രഖ്യാപനം നടത്തിയത്. ഇതു കൂടിയായപ്പോള്‍ പാശ്ചത്യ മാധ്യമങ്ങളും കടുത്ത ആശങ്കയോടെയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് റഷ്യ ഈ അന്തര്‍വാഹിനി ആദ്യമായി പുറംലോകത്ത് എത്തിച്ചത്. റഷ്യയുടെ വടക്കന്‍ ഭാഗത്തുള്ള വൈറ്റ് സീയുടെ തീരത്തുള്ള തുറമുഖമായ സെവെറോഡ്വിന്‍സ്‌കിലെ ഒരു കപ്പല്‍ശാലയിലുള്ള അന്തര്‍വാഹിനിയുടെ ഉപഗ്രഹ ചിത്രങ്ങളാണ് അവര്‍ പുറത്തു വിട്ടത്്. അന്തര്‍വാഹിനിയുടെ വേഗതയും സഞ്ചരിക്കാന്‍ കഴിയുന്ന ആഴവും കണക്കിലെടുക്കുമ്പോള്‍ ലോകത്ത് ഇതുപോലൊന്ന് ഇല്ലെന്നും അത് ഒരിക്കലും ഉണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് പുടിന്‍ അവകാശപ്പെടുന്നത്.
ഈ അന്തര്‍വാഹിനിയുടെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ 'മിനിറ്റുകളോ സെക്കന്‍ഡുകളോ' മാത്രമേ എടുക്കൂ എന്നും പുട്ടിന്‍ ചൂണ്ടിക്കാട്ടി. പ്രൊജക്റ്റ് 09851 എന്നറിയപ്പെട്ടിരുന്ന ഖബറോവ്സ്‌ക് നിര്‍മ്മിക്കാനുള്ള കരാര്‍ 2012 ലാണ് ഒപ്പുവച്ചത്. പിന്നെയും രണ്ട് വര്‍ഷത്തിന് ശേഷം സെവെറോഡ്വിന്‍സ്‌കിലെ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ സെവ്മാഷില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2018 ല്‍ പുടിന്‍ തന്റെ വാര്‍ഷിക രാഷ്ട്ര പ്രസംഗത്തില്‍ പോസിഡോണ്‍ മിസൈലുകള്‍ ഉള്‍പ്പെടെ ആറ് പുതിയ ആണവായുധ പരിപാടികള്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇക്കാര്യം എല്ലാവരും മനസിലാക്കുന്നത്. 2020 ജൂണില്‍ ഖബറോവ്സ്‌ക് പ്രവര്‍ത്തനസജ്ജമാകേണ്ടതായിരുന്നു.
എന്നാല്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍, കോവിഡ് മഹാമാരി, യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയ കാരണങ്ങളാലാണ് ജോലി തടസപ്പെട്ടത്. ഈ അന്തര്‍വാഹിനിയെ കുറിച്ചുള്ള പല കാര്യങ്ങളും റഷ്യ രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. അന്തര്‍വാഹിനിക്ക് 370 അടി നീളവും 3,300 അടി വരെ പ്രവര്‍ത്തന ആഴവുമുണ്ട്. ഇതിന് 1 ബില്യണ്‍ പൗണ്ടിലധികം ചിലവ് വന്നതായി കണക്കാക്കപ്പെടുന്നു. 100 പേരടങ്ങുന്ന ഒരു സംഘം അന്തര്‍വാഹിനിയെ നിയന്ത്രിക്കുമെന്നും, ഏതാണ്ട് പരിധിയില്ലാത്ത ഫയറിംഗ് റേഞ്ച് ഉണ്ടായിരിക്കുമെന്നും, മാസങ്ങളോളം ഉപരിതലത്തിലേക്ക് ഉയരാതെ വെള്ളത്തില്‍ മുങ്ങിക്കിടക്കുമെന്നുമാണ് ഈ മേഖലയിേലെ വിദഗ്ധര്‍ പറയുന്നത്.
ഇതിലെ മിസൈലുകള്‍ക്ക് ഓരോന്നിനും റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാന്‍ കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ബ്രിട്ടന്‍ എന്ന രാജ്യത്തെ ഒന്നാകെ തകര്‍ക്കാന്‍ ഇതിലെ ഒരു മിസൈലിന് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 'പോസിഡോണിന് അന്തര്‍വാഹിനികളേക്കാളും ആധുനിക ടോര്‍പ്പിഡോകളേക്കാളും വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും, കൂടാതെ വലിയ ആഴത്തിലും ഭൂഖണ്ഡാന്തര ദൂരങ്ങളിലും യാത്ര ചെയ്യാനും കഴിയും. 'ഖബറോവ്‌സ്‌ക്' ക്ലാസ് അന്തര്‍വാഹിനികളാണ് ഈ ആയുധത്തിന്റെ പ്രധാന വാഹകരാകുമെന്ന് പ്രതീക്ഷിക്കുന്നത്' കൊമ്മേഴ്‌സന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
'പോസിഡോണ്‍' ആണവ ഡ്രോണിന്റെ വിജയകരമായ പരീക്ഷണം കഴിഞ്ഞ ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു സ്ട്രാറ്റജിക് അന്തര്‍വാഹിനിയുടെ റിയാക്ടറിനേക്കാള്‍ 100 മടങ്ങ് ചെറുതാണ് ഇതിന്റെ ആണവ ഊര്‍ജ്ജ പ്ലാന്റ് എന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് ഈ ഡ്രോണിനെ 'ഡൂംസ്ഡേ മിസൈല്‍' (ലോകാവസാന മിസൈല്‍) എന്നാണ് വിശേഷിപ്പിച്ചത്.
റഷ്യ ഒരു വശത്ത് ആണവശേഷി കൂട്ടുമ്പോള്‍ അമേരിക്കയും തങ്ങളുടെ ശേഷി ഉയര്‍ത്തുകായാണ്. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന് മൂന്ന് അന്തര്‍വാഹിനികള്‍ യുഎസിനുണ്ട്. വിര്‍ജീനിയ ക്ലാസ് എന്നതാണ് ഒരെണ്ണം. ഏറ്റവും ആധുനികവും ബഹുമുഖവുമായ ഇവയ്ക്ക് മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങള്‍, പ്രത്യേക സൈനിക നീക്കങ്ങള്‍ക്കുള്ള പിന്തുണ, ടോമാഹോക്ക് മിസൈല്‍ ശേഷി എന്നിവയുണ്ട്.
ലോസ് ആഞ്ജലിസ് ക്ലാസ് എന്നത് 1970-കളില്‍ അവതരിപ്പിച്ച ഇവ ഇപ്പോഴും യുഎസ് നാവികസേനയുടെ ഒരു വലിയ ഭാഗമാണ്. കാലക്രമേണ ഇവയെ നവീകരിച്ചിട്ടുണ്ട്. സൂള്‍ഫ് ക്ലാസ് എന്നതാണ് മൂന്നാമത്തെ ഇനം. ഉയര്‍ന്ന നിര്‍മ്മാണച്ചെലവ് കാരണം ഇവയുടെ എണ്ണം പരിമിതമാണ്. മൂന്നെണ്ണം മാത്രമാണ് ഉള്ളത്. പക്ഷേ രഹസ്യനീക്കങ്ങള്‍ക്കും കനത്ത ആക്രമണശേഷിക്കും പേരുകേട്ടതാണ് ഇവ. ഈ അന്തര്‍വാഹിനികള്‍ ഒരുമിച്ച് യുഎസ് നാവികസേനയ്ക്ക് സമാനതകളില്ലാത്ത മുന്‍തൂക്കം നല്‍കുന്നു. ഒരേസമയം, വിവിധ സമുദ്രമേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളോട് പ്രതികരിക്കാന്‍ ഇവയ്ക്ക് സാധിക്കും.
റഷ്യ തങ്ങളുടെ ആക്രമണ അന്തര്‍വാഹിനി വിഭാഗത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ അതിവേഗത്തിലാണ് മുന്നേറിയത്. യാസന്‍-എം ക്ലാസ് അന്തര്‍വാഹിനിയടക്കമുള്ള ശേഷിയാണ് റഷ്യയുടേത്. ഈ പുതിയ അന്തര്‍വാഹിനികള്‍ വലുപ്പത്തില്‍ മുന്‍പുള്ളവയേക്കാള്‍ ചെറുതും ശബ്ദം വളരെ കുറവുള്ളതും ആധുനികവുമാണ്. ഇവ കാലിബര്‍ ക്രൂയിസ് മിസൈലുകളും ഓനിക്സ് ആന്റി-ഷിപ്പ് മിസൈലുകളും വഹിക്കുന്നതായാണ് കരുതപ്പെടുന്നത്. ഹൈപ്പര്‍സോണിക് സിര്‍ക്കോണ്‍ മിസൈലുകള്‍ വിക്ഷേപിക്കാനും ഇവയ്ക്ക് കഴിഞ്ഞേക്കും. 1980-കളില്‍ അവതരിപ്പിച്ച അകുല-ക്ലാസ് അന്തര്‍വാഹിനികളും റഷ്യ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇവ പഴക്കമുള്ളതാണെങ്കിലും കാര്യമായി നവീകരിക്കുകയും റഷ്യയുടെ സജീവമായ ആക്രമണ വിഭാഗത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുന്നു.
ഗ്ലോബല്‍ ഫയര്‍പവറിന്റെ 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയ്ക്ക് സജീവമായ 70 അന്തര്‍വാഹിനികളാണുള്ളത്. അതേസമയം റഷ്യയ്ക്കിത് 60-64 വരെയാണ്. ന്യൂക്ലിയര്‍ ത്രെട്ട് ഇനിഷ്യേറ്റീവിനെ ഉദ്ധരിച്ച് ന്യൂസ് വീക്ക് 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമേരിക്കയ്ക്ക് 64-ഉം റഷ്യക്ക് 58-ഉം അന്തര്‍വാഹിനികളാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം നേരിയതെങ്കിലും അന്തര്‍വാഹിനികള്‍ എവിടെ വിന്യസിച്ചിരിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു, എന്ത് ആയുധങ്ങളാണ് അവ വഹിക്കുന്നത്, ഉപയോഗിച്ചാലുണ്ടാവുന്ന ആഘാതം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് അവയുടെ ശക്തിയും ശേഷിയും അളക്കുന്നത്.
യുഎസ് നാവികസേനയുടെ അന്തര്‍വാഹിനികള്‍ അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ പട്രോളിംഗ് നടത്തിക്കൊണ്ട് ലോകമെമ്പാടും വ്യാപിച്ചുകിടക്കുകയാണ്. നിരീക്ഷണം, അന്തര്‍വാഹിനി വിരുദ്ധ യുദ്ധതന്ത്രങ്ങള്‍, ഓക്കസ് (അഡഗഡട) പോലുള്ള തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്നിവയിലും അവ പതിവായി ഏര്‍പ്പെടുന്നുണ്ട്.മറുവശത്ത്, റഷ്യ തങ്ങളുടെ വിന്യാസം ആര്‍ട്ടിക്, നോര്‍ത്ത് അറ്റ്ലാന്റിക്, പസഫിക് മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍, റഷ്യന്‍ അന്തര്‍വാഹിനികളെ നാറ്റോയുടെ തീരപ്രദേശങ്ങള്‍ക്കടുത്തും യുഎസ് തീരത്തും വരെ ലൊക്കേറ്റ് ചെയ്തിരുന്നു. ഇത് സോവിയറ്റ് കാലഘട്ടത്തിലെ തന്ത്രങ്ങളോട് സാമ്യമുള്ള ഒരു നീക്കമാണെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കരുതുന്നത്.
അമേരിക്കയും റഷ്യയും തങ്ങളുടെ ആണവ പ്രതിരോധം നിലനിര്‍ത്താന്‍ പ്രധാനമായും ആശ്രയിക്കുന്നത് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളെയാണ്. ഈ അന്തര്‍വാഹിനികളെ 'ബൂമറുകള്‍' എന്ന് വിളിക്കാറുണ്ട്. അവ നിര്‍മിച്ചിരിക്കുന്നത് ഉടനടിയുള്ള ഏറ്റുമുട്ടലിന് വേണ്ടിയല്ല, മറിച്ച് ഒരു ആണവയുദ്ധമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ആവശ്യമായത്ര കാലം മറഞ്ഞിരിക്കാനും ആവശ്യമുണ്ടെങ്കില്‍ മാത്രം രംഗത്തിറങ്ങാനുമാണ്.
