വെനിസ്വേലന്‍ പ്രസിഡന്റിനെ ജീവനോടെ പിടികൂടി; ഇറാന്റെ പരമോന്നത നേതാവിനെ വകവരുത്തി; അമേരിക്കന്‍ ലക്ഷ്യം വെനിസ്വേലയിലെയും ഇറാനിലെയും എണ്ണസമ്പത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ച് ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ചാലകശക്തിയായി മാറുക; ചൈനയെ തളര്‍ത്താന്‍ 'ഇന്ധന വിപണി'; ഊര്‍ജ്ജ പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യയും വലയും; ഇറാനെ ട്രംപ് വരുതിയിലാക്കുന്നത് എന്തിന്?
ന്യുയോര്‍ക്ക്; വെനിസ്വേലന്‍ പ്രസിഡന്റിനെ ജീവനോടെ പിടികൂടുകയും ഇറാന്റെ പരമോന്നത നേതാവിനെ വകവരുത്തുകയും ചെയ്തതോടെ ലോകത്തെ എണ്ണ വിപണിയെ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക്. വെനിസ്വേലയിലെയും ഇറാനിലെയും എണ്ണസമ്പത്തിന്മേല്‍ ആധിപത്യം ഉറപ്പിക്കുന്നതോടെ ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ചാലകശക്തിയായി വാഷിംഗ്ടണ്‍ മാറുകയാണ്.
നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഏക എണ്ണ സ്രോതസ്സായി റഷ്യന്‍ എണ്ണ മാത്രം അവശേഷിക്കുമ്പോള്‍, ലോകം മറ്റൊരു വലിയ സാമ്പത്തിക യുദ്ധത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇറാന്റെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ തകര്‍ക്കുന്നതിലൂടെ ചൈനയുടെ ഊര്‍ജ്ജ സുരക്ഷയെ തകര്‍ക്കുക എന്ന തന്ത്രപരമായ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ലോക എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതാണ് വിപണി ഉറ്റുനോക്കുന്ന ഏറ്റവും വലിയ ആശങ്ക. വെറും 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ ജലപാതയിലൂടെയാണ് ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത്. ഈ വഴി അടയ്ക്കപ്പെട്ടാല്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ വിതരണം പൂര്‍ണ്ണമായും നിലയ്ക്കും.
ഇത് വിപണിയില്‍ എണ്ണക്ഷാമം സൃഷ്ടിക്കുകയും വില ബാരലിന് 150 ഡോളറിന് മുകളിലേക്ക് കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്യും. ചൈനയെ തളയ്ക്കാനുള്ള അമേരിക്കയുടെ ഈ 'എണ്ണക്കളി' എണ്ണ ഇറക്കുമതിക്കായി പശ്ചിമേഷ്യയെ വന്‍തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയെയും സാരമായി ബാധിക്കും. വിതരണ ശൃംഖല തടസ്സപ്പെടുന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധനവിനും കടുത്ത പണപ്പെരുപ്പത്തിനും വഴിമാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടയിലും കുറഞ്ഞ ചിലവില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന ഇറാന്റെ കരുത്ത് ചോര്‍ത്തുന്നതോടെ വിപണിയില്‍ തങ്ങളുടെ ഷെയില്‍ ഓയിലിന് കൂടുതല്‍ വിലയും സ്വീകാര്യതയും ഉറപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം നീണ്ടുനിന്നാല്‍ അത് ലോകമെമ്പാടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍, വരും മാസങ്ങളില്‍ ലോകം കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയരും. എണ്ണ വാങ്ങാനായി കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിക്കും. ഇത് പ്രവാസികള്‍ക്ക് ഗുണകരമാകുമെങ്കിലും രാജ്യത്തെ മൊത്തം സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കും. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ വില ഉയര്‍ന്നാല്‍, രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇറക്കുമതിക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നതോടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിക്കും. ഇത് വിദേശനാണ്യ ശേഖരത്തില്‍ കുറവുണ്ടാക്കുകയും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഫലത്തില്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും ഇത് ചലനമുണ്ടാക്കും. പശ്ചിമേഷ്യന്‍ എണ്ണ തടസ്സപ്പെടുമ്പോള്‍ ഇന്ത്യയുടെ ഏക പ്രതീക്ഷ റഷ്യയില്‍ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണയാണ്. എന്നാല്‍ അമേരിക്കയുടെ കര്‍ശനമായ ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യയില്‍ നിന്ന് എത്രത്തോളം എണ്ണ എത്തിക്കാന്‍ കഴിയുമെന്നത് വെല്ലുവിളിയാണ്.
