'യുദ്ധം അയല്‍ക്കാരോടല്ല; വിവേകത്തോടെ പെരുമാറു'; ആക്രമിച്ചാല്‍ ഇനി കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുന്നറിയിപ്പ്; ഇറാനെ ഒറ്റപ്പെടുത്തുമെന്ന് യുഎഇ; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് റീം അല്‍ ഹാഷിമി
ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനെ രൂക്ഷമായി വിമര്‍ശിച്ച് യുഎഇ. യുദ്ധം അയല്‍ക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. 'ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടുത്തും. നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. വിവേകത്തോടെ സാഹചര്യം കൈകാര്യംചെയ്യൂ. അയല്‍ക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയല്‍ക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം', അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
ഇസ്രയേല്‍ -യുഎസ് സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചിരുന്നു. വിവിധയിടങ്ങളില്‍ വ്യാപക ആക്രമണവും ഇറാന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുഎഇ രംഗത്തെത്തിയത്.
ഇറാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ മിസൈല്‍-, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി. 'സിഎന്‍എന്നി'ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്.
പ്രധാന പ്രസ്താവനകള്‍
'ഇത്തരത്തിലുള്ള മിസൈല്‍ വര്‍ഷങ്ങള്‍ക്ക് ഇരയായിക്കൊണ്ട് ഞങ്ങള്‍ ഇനി കൈകെട്ടി നോക്കിനില്‍ക്കില്ല. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്. സാഹചര്യം അവിടം വരെ എത്തരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ആവശ്യം വന്നാല്‍ യുഎഇ കൂടുതല്‍ ആക്രമണാത്മകമായ നിലപാടിലേക്ക് മാറും,' മന്ത്രി വ്യക്തമാക്കി. അയല്‍രാജ്യം എന്ന നിലയില്‍ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ് യുഎഇയുടേത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച രാത്രി മാത്രം 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അബുദാബിയെയും വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങള്‍. യുഎഇയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ നിരയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി റീം അല്‍ ഹാഷിമി ഉറപ്പുനല്‍കി.
ഒമാനിലും ആക്രമണം
ഗള്‍ഫിനെ ആശങ്കകളുടെ മുള്‍മുനയിലാഴ്ത്തി ഒമാനെയും ആക്രമിച്ച് ഇറാന്‍. മധ്യസ്ഥ രാജ്യമായ ഒമാനില്‍ ആക്രമണം ഉണ്ടായെന്നതാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകള്‍ പതിച്ചു. ജോലിക്കാരുടെ താമസ സ്ഥലത്ത് വീണ് ഒരു പ്രവാസിക്ക് പരിക്ക്. മൊബൈല്‍ താമസ കേന്ദ്രങ്ങളിലും ഒരു ഇന്ധന ടാങ്കിന് സമീപവുമാണ് ഡ്രോണുകള്‍ പതിച്ചത്.
ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയില്‍ ടാങ്കര്‍ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാര്‍, 5 ഇറാന്‍ പൗരന്മാര്‍ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒമാന്‍ സമുദ്ര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്.
