ആകാശത്ത് നോക്കിയാൽ നെഞ്ചിടിപ്പ് കൂടും; ശത്രുക്കളെ ലക്ഷ്യം വച്ച് പായുന്ന ചില മിസൈലുകളുടെ ഗതി തന്നെ മാറുന്ന കാഴ്ച; യുഎഇയിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്; വിചിത്രമായ വസ്തുക്കൾ കണ്ടാൽ അടുത്ത് പോകരുത്
അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, പൗരന്മാർക്കും താമസക്കാർക്കും കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA). ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ മിസൈൽ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുന്ന പക്ഷം യാതൊരു കാരണവശാലും അതിന്റെ അടുത്തേക്ക് പോകരുത്. ഉടൻ തന്നെ സുരക്ഷിതമായ അകലത്തിലേക്ക് മാറിനിൽക്കുക.
വീണുകിടക്കുന്ന മിസൈൽ ഭാഗങ്ങളുടെയോ തകർന്ന കെട്ടിടങ്ങളുടെയോ ചിത്രങ്ങൾ പകർത്താനോ വീഡിയോ എടുക്കാനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ ശ്രമിക്കരുത്. ഇത്തരം പ്രവൃത്തികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികളെയും രക്ഷാപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും.
സംശയാസ്പദമായ വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുക. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.
ഇറാനിൽ നിന്നുള്ള രണ്ട് ഘട്ടങ്ങളായുള്ള മിസൈൽ ആക്രമണങ്ങളെയും യുഎഇയുടെ പ്രതിരോധ സൈന്യം വിജയകരമായി തടഞ്ഞു. എന്നാൽ ആകാശത്തുവെച്ച് മിസൈലുകൾ തകർക്കപ്പെട്ടതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ യുഎഇ സർക്കാർ അനുശോചനം രേഖപ്പെടുത്തി.
ചില കെട്ടിടങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് എൻസിഇഎംഎ അറിയിച്ചു. അമേരിക്കയും ഇസ്രായേലും ശനിയാഴ്ച ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങളാണ് ഇപ്പോൾ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷണം നടത്തിവരികയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി പടർത്തരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
