പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും താഡ് സിസ്റ്റവും കരുത്തായി; ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവച്ച് തകര്‍ത്ത് സൗദി അറേബ്യ; റിയാദിന് മുകളില്‍ മിസൈലുകള്‍ തകരുന്നതിന്റെ പ്രകാശം കണ്ടതായി ദൃക്സാക്ഷികള്‍
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ സൗദി അറേബ്യ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച് മിസൈലുകളെ ആകാശത്തുവെച്ചുതന്നെ തകര്‍ത്ത സൗദി സൈന്യം, രാജ്യത്തിന് നേരെ വന്ന ഭീഷണിയെ പൂര്‍ണമായും നിഷ്പ്രഭമാക്കി.
തലസ്ഥാനമായ റിയാദ്, എണ്ണസമ്പന്നമായ കിഴക്കന്‍ പ്രവിശ്യ, അതിര്‍ത്തി നഗരമായ ജിസാന്‍ എന്നിവിടങ്ങളെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചിട്ടു. സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ എണ്ണ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തൊടുത്ത മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തും മുന്‍പേ തന്നെ തകര്‍ക്കപ്പെട്ടു. മിസൈലുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത ഇടങ്ങളില്‍ പതിച്ചതൊഴിച്ചാല്‍ മറ്റ് നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗദി അറേബ്യയുടെ കൈവശമുള്ള അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും, ദീര്‍ഘദൂര മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള താഡ് സിസ്റ്റവുമാണ് ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന് സുരക്ഷാ കവചമായത്. റിയാദിന് മുകളില്‍ മിസൈലുകള്‍ തകരുന്നതിന്റെ പ്രകാശം കണ്ടതായി ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി.
തങ്ങളുടെ പരമാധികാരത്തിന്മേല്‍ കടന്നുകയറാന്‍ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും നേരിടാന്‍ സൗദി അറേബ്യ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 'രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല. ഞങ്ങളുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഏത് ആക്രമണത്തെയും നേരിടാന്‍ പ്രാപ്തമാണ്' -മന്ത്രാലയം അറിയിച്ചു.
ആക്രമണശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും രാജ്യം അതീവ ജാഗ്രതയിലാണ്. അരാംകോ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി. റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകളില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
റിയാദ് മേഖലയെയും കിഴക്കന്‍ പ്രവിശ്യയെയും ലക്ഷ്യം വച്ചുണ്ടായ ഭീരുത്വപരവുമായ ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സൗദി അറേബ്യന്‍ പ്രതിരോധ സേന വിജയകരമായി ആക്രമണങ്ങളെ തടഞ്ഞെന്നും അക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നുംപ്രസ്താവയില്‍ പറയുന്നു.
യുഎഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഇറാന്റെ നഗ്‌നമായ കടന്നുകയറ്റത്തെയും ആക്രമണത്തെയും അപലപിക്കുന്നുവെന്നും സഹോദര രാജ്യങ്ങളോട് പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം അവര്‍ക്ക് പിന്തുണ നല്‍കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഏത് നടപടികളെയും പിന്തുണയ്ക്കും. രാഷ്ട്രങ്ങളുടെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പും നല്‍കി.
ഇറാനെ ലക്ഷ്യം വയ്ക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇറാന്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയത് അംഗീകരിക്കാനാവില്ല. യാതൊരു പ്രകോപനവുമില്ലാതെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ സുരക്ഷയും ഭൂപ്രദേശവും പൗരന്മാരുടെ സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി തിരിച്ചടി ഉള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.
