'മൈ ഫ്രണ്ട്' ഒടുവില്‍ വിലങ്ങഴിക്കുന്നു! അമേരിക്ക പുറത്താക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരടക്കം ഇത്തവണ കോസ്റ്ററിക്കയിലേക്ക്; വാണിജ്യ വിമാനത്തില്‍ എത്തിക്കും; പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കും; ഗ്വാട്ടിമാലയുടെ 'ക്ഷണം' സ്വീകരിക്കാതെ യു എസ്

അമേരിക്ക പുറത്താക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്‍ കോസ്റ്ററിക്ക

Update: 2025-02-18 14:03 GMT

വാഷിങ്ടണ്‍: അമേരിക്ക നാടുകടത്തുന്ന ഇന്ത്യക്കാരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ തയാറാണെന്ന് മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്ററീക്ക. സ്വന്തം രാജ്യത്തേക്ക് പോകുന്നത് വരെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടയേറ്റക്കാരെ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിക്കാന്‍ തയാറാണെന്നാണ് കോസ്റ്ററീക്ക അറിയിച്ചിരിക്കുന്നത്.

ഇവിടെ എത്തിക്കുന്നവരെ ആദ്യം പാനമയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ശേഷം അവരവരുടെ രാജ്യങ്ങളിലേക്ക് അയക്കാനാണ് പദ്ധതി. കുടിയേറ്റക്കാരെ വിമാനത്തില്‍ എത്തിക്കുന്നതു അടക്കമുള്ള ചെലവുകള്‍ യുഎസ് വഹിക്കുമെന്ന് കോസ്റ്ററിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ മൂന്ന് വിമാനങ്ങളില്‍ അഭയാര്‍ഥികളെ യു.എസ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഈയാഴ്ച ഇന്ത്യയിലേക്കും മധ്യ ഏഷ്യയിലേക്കുമുള്ള അഭയാര്‍ഥികളുമായുള്ള വിമാനങ്ങള്‍ കോസ്റ്ററീക്കയിലെത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ പനാമയും സമാനമായ രീതിയില്‍ അഭയാര്‍ഥികളെ നാടുകടത്തുന്നതിനുള്ള പാലമായി പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച യു.എസില്‍ നിന്നുള്ള അഭയാര്‍ഥികളുമായി വന്ന മൂന്ന് വിമാനങ്ങളാണ് പനാമയില്‍ ഇറങ്ങിയത്. കുടിയേറ്റക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ഒരു പാലമായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് കോസ്റ്ററീക്ക അറിയിച്ചിരിക്കുന്നത്.

യു.എന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ നിര്‍ദേശപ്രകാരമായിരിക്കും ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുക. രാജ്യത്തെ പ്രധാനവിമാനത്താവളമായ സാന്‍ ജോസിലേക്ക് എത്തുന്ന അഭയാര്‍ഥികളെ രാജ്യത്തിന്റെ തെക്കന്‍ പ്രദേശത്തേക്കാവും മാറ്റുകയെന്നും കോസ്റ്റാറിക്ക അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും അനധികൃതമായി കുടിയേറിയവരില്‍ നാലാമത്തെ സംഘത്തെ ബുധനാഴ്ച യുഎസ് പുറത്താക്കും. പക്ഷേ ഇവര്‍ എത്തുക ഇന്ത്യയിലേക്കല്ല. ഇവരുടെ സഞ്ചാരം സൈനിക വിമാനത്തിലുമാവില്ല. കോസ്റ്ററിക്കയിലേക്കാണ് ഇക്കുറി ഇന്ത്യക്കാരുള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് അയക്കുന്നത്. ഇതോടെ യുഎസ് പുറത്താക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്ന മൂന്നാമത്തെ മധ്യഅമേരിക്കന്‍ രാജ്യമായി കോസ്റ്ററിക്ക മാറി.

അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തങ്ങള്‍ തയാറാണെന്നു തിങ്കളാഴ്ചയാണ് കോസ്റ്ററിക്ക അറിയിച്ചത്. അമേരിക്ക പുറത്താക്കുന്നവരെ വാണിജ്യ വിമാനത്തിലാവും കോസ്റ്ററിക്കയില്‍ എത്തിക്കുക. യുഎസ് പുറത്താക്കിയ ചൈന, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 119 അനധികൃത കുടിയേറ്റക്കാരെ അടുത്തിടെ പാനമ സ്വീകരിച്ചിരുന്നു. അതേസമയം കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ സമ്മതം അറിയിച്ചിട്ടും ഇതുവരെ ഗ്വാട്ടിമാലയിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കാന്‍ യുഎസ് തയ്യാറായിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് യുഎസ് സ്വീകരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ വിലങ്ങണിയിച്ച് മൂന്നു പ്രാവശ്യമാണ് പഞ്ചാബില്‍ എത്തിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി യുഎസ് സന്ദര്‍ശിച്ച ശേഷവും ഈ നടപടിയില്‍ നിന്നും ഡോണള്‍ഡ് ട്രംപ് പിന്‍വാങ്ങിയിരുന്നില്ല.

Tags:    

Similar News