യുക്രെയിനില്‍ യൂറോപ്യന്‍ സമാധാന സേനയെ ഒരുകാരണവശാലും അനുവദിക്കില്ല; ഏതുരൂപത്തില്‍ യൂറോപ്യന്‍ സേന വന്നാലും അത് സംഘര്‍ഷം കൂട്ടുന്നതിന് കാരണമാകും; യുദ്ധം അവസാനിപ്പിക്കാന്‍ റിയാദിലെ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉപാധികള്‍ കടുപ്പിച്ച് റഷ്യ; ഒറ്റയടിക്ക് റഷ്യ തള്ളിയത് കെയര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം; ആദ്യ ഘട്ട ചര്‍ച്ചയില്‍ സംഭവിച്ചത്
യുക്രെയിനില്‍ യൂറോപ്യന്‍ സമാധാന സേനയെ ഒരുകാരണവശാലും അനുവദിക്കില്ല
റിയാദ്: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധമെന്ന് റഷ്യ റിയാദിലെ ആദ്യവട്ട ചര്‍ച്ചകളില്‍ അറിയിച്ചെങ്കിലും സമാധാന ഉടമ്പടിക്കായി യൂറോപ്യന്‍ സമാധാന സേനയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. റഷ്യയുടെ ഉപവിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഗ്രൂഷ്‌കോയാണ് റഷ്യയുടെ ടാസ് ഏജന്‍സിയോട് ഇക്കാര്യം പറഞ്ഞത്. ഏതുരൂപത്തില്‍ യൂറോപ്യന്‍ സേന വന്നാലും അത് സംഘര്‍ഷം കൂട്ടുന്നതിന് വഴിവയ്ക്കും, ഇക്കാര്യം പലവട്ടം പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു.
യുക്രെയിന്റെ സുരക്ഷയ്ക്കായി സൈന്യത്തെ അയയ്ക്കാന്‍ തയ്യാറെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതാണ് ഒറ്റയടിക്ക് റഷ്യ തള്ളിക്കളഞ്ഞത്. യുക്രെയിനെയോ, സെലന്‍സ്‌കിയെയോ, യൂറോപ്യന്‍ നേതാക്കളെയോ ഉള്‍പ്പെടുത്താതെയാണ് ആദ്യവട്ട ചര്‍ച്ച നടന്നത്. ഇത് യുക്രെയിനും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏതുചര്‍ച്ചയിലും യുക്രെയിനും യൂറോപ്പും ഭാഗഭാക്കാകുമെന്ന് അമേരിക്ക നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണ്. തങ്ങളെ ഉള്‍പ്പെടുത്താതെയുള്ള ഒരു കരാറും അംഗീകരിക്കില്ലെന്ന് സെലന്‍സ്‌കി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
നേരത്തെ യൂറോപ്പ് സ്വന്തം സേനയുണ്ടാക്കണമെന്ന ആവശ്യവുമായി സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. 'അതിനുള്ള സമയം വന്നിരിക്കുകയാണ്. ഞങ്ങളെ പിന്തുണക്കുന്നവരെ ഉള്‍പ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല. യുക്രെയ്നില്ലാതെ യുക്രെയ്നെ സംബന്ധിച്ച് ഒരു ചര്‍ച്ചയുമുണ്ടാവില്ല. യുറോപ്പില്ലാതെ യുക്രെയിനെ കുറിച്ച് ഒരു തീരുമാനവും ഉണ്ടാവില്ലെന്നും' സെലന്‍സ്‌കി പറഞ്ഞു.
റിയാദില്‍ നടന്ന ആദ്യവട്ട റഷ്യ-അമേരിക്ക ചര്‍ച്ച നാലര മണിക്കൂറോളം നീണ്ടുനിന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നാണ് റഷ്യ അറിയിച്ചത്. റിയാദിലെ ദിരിയ്യ കൊട്ടാരത്തില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ അല്‍ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകന്‍ മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്റെയും മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. ട്രംപിന്റെ പ്രതിനിധികളായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് മധ്യേഷ്യ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സ് എന്നിവര്‍ പങ്കെടുത്തു. റഷ്യയുടെ ഭാഗത്തുനിന്നു വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകന്‍ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ സംഘങ്ങള്‍
യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ സംഘങ്ങളെ നിയോഗിക്കാനാണ് അമേരിക്കയും റഷ്യയും തീരുമാനിച്ചത്. റിയാദില്‍ നടന്ന യോഗത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് എന്നിവരാണ് ഈ തീരുമാനം എടുത്തത്.
എല്ലാ പക്ഷങ്ങള്‍ക്കും സ്വീകാര്യമായ വിധം യുക്രെയിനിലെ സംഘര്‍ഷത്തിന് സ്ഥിരവും സ്ഥായിയുമായ പരിഹാരം കാണാന്‍ ഉന്നതതലസംഘങ്ങളെ നിയോഗിക്കാനാണ് ധാരണയായത്. യുഎസ് വിദേശകാര്യ വക്താവ് ടാമി ബ്രൂസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഉചിതമായ സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് മാത്രമാണ് റഷ്യന്‍ മധ്യസ്ഥനായ യൂറി ഉഷകോവ് സര്‍ക്കാര്‍ ടെലിവിഷനെ അറിയിച്ചത്.
ഭാവിയിലെ സഹകരണത്തിനുള്ള അടിത്തറയിടുകയാണ് ചെയ്തതെതന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുപ്രധാനമായ ചുവട് വയ്പ് എന്നാണ് ഇരുപക്ഷവും ചര്‍ച്ചകളെ വിശേഷിപ്പിച്ചത്. കഴിഞ്ഞാഴ്ച ഡൊണള്‍ഡ് ട്രംപും വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചതോടെയാണ് സംഘര്‍ഷ പരിഹാരത്തിന് കളമൊരുങ്ങിയത്.
2022 ഫെബ്രുവരി 24 ന് യുക്രെയിനില്‍ റഷ്യ അധിനിവേശം നടത്തിയതിന് ശേഷം ഇതാദ്യമായാണ് റഷ്യന്‍ അമേരിക്കന്‍ പ്രതിനിധികള്‍ ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തുന്നത്. ആവശ്യമെങ്കില്‍ യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി പുതിന്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രതിനിധി ചര്‍ച്ചയില്‍ അറിയിച്ചു.
ഉഭയകക്ഷി ബന്ധത്തിലെ അസ്വസ്ഥതകളെ അഭിസംബോധന ചെയ്യാന്‍ ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ സമ്മതിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത യു.എസ്. വിദേശകാര്യ വക്താവ് ടാമി ബ്രൂസ് പ്രസ്താവനയില്‍ അറിയിച്ചു. ഒരു ഫോണ്‍ കോളും അതിന് ശേഷമുള്ള യോഗവും കൊണ്ട് മാത്രം ശാശ്വതമായൊരു പരിഹാരം കാണുക സാധ്യമല്ല. നടപടിയുമായി മുമ്പോട്ട് പോകേണ്ടതുണ്ട്. ചര്‍ച്ചയില്‍ കൂടി സുപ്രധാന ചുവടുവെപ്പ് നടത്തി എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
റിയാദില്‍ നടന്ന യുഎസ് - റഷ്യ ചര്‍ച്ചയുടെ ലക്ഷ്യം ആശയവിനിമയമായിരുന്നുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. 'സംഘര്‍ഷം അവസാനിക്കാന്‍ ആ സംഘര്‍ഷത്തിലുള്ള എല്ലാവരും കരാറില്‍ സംതൃപ്തരായിരിക്കണം. എല്ലാവര്‍ക്കും അത് സ്വീകാര്യമായിരിക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയിന്‍ പ്രതിനിധികള്‍ ആരുംതന്നെ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. യുക്രെനിനെ ചര്‍ച്ചയില്‍ നിന്ന് മാറ്റിനിര്‍ത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍, 'ഇവിടെ ആരേയും മാറ്റിനിര്‍ത്തുന്നില്ല. ചര്‍ച്ചയിലൂടെ അമേരിക്കയ്ക്കും, യൂറോപ്പിനും യുക്രെയിനിനും ലോകത്തിനും ഏറെ ഗുണകരമായ കാര്യങ്ങള്‍ ഉണ്ടായേക്കാം' എന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപും വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കുക എന്നതും ചര്‍ച്ചയുടെ ലക്ഷ്യമായിരുന്നു. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് പുറമേ പശ്ചിമേഷ്യാകാര്യത്തിനുള്ള ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് എന്നിവരാണ് യു.എസില്‍നിന്ന് ചര്‍ച്ചയ്‌ക്കെത്തിയത്. അതേസമയം യുക്രെയിനെയും യൂറോപ്യന്‍ രാജ്യങ്ങളെയും മാറ്റിനിര്‍ത്തിയാണ് ചര്‍ച്ച എന്നതും ശ്രദ്ധേയമാണ്. യുക്രെയിന്‍ സമാധാനചര്‍ച്ചയില്‍ യൂറോപ്യന്‍ പ്രതിനിധികളെ ക്ഷണിക്കാന്‍ കാരണം കാണുന്നില്ലെന്നാണ് ലാവ്‌റോവ് നേരത്തെ പറഞ്ഞിരുന്നു. യുക്രെയിന്‍ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു.