ഒരു ദിവസം 1500 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; ഓരോ ഉദ്യോഗസ്ഥനും പിടിക്കേണ്ടത് 75 പേരെ; ടാര്‍ഗറ്റ് പാലിക്കാത്തതില്‍ പദവി പോയത് ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്; കുടിയേറ്റമൊഴിപ്പിക്കലില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്; മെക്‌സികോ അതിര്‍ത്തി അടച്ചും നടപടികള്‍
വാഷിങ്ടണ്‍: മതിയായ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ നീക്കം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) ആക്ടിംഗ് ഡയറക്ടറായ കാലേബ് വിറ്റെല്ലോയെയാണ് പുറത്താക്കിയത്. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ 37000 പേരെയാണ് ഡോണാള്‍ഡ് ട്രംപ് നാടു കടത്തിയത്. ഈ കണക്കുകള്‍ ട്രംപിനെ സന്തോഷിപ്പിക്കുന്നില്ല. ഇതാണ് ഉദ്യോഗസ്ഥനെ മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍.
കുടിയേറ്റക്കാരുടെ നാടുകടത്തല്‍ പ്രതീക്ഷിച്ചതിലും കുറവായതിനാലാണ് നടപടി. പ്രതിദിനം 1500 കുടിയേറ്റക്കാരെ പിടികൂടണമെന്നാണ് നിര്‍ദ്ദേശം. ഇതിനൊപ്പം 75 പുതിയ കുടിയേറ്റക്കാരെ ഓരോ ഉദ്യോഗസ്ഥരും കണ്ടെത്തണമെന്നും നിര്‍ദ്ദേശം മുമ്പോട്ട് വച്ചിരുന്നു. ഇത് നടപ്പാക്കാന്‍ കഴിയാത്തതു കൊണ്ടാണ് വിറ്റല്ലോയെ മാറ്റിയത്. നേരത്തെ ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ നിര്‍ണ്ണായക ചുമതല വഹിച്ച വ്യക്തിയെയാണ് ഇപ്പോള്‍ മാറ്റുന്നത്. കുടിയേറ്റ നിരോധ നനടപടിയുടെ ഭാഗമായി യു എസ്-മെക്‌സിക്കോ അതിര്‍ത്തി അടച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് മെക്‌സിക്കോയുമായി അമേരിക്ക കരാറില്‍ ഒപ്പുവെയ്ക്കുകയും എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് നടപടി.
അതിനിടെ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക രംഗത്തു വന്നു. കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന നടപടിക്ക് അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോസ്റ്ററീക്ക പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നുമുള്ളവരായിരിക്കും രാജ്യത്ത് എത്തുകയെന്നും കോസ്റ്റാറിക്ക അറിയിച്ചിട്ടുണ്ട്. പനാമയ്ക്കും ഗ്വാട്ടിമലയ്ക്കും പിന്നാലെയാണ് കോസ്റ്റാറിക്കയും അനധികൃത കുടിയേറ്റക്കാര്‍ക്ക് താത്കാലിക അഭയമൊരുക്കാന്‍ സന്നദ്ധത അറിയിച്ചത്. ഇതുപ്രകാരം ഇന്ത്യയില്‍ നിന്നും മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള 200 കുടിയേറ്റക്കാരെ യാത്രാ വിമാനത്തില്‍ ബുധനാഴ്ച കോസ്റ്റാറിക്കയില്‍ എത്തിക്കും.
യുഎസ് വിമാനത്തില്‍ കോസ്റ്റാ റീക്കയിലെത്തിക്കുന്ന അനധികൃത കുടിയേറ്റക്കാരെ ആദ്യം പാനമ അതിര്‍ത്തിക്കടുത്തുള്ള ഒരു താല്‍ക്കാലിക മൈഗ്രന്റ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. തുടര്‍ന്ന് ഇവരെ അവരവരുടെ ജന്മദേശങ്ങളിലേക്ക് അയക്കും. പൂര്‍ണമായും അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കുടിയേറ്റക്കാരെ കോസ്റ്ററീക്കയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) നിയന്ത്രണത്തിലാകുമെന്നാണ് വിവരം.
നേരത്തെ പാനമയും ഗ്വാട്ടിമലയും അമേരിക്കയുമായി സമാനമായ കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പനാമയിലേക്ക് കഴിഞ്ഞ ആഴ്ച 119 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക അയച്ചിരുന്നു. ചൈന, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പനാമയിലേക്ക് മാറ്റിയത്.
കുടിയേറ്റം, അമേരിക്ക, ട്രംപ്