'ആ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്'; മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യ ചിത്രം പങ്കുവെച്ച് അതിജീവിത; 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പിലൂടെ പിണറായി നല്‍കുന്ന സന്ദേശമെന്ത്? ചര്‍ച്ചയായി ആ വാചകം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടിയിരുന്നു. 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായി ആദ്യം പീഡന പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ ഈ വാചകങ്ങള്‍ കുറിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കപ്പില്‍ ഈ വാചകങ്ങള്‍ ഇടംപിടിച്ചതോടെ അതിജീവിതയോടുള്ള ഐക്യദാര്‍ഢ്യമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യത്തോട് പ്രതികരിച്ച് അതിജീവിത ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു. ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ടെന്നാണ് 'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് അതിജീവിത കുറിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകള്‍. 'ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍നിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടെന്നും തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു എന്നും രാഹുലിനെതിരെ പരാതി നല്‍കിയ ആദ്യകേസിലെ അതിജീവിത ഫേയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യവും പിന്നാലെ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ടെന്ന് മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കുന്നതും.
അതേസമയം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഈ കേസില്‍ ക്രൈം നിലനില്‍ക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു.
