കാല്‍നട സഞ്ചാരികള്‍ക്കിടയിലൂടെ കാറോടിച്ച് അറബ് വംശജന്‍; വടക്കന്‍ ഇസ്രായേലിലെ ഭീകരാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്; കാറില്‍ നിന്നിറങ്ങി കത്തിയെടുത്ത് കുത്താന്‍ തുടങ്ങിയപ്പോള്‍ ഭീകരനെ വെടിവച്ച് കൊന്ന് ഇസ്രയേലി പോലീസ്; എല്ലാം നടുക്കുന്ന ഓര്‍മ്മ
ജെറുസലേം: വടക്കന്‍ ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഭീകരാക്രമണമാണെന്നാണ് സംശയമെന്ന് അധികൃതരെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം വൈകിട്ട് 4.18നാണ് സംഭവം. വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65 ലാണ് വാഹനം കാല്‍നടയാത്രക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റിയത്.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. സംഭവവുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന ഒരാള്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞിരുന്നു. ഇയാള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഒരു ബസ് സ്റ്റാന്‍ഡിലെ ജനങ്ങള്‍ക്കിടയിലേക്കാണ് ഇയാള്‍ വാഹനമോടിച്ച് കയറ്റിയത്. തുടര്‍ന്ന് ഒരു കത്തിയുമായി പുറത്തിറങ്ങി ആളുകളെ ആക്രമിക്കുകയായിരുന്നു. വീണ്ടും വാഹനത്തില്‍ കയറിയ ഇയാള്‍ ഒരു പോലീസ് വാഹനത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു.
തുടര്‍ന്ന് അക്രമിയെ വെടിവെച്ചു കൊന്നതായി ഇസ്രയേല്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇരുപത്തിനാലുകാരനായ ഇയാള്‍ ഇസ്രയേലില്‍ താമസമാക്കിയ അറബ് വംശജനാണേ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. എന്നാല്‍ ഇസ്രയേലിലെ സര്‍ക്കാര്‍ മാധ്യമസ്ഥാപനമായ കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അക്രമി 53 കാരനായ ഫലസ്തീന്‍കാരന്‍ ആണെന്നാണ്. ഉത്തര സമരിയക്കാരനായ ഇയാള്‍ ഇസ്രയേല്‍ വനിതയെ വിവാഹം കഴിച്ചതിന് ശേഷം അനധികൃതമായി ഇസ്രയേലില്‍ താമസിക്കുകയായിരുന്നു എന്നാണ് കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം ഈ ആക്രമണത്തെ ഹമാസ് തീവ്രവാദ സംഘടന സ്വാഗതം ചെയ്തു. ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങളുടേയും അധിനിവേശത്തിന്റെയും എതിരെയുള്ള സ്വാഭാവികമായ പ്രതികരണം മാത്രമാണ് ഈ ആക്രമണം എന്നാണ് അവരുടെ ന്യായീകരണം. ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഇസ്രയേലിന് നേര്‍ക്ക് നടത്താനും ഹമാസ് നേതൃത്വം ആഹ്വാനം ചെയ്തു. ഒരു കറുത്ത വാഹനമാണ് ബസ് സ്റ്റാന്‍ഡിലെ ജനങ്ങള്‍ക്ക് നേരേ പാഞ്ഞു കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കുറേ സമയത്തേക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് കാര്‍ മടങ്ങിയതെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച ഇസ്രയേലില്‍ മൂന്ന് ബസുകള്‍ക്കുള്ളില്‍ വന്‍ സ്ഫോടനം നടന്നിരുന്നു. ബസുകള്‍ നിര്‍ത്തിയിട്ടിരുന്നത് കാരണം ദുരന്തം ഒഴിവാകുകയായിരുന്നു. തീവ്രവാദികള്‍ ബോംബിന്റെ ടൈമര്‍ വെച്ചത് മാറിപ്പോയത് കാരണമാണ് ആള്‍നാശം ഉണ്ടാകാത്തതെന്നാണ് പിന്നീട് മനസിലായത്. രാവിലെ തിരക്കുള്ള സമയത്ത് സ്ഫോടനം നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുമായിരുന്നു.