സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ കളിയാക്കി തുടങ്ങി; വൈസ് പ്രസിഡന്റ് നിര്‍ബന്ധിച്ച് നന്ദി പറയിക്കാന്‍ ശ്രമിച്ചു; രാജ്യം അടിയറ വച്ചിട്ടും തൃപ്തിയാവാത്ത മാടമ്പിയുടെ മുന്‍പില്‍ ഒരു നിമിഷം നിയന്ത്രണം വിട്ട അടിമയെ പോലെ പൊട്ടിത്തെറിച്ചു; അഹങ്കാരം തലക്ക് പിടിച്ച ട്രംപും കൂട്ടരും വളഞ്ഞിട്ട് ആക്രമിച്ചു വിട്ടു: ഇന്നലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ സംഭവിച്ചത്
ന്യൂയോര്‍ക്ക്: ഇന്നലെ അമേരിക്കന്‍ പ്രസിഡന്റിന്റ ഓഫീസില്‍ ഉണ്ടായത് അത്യന്തം നാടകീയമായ രംഗങ്ങളായിരുന്നു. രണ്ട് രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ചര്‍ച്ചക്കെത്തിയിട്ട് ഇത്തരത്തില്‍ ഒരു അടിച്ചുപിരിയല്‍ ഉണ്ടാകുന്നത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും. അമേരിക്ക നല്‍കിയ സൈനിക സഹായത്തിന് പകരമായി യുക്രൈന്‍ അവരുടെ ധാതുസമ്പത്ത് നല്‍കാനുള്ള കരാറില്‍ ഒപ്പിടുന്നതിന് വേണ്ടിയാണ് സെലന്‍സ്‌കി വൈററ്ഹൗസില്‍ എത്തിയത്. ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ സൗഹൃദത്തോടെ തന്നെയാണ് സെലന്‍സ്‌കിയെ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് ഇവരുടെ സംഭാഷണം വഴിതെറ്റുക ആയിരുന്നു. സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ ട്രംപ് കളിയാക്കിയതാണ് ആദ്യ പ്രകോപനം സൃഷ്ടിച്ചത്.
സാധാരണയായി രാഷ്ട്രത്തലവന്‍മാര്‍ സ്യൂട്ട് പോലെയുള്ള ഔപചാരിക വസ്ത്രങ്ങളോ അതല്ലെങ്കില്‍ അവരവരുടെ രാജ്യത്തെ പാരമ്പര്യ വസ്ത്രങ്ങളോ ആണ് ധരിക്കാറുള്ളത്. എന്നാല്‍ സെലന്‍സ്‌കി സാധാരണ വേഷത്തിലാണ് എത്തിയത്. ഇതിനെയാണ് ട്രംപ് കളിയാക്കിയത്. കൂടാതെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി സെലന്‍സ്‌കി കടുപ്പിച്ച് സംസാരിച്ചതും ട്രംപിന് ഇഷ്ടമായില്ല. കഴിഞ്ഞയാഴ്ച മ്യൂണിക്കില്‍ വെച്ച് വാന്‍സും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ധാതുസമ്പത്ത് വിട്ടു തരുന്നതിന് പകരമായി അമേരിക്ക യുക്രൈന് നേരത്തേ നല്‍കി വന്നിരുന്ന സുരക്ഷാ ഉറപ്പുകള്‍ തുടരണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഇതിന് അമേരിക്കന്‍ അധികൃതര്‍ മറുപടി പറയുമ്പോള്‍ സെലന്‍സ്‌കിയുടെ ശരീരഭാഷ പെട്ടെന്ന് മാറുകയായിരുന്നു എന്നാണ് ആരോപണം.
സംഭാഷണങ്ങള്‍ക്കിടയില്‍ ട്രംപ് ജോ ബൈഡന്‍ സര്‍ക്കാരിനെ നിരന്തരം കുറ്റപ്പെടുത്തിയപ്പോള്‍ സെലന്‍സ്‌കി കുഴപ്പങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനാണെന്ന് കുറ്റപ്പെടുത്തി. പുട്ടിന്‍ ആളുകളെ കൊന്നു തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചര്‍ച്ചകള്‍ക്കിടയില്‍ വൈസ് പ്രസിഡന്റ് ഡെ.ഡി വാന്‍സിനെ സെലന്‍്സ്‌കി വാന്‍സ് എന്ന് മാത്രം വിളിച്ചത് ട്രംപിന് ഇഷ്ടമായില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇത്തരത്തില്‍ പെരുമാറുന്നത് മര്യാദയല്ലെന്ന് വാന്‍സ് തിരിടിച്ചു. യുക്രൈനിലെ ജനങ്ങളുടെ ദുരിതം നേരിട്ട്് കാണാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും നേരിട്ട വന്നിട്ടുണ്ടോ എന്ന് സെലന്‍സ്‌കി വാന്‍സിനോട് തിരികെ ചോദിച്ചു. സെലന്‍സ്‌കിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും വാന്‍സ് പൊട്ടിത്തെറിച്ചു. സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ സന്നദ്ധമായാല്‍ മടങ്ങിവരൂവെന്നായിരുന്നു സെലെന്‍സ്‌കിയോടുള്ള ട്രംപിന്റെ പ്രതികരണം.
പിന്നാലെ ഇരു നേതാക്കളും ചേര്‍ന്ന് നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇതോടെ സൗദിയില്‍വെച്ച് യു.എസും റഷ്യയും ചേര്‍ന്ന് പ്രഖ്യാപിച്ച യുക്രൈന്‍ സമാധാനശ്രമങ്ങളുടെ ഭാവി തുലാസിലായി. കൂടിക്കാഴ്ചക്കിടെ, സെലെന്‍സ്‌കി യു.എസിനോട് കാണിക്കുന്നത് നന്ദികേടാണെന്ന് ട്രംപ് പറഞ്ഞു. സെലെന്‍സ്‌കിയെ നന്ദിപറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. 35000 കോടി ഡോളറിന്റെ സഹായം യു.എസ്. നിങ്ങള്‍ക്ക് നല്‍കി. നിങ്ങള്‍ക്ക് സൈനികോപകരണങ്ങള്‍ പോലുമില്ലായിരുന്നു. യു.എസ്. പിന്തുണയില്ലായിരുന്നെങ്കില്‍ യുദ്ധത്തില്‍ എന്നേ അടിപതറിയേനെയെന്നും ട്രംപ് സൂചിപ്പിച്ചു. നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണെന്നും ജയിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കി. നിങ്ങളൊരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അമേരിക്കന്‍ മാധ്യമങ്ങളുടെ മുന്നില്‍ നന്ദി പറയണമെന്ന് ആവശ്യപ്പെട്ടു. പ്രകൃതിവിഭവക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. യുക്രൈനുള്ള സുരക്ഷാഉറപ്പ് വാഗ്ദാനം ചെയ്യാത്തതാണ് കരാര്‍.
റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തിന് നല്‍കിയ സഹായത്തിനു പ്രതിഫലമായാണ് യുക്രൈന്റെ പ്രകൃതിവിഭവങ്ങളിലെ വരുമാനത്തിന്റെ പങ്ക് യു.എസ്. ആവശ്യപ്പെടുന്നത്. പുതിന്റെ റഷ്യ അധിനിവേശം നടത്തി യുക്രൈന്റെ വലിയൊരു ഭാഗം അധീനതയിലാക്കി. 2014 മുതല്‍ ക്രിമിയയില്‍ അടക്കം കയ്യേറ്റം നടത്തിയ കാലത്തൊന്നും പുതിനെ യു.എസ് പ്രസിഡന്റുമാര്‍ ആരും തടഞ്ഞില്ല എന്ന് സെലന്‍സ്‌കി തിരിച്ചടിച്ചു. ജനങ്ങള്‍ മരിച്ചുവീഴുകയാണ്. 2019 ല്‍ പുതിനുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതാണ്. എന്നാല്‍ അതിന് ശേഷവും കരാര്‍ പുതിന്‍ ലംഘിച്ചു. തടവുകാരെ പരസ്പരം കൈമാറുള്ള കരാറില്‍ ഒപ്പിട്ടിട്ടും പുതിന്‍ അതിന് തയ്യാറായില്ല. പിന്നെ എന്ത് നയതന്ത്രമാണ് നിങ്ങള്‍ പറയുന്നതെന്ന് വാന്‍സിനോട് സെലന്‍സ്‌കി ചോദിച്ചു. ഈ ഘട്ടത്തില്‍ നിങ്ങള്‍ ഇപ്പോള്‍ സുരക്ഷിതാവസ്ഥയിലല്ല ഇപ്പോഴുള്ളതെന്ന് പറഞ്ഞ ട്രംപ് മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചുവരുത്തുകയാണെന്നും പറഞ്ഞു. അമേരിക്കയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
യുക്രൈന്‍ വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് പലയാവര്‍ത്തി പറഞ്ഞു. അമേരിക്ക ചെയ്ത സഹായത്തിന് നന്ദി വേണമെന്ന് ട്രംപും വാന്‍സും പലവട്ടം ആവശ്യപ്പെട്ടു. നന്ദിയുള്ളവനാണെന്ന് മറുപടി നല്‍കിയ സെലന്‍സ്‌കി കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് വ്യക്തമാക്കി.