യുദ്ധക്കളത്തില്‍ യുക്രൈനെ വലിയ തോതില്‍ ആക്രമിക്കുകയാണ് റഷ്യ; വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് എതിരെ ബാങ്കിംഗ് ഉപരോധവും താരിഫ് വര്‍ദ്ധനയുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് യൂറോപ്പിനെ തണുപ്പിക്കാനുള്ള നീക്കമോ?
ന്യുയോര്‍ക്ക്: റഷ്യ-യുക്രൈന്‍ യുദ്ധം ഒത്തുതീര്‍ക്കാനിറങ്ങി യൂറോപ്യന്‍ രാജ്യങ്ങളുടെ ശത്രുത ഏറ്റുവാങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ അവരെ തണുപ്പിക്കാനുള്ള നമ്പറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് റഷ്യക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത് എന്ന് വേണം കരുതാന്‍.
റഷ്യക്കെതിരെ വലിയ തോതിലുളള ഉപരോധങ്ങളും ഉയര്‍ന്ന താരിഫുകളും പരിഗണനയില്‍ ആണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യുദ്ധക്കളത്തില്‍ റഷ്യ ഇപ്പോള്‍ യുക്രൈനെ വലിയ തോതില്‍ ആക്രമിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിലേക്ക് റഷ്യ ഉടനേ എത്തിയില്ലെങ്കില്‍ അവര്‍ക്ക് എതിരെ ബാങ്കിംഗ് ഉപരോധവും താരിഫ് വര്‍ദ്ധനയും പരിഗണനയില്‍ ആണെന്നാണ് ട്രംപ് പറഞ്ഞത്.
ഉടന്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാകാനും റഷ്യയോട് ട്രംപ് കര്‍ശനമായി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുമായി വൈറ്റ്ഹൗസില്‍ നടന്ന വാക്പോരിന് ശേഷം ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഈ സംഭവത്തിന് ശേഷം ലണ്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍ ഒത്തുകൂടി യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പല രാജ്യങ്ങളും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലായിരിക്കാം യൂറോപ്യന്‍ രാജ്യങ്ങളെ പിണക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പുതിയ നിലപാട് സ്വീകരിക്കാന്‍ ട്രംപ് നിര്‍ബന്ധിതനായത് എന്ന് വേണം കരുതാന്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ ഒന്നടങ്കം പിണക്കിക്കൊണ്ട് മുന്നോട്ട പോകാന്‍ കഴിയുകയില്ലെന്ന കാര്യം ഒടുവില്‍ ട്രംപും മനസിലാക്കിയിരിക്കുന്നു എന്ന് വേണം കരുതാന്‍. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഇരുപത്തി ഒന്നായിരത്തിലധികം ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം യുക്രൈന് നല്‍കിയിരുന്ന സൈനിക സഹായം അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. യുദ്ധത്തില്‍ ഇത് യുക്രൈന് വലിയ തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്. യുക്രൈനെ ഒറ്റപ്പെടുത്താനും റഷ്യയെ ഏകപക്ഷീയമായി സഹായിക്കാനുമാണ് ട്രംപ് ശ്രമം നടത്തുന്നതെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ട്രംപ് ചുവട്മാറ്റം നടത്തുന്നത് എന്ന് വേണം കരുതാന്‍. ജോബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്ക യുക്രൈന് നല്‍കിയിരുന്ന പല സഹായങ്ങളും പിന്‍വലിക്കാനാണ് ട്രംപ് നീക്കം നടത്തുന്നത്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.