ഇസ്രയേലില്‍ ഭീതി വിതച്ച ഭീകരന്‍ ബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തി; കടല്‍ കടന്ന് അഭയാര്‍ത്ഥിയായി എത്തിയത് സകല ജൂതരെയും കൊന്നു കളയണമെന്ന് വിശ്വസിക്കുന്ന ടയര്‍ ബേണിംഗ് യൂണിറ്റിലെ അംഗമായ ഫലസ്തീന്‍ ഭീകരന്‍

Update: 2025-03-09 01:39 GMT

ലണ്ടന്‍: ചെറു യാനത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയ പലസ്തീന്‍ വംശജന്‍ അബു വേഡീയാണ് ഇപ്പോള്‍ വിവാദത്തിന്റെ നിഴലിലായിരിക്കുന്നത്. ഗാസയിലെ ഭീകരാന്തരീക്ഷത്തില്‍ നിന്നും ജീവിന്‍ കൈയ്യില്‍ പിടിച്ചെത്തിയ നിഷ്‌കളങ്കനൊന്നുമല്ല വേഡീ. എ കെ 47 കൈകളിലേന്തി എല്ലാ യഹൂദന്മാരെയും വധിക്കണമെന്ന് ആക്രോശിച്ച ഭീകരനാണ്. മെയില്‍ ഓണ്‍ ലൈന്‍ ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഒരിക്കല്‍ ഇസ്രയേലിനെ ഭീതിയിലാഴ്ത്തിയ ഭീകരവാദി സംഘത്തിലെ അംഗമായ ഇയാള്‍ യഹൂദന്മാരെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇട്ടിട്ടുള്ളത്.

അത്തരത്തില്‍, കഴിഞ്ഞ സെപ്റ്റംബറില്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു വീഡിയോയില്‍ അയാള്‍ പറയുനന്ത് അള്ളാഹു യഹൂദന്മാരെ പൂര്‍ണ്ണമായും നശിപ്പിക്കട്ടെ എന്നാണ്. ഒരു യഹൂദനെ പോലും ബാക്കി വയ്ക്കരുതെന്നും യഹൂദന്മാരെയും അവരൊട് അടുപ്പം, കാണിക്കുന്നവരെയും നശിപ്പിക്കണമെന്നും ഇയാള്‍ ദൈവത്തിനോട് ആവശ്യപ്പെടുന്നുണ്ട്. മെയില്‍ ഓണ്‍ലൈന്‍ ഇക്കാര്യം പുറത്തു വന്നതിനെ തുടര്‍ന്ന് വേഡിയുടെ തീവ്രവാദ പശ്ചാത്തലത്തെ കുറിച്ച് അറിയില്ല എന്നാണ് ഹോം ഓഫീസ് പ്രതികരിച്ചത്. ഇത്തരത്തിലൊരു കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും അറസ്റ്റുകള്‍ നടന്നതായി അറിയില്ലെന്ന് കെന്റ് പോലീസും പറയുന്നു.

മെയില്‍ ഓണ്‍ലൈന്‍ പുറത്തു കൊണ്ടുവന്ന വാര്‍ത്ത കണ്ട് നടുങ്ങിയിരിക്കുകയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും സുരക്ഷാ വിദഗ്ധരും. വേഡിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. ഇതോടെ അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണം എന്ന ആവശ്യവും കൂടുതല്‍ ശക്തമാവുകയാണ്. ചാനല്‍ കടന്നെത്തിയ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഒരു അറിവുമില്ലെന്ന് ഹോം ഓഫീസ് പറയുന്നു. ഇയാള്‍ ബ്രിട്ടീഷ് സമൂഹത്തിന് ഒരു ഭീഷണി തന്നെയാണെന്ന് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി കൂടിയായ ടോറി വക്താവ് റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു.

ഒക്ടോബര്‍ 7 ല്‍ ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മുന്‍പ് തന്നെ വേഡീ ഗാസ വിട്ടിരുന്നു. എന്നാല്‍, ഇയാള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാസ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇസ്രയേലി സൈനികര്‍ക്ക് നേരെ ബോംബുകളും പാറകളും ഉപയോഗിച്ച് ആക്രമണം നടത്തുന്ന ടയര്‍ ബേണിംഗ് യൂണിറ്റ് എന്നറിയപ്പെടുന്ന തീവ്രവാദ സംഘത്തിലെ അംഗമാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മാത്രമല്ല, ഹമാസ് അനുകൂല പത്രത്തില്‍ 2018 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇയാള്‍ ഇസ്രയേലിനെ ഭീകരതയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനെ കുറിച്ച് സംസാരിക്കുന്നുമുണ്ട്.

2021 മാര്‍ച്ചില്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റിലും ഇയാള്‍ ഇത് പറയുന്നുണ്ട്. ഈ ചിത്രം, ബോട്ടില്‍ വന്നെത്തിയ അഭയാര്‍ത്ഥിയുടേതുമായി യോജിക്കുന്നുണ്ടെന്ന് പ്രമുഖ ഡിജിറ്റല്‍ അനലിറ്റിക് കമ്പനിയായ ആക്യൂം ഫോറെന്‍സിക് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എ കെ 47 പിടിച്ചും, സ്‌ഫോടക വസ്തുക്കളുമായുമൊക്കെ ഇയാള്‍ ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍അഖ്‌സയുടെ രക്ഷക്കായി ഈ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിക്കാന്‍ മടിയില്ലെന്നും ഇയാള്‍ അതില്‍ പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച നാല് ചെറിയ ബോട്ടുകളിലായി എത്തിയ 235 സംഘത്തിലാണ് ഇയാള്‍ ഉള്ളതെന്ന് കരുതപ്പെടുന്നു. യാത്രയിലുടനീളം ഇയാള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു എന്നതാണ് കൗതുകകരം. ബ്രിട്ടനിലെ ഒരു ടൗണ്‍ സെന്ററില്‍ കാപ്പി കുടിച്ചിരിക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഇയാള്‍ക്ക് സ്വതന്ത്രമായി എങ്ങനെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നു എന്ന ചോദ്യവും ഉയരുകയാണ്.

Similar News