ജൂതന്മാരെ കൊല്ലാന്‍ നടന്ന ഹമാസ് തീവ്രവാദിക്ക് എങ്ങനെ യുകെയില്‍ പ്രവേശനം കിട്ടി? അന്വേഷണം തുടങ്ങി ബ്രിട്ടണ്‍

Update: 2025-03-10 03:47 GMT

ലണ്ടന്‍: കൈകളില്‍ തോക്കേന്തി യഹൂദന്മാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ അനധികൃത കുടിയേറ്റക്കാരന്‍ എവിടെയാണെന്ന് വ്യക്തമാക്കുവാന്‍ ബ്രിട്ടന്റെ ഹോം ഓഫീസിനു മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്.

പാലസ്തീന്‍ വംശജനായ അബു വേഡിയെ ഉടനടി കണ്ടെത്തി പിടികൂടി നാടുകടത്തണമെന്ന് മുതിര്‍ന്ന ടോറി നേതാക്കള്‍ ആവശ്യപ്പെട്ടു. ജൂതന്മാരെ കൊല്ലാന്‍ ഇയാള്‍ ആഹ്വാനം നടത്തിയ കാര്യവും, ഇയാള്‍ ഇസ്രയേലിനെ വിറപ്പിച്ച ഒരു ഭീകരവാദ സംഘടനയിലെ അംഗമാണെന്ന കാര്യവും മെയില്‍ ഓണ്‍ സണ്‍ഡേ ആയിരുന്നു പുറത്തു കൊണ്ടുവന്നത്.

ഗാസയില്‍ നിന്നുള്ള,, പ്രായം മുപ്പതുകളിലുള്ള വേഡി കഴിഞ്ഞ വ്യാഴാഴ്ച ചാനല്‍ വഴി ബ്രിട്ടനിലെത്തിയതായാണ് കരുതപ്പെടുന്നത്. ചെറു യാനത്തില്‍ നിന്നും ബ്രിട്ടീഷ് തീരത്തിറങ്ങുന്ന അയാളുടെ ഒരു വീഡിയോ വേഡി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നന്ദി! നമ്മള്‍ ബ്രിട്ടനിലെത്തി എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, ഇയാള്‍ക്ക് ഭീകരബന്ധം ഉള്ളതായോ ഇയാള്‍ ഇപ്പോള്‍ ബ്രിട്ടീഷ് തെരുവുകളില്‍ സ്വതന്ത്രമായി നടക്കുകയാണെന്നോ ഹോം ഓഫീസ് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല,

ഇത്തരമൊരു സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ ഒന്നും നടന്നതായി അറിയില്ല എന്നാണ് പോലീസും പറയുന്നത്. കടുത്ത യഹൂദവിരുദ്ധനും അപകടകാരിയുമായ അയാള്‍ ദേശീയ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നായിരുന്നു ഇന്നലെ ഷാഡോ ബോം സെക്രട്ടറി ക്രിസ് ഫിലിപ് പറഞ്ഞത്.

അയാള്‍ എവിടെയെന്നത് കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ക്രിസ് ഫിലിപ്പ് ആരോപിച്ചു. ഇനിയിപ്പോള്‍ മനുഷ്യാവകാശങ്ങളെ കൂട്ടുപിടിച്ച് അയാള്‍ ബ്രിട്ടനില്‍ തുടരാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

Similar News