ഇന്ത്യയെ ചൊറിഞ്ഞത് പണിയായി എന്ന് തിരിച്ചറിയുന്ന ട്രൂഡോ; ഖാലിസ്ഥാന്‍ വാദികളെ കൂടെ നിര്‍ത്തി അധികാരം നിലനിര്‍ത്താമെന്നത് അതിമോഹമായി; മൈക്ക് എപ്പോള്‍ കിട്ടിയാലും പൊട്ടിക്കരയുമെന്ന അവസ്ഥ; കാനഡയില്‍ ഒന്നുമല്ലാതായ ട്രൂഡോ വീണ്ടും വീണ്ടും കണ്ണു തുടയ്ക്കുമ്പോള്‍

Update: 2025-03-10 05:08 GMT

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകുമ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ വിട വാങ്ങല്‍ പ്രസംഗം നടത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ തന്റെ മന്ത്രിസഭയിലെ പലരും രാജി വെയ്ക്കാന്‍ തുടങ്ങിയതോടെയാണ് ട്രൂഡോക്ക് കഷ്ടകാലം തുടങ്ങിയത്. കഴിഞ്ഞയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴും ട്രൂഡോ കരഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രധാനമന്ത്രി എന്ന നിലയില്‍ എല്ലാവരുടേയും വിരോധം സമ്പാദിക്കുകയായിരുന്നു ട്രൂഡോയുടെ പ്രധാന ജോലി. ഇന്ത്യയ്‌ക്കെതിരെ നീങ്ങിയതാണ് ട്രൂഡോയ്ക്ക് വിനയായതെന്ന വിലയിരുത്തല്‍ സജീവമാണ്. ഇന്ത്യയെ കുറ്റപ്പെടുത്തി ഖാലിസ്ഥാന്‍ വാദികളെ കൂട്ടു പിടിച്ച് അധികാര കസേര നിലനിര്‍ത്താനായിരുന്നു ട്രൂഡോ ഒരു ഘട്ടത്തില്‍ ശ്രമിച്ചത്. പക്ഷേ ആ ശ്രമമെല്ലാം വിഫലമായി എന്നതാണ് യഥാര്‍ത്ഥ്യം.

സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്ക് തന്നെ ഒടുവില്‍ അദ്ദേഹത്തെ കൈവിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. 53 വയസുകാരനായ ജസ്റ്റിന്‍ ട്രൂഡോക്ക് ഇനിയും രാഷ്ട്രീയത്തില്‍ ഒരു പാട് കാലം സജീവമായി തുടരാനുള്ള അവസരമാണ് അദ്ദേഹം സ്വയം ഇല്ലാതാക്കിയത്. കഴിഞ്ഞ ദിവസം ട്രൂഡോക്ക് പകരം മാര്‍ക്ക് കാര്‍ണിയെ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണിയെ തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് ട്രൂഡോ നടത്തിയ വിടവാങ്ങല്‍ പ്രസംഗമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. അങ്ങേയറ്റം വൈകാരികമായിട്ടാണ് അദ്ദേഹം പ്രസംഗിച്ചത്. സംസാരത്തിനിടെ ട്രൂഡോ പല പ്രാവശ്യം കരഞ്ഞു. അദ്ദേഹം കണ്ണീര്‍ തുടയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. രാജ്യത്തെ ജനങ്ങള്‍ തന്നെ തെറ്റുകാരനായി കാണരുതെന്ന് ട്രൂഡോ പറഞ്ഞു.

പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടം മുഴുവന്‍ എടുത്ത എല്ലാ തീരുമാനങ്ങളിലും അഭിമാനം തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവകള്‍ ഏര്‍പ്പെടുത്തി കാനഡയെ ശ്വാസം മുട്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് ട്രൂഡോ വികാരഭരിതനായി പറഞ്ഞു. ലിബറല്‍ പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായ കഠിനാധ്വാനവും ത്യാഗവും ധൈര്യവും ഓരോ പ്രവര്‍ത്തകനും കാട്ടണമെന്നും ട്രൂഡോ പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച നിയുക്ത പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ശക്തമായ ഭാഷയിലാണ് അമേരിക്കയെ കുറിച്ച് പരാമര്‍ശിച്ചത്. കാനഡയുടെ മേല്‍ ആധിപത്യം നടത്താന്‍ ട്രംപ് ബലപ്രയോഗത്തിലൂടെ നീക്കം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കക്കാര്‍ നമ്മുടെ രാജ്യവും മണ്ണും ജലവും എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും കാര്‍ണി ചൂണ്ടിക്കാട്ടി. ട്രംപ് സര്‍ക്കാര്‍ കാനഡയിലെ തൊഴിലാളികളേയും കുടുംങ്ങളേയും വ്യവസായങ്ങളെയും എല്ലാ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഒരു കാരണവശാലും നടക്കാന്‍ പോകുന്നില്ലെന്നും നിയുക്ത പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്ക കാനഡയിലെ ജനങ്ങളോട് ബഹുമാനം കാട്ടുന്നത് വരെ തങ്ങള്‍ ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബറിലാണ് കാനഡയില്‍ പൊതു തെരഞ്ഞടുപ്പ് നടക്കുന്നത്. അത് കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ സംബന്ധിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍്ട്ടിക്ക് വരുത്തി വെച്ച പേരുദോഷവും പരിഹരിക്കേണ്ടതുണ്ട്.

നിലവില്‍ മാര്‍ക്ക് കാര്‍ണി പാര്‍ലമെന്റംഗമല്ല എന്ന പ്രത്യേകതയും ഉണ്ട്. എത്രയും വേഗം തന്നെ അദ്ദേഹം പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.

Similar News