ഗ്രീന്‍കാര്‍ഡുള്ളതുകൊണ്ട് കുടിയേറിയവര്‍ക്ക്‌ ആയുഷ്‌കാലം മുഴുവൻ അമേരിക്കയില്‍ കഴിയാമെന്ന് കരുതേണ്ട; നമ്മുടെ സമൂഹത്തില്‍ ആരെയൊക്കെ ചേര്‍ക്കണമെന്ന് തീരുമാനിക്കുന്നത് ഇവിടെത്തെ ജനങ്ങളാണ്; രാജ്യ സുരക്ഷയാണ് പ്രധാനം; മുന്നറിയിപ്പുമായി വീണ്ടും യു.എസ് വൈസ് പ്രസിഡന്റ്

Update: 2025-03-14 14:48 GMT

വാഷിങ്ടണ്‍: പലസ്തീനെ അനുകൂലിച്ച് കൊളംബിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രകടനത്തെ തുടര്‍ന്ന് ട്രംപ് ഭരണകൂടം ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും കടുത്ത ഭാഷയിൽ പ്രതികരണവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് രംഗത്ത്. 'ഗ്രീന്‍ കാര്‍ഡ്' ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക്‌ എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന്‌ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകുന്നു.

അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ് എന്നത്. പെര്‍മനെന്റ് റെസിഡന്‍സി എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീന്‍ കാര്‍ഡ് ഉറപ്പുനല്‍കുന്നില്ലെന്നാണ് ഇപ്പോൾ വൈസ് പ്രസിഡന്റ് വ്യക്തമാക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ..

ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. നമ്മുടെ സമൂഹത്തില്‍ ആരെയൊക്കെ ചേര്‍ക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയിലെ ജനങ്ങളാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും വാന്‍സ് വ്യക്തമാക്കി.

അതുപോലെ, ഹമാസ് അനുകൂലിയാണെന്ന് ആരോപിച്ച് മഹ്‌മൂദ് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ്‌ റദ്ദാക്കാനുള്ള നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആരംഭിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ക്ക് മേല്‍ ഭരണകൂടം നടത്തുന്ന കടന്നുകയറ്റമാണ് മഹ്‌മൂദ് ഖലീലിന്റെ അറസ്റ്റ് എന്നാണ് ട്രംപ് വിരുദ്ധര്‍ ആരോപണം ഉയർത്തുന്നത്. ന്യൂയോര്‍ക്കില്‍നിന്ന് അറസ്റ്റ് ചെയ്ത ഖലീല്‍ ഇപ്പോള്‍ ലൂസിയാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ചോദ്യം ചെയ്തതിനാലാണ് ഖലീലിനെ നാടുകടത്താന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു.

1952-ല്‍ പാസാക്കിയ അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് അനുസരിച്ച് ഏതെങ്കിലും കുടിയേറ്റക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വിദേശ നയത്തിന് പ്രതികൂലമാകുന്നുണ്ടെങ്കില്‍ ഇവരെ നാടുകടത്താന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് അവകാശം നല്‍കുന്നുണ്ട്. പക്ഷെ, ഈ വ്യവസ്ഥ വളരെ അപൂര്‍വ്വം സാഹചര്യത്തില്‍ മാത്രമേ പ്രയോഗിക്കാറൂള്ളൂവെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പക്ഷെ, ഖലീല്‍ എങ്ങനെയാണ് വിദേശ നയത്തിന് ഭീഷണിയാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Tags:    

Similar News