ട്രംപിന്റെ പിറകെ നടന്ന് ഉള്ള ബിസിനസ്സുകള്‍ പൊളിയുന്നു; ട്രംപിനോടുള്ള വിരോധം തനിക്ക് നേരെ വരുന്നു; രാഷ്ട്രീയം നിര്‍ത്തി കച്ചവടത്തിലേക്ക് തിരിയാന്‍ ഉറച്ച് എലന്‍ മസ്‌ക്ക്; വാര്‍ത്ത പുറത്ത് വന്നതോടെ ടെസ്ലയുടെ ഓഹരി മൂല്യം ഉയര്‍ന്നു; ലോകം തിരയുന്നത് ട്രംപും മസ്‌ക്കും തമ്മില്‍ തെറ്റിയോ എന്നറിയാന്‍
വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന് മതിയായി. രാഷ്ട്രീയം കളിച്ചാല്‍ കച്ചവടം പൊളിയുമെന്ന് ഉറപ്പായി. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) യില്‍ നിന്ന് തലവനായ ഇലോണ്‍ മസ്‌ക് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര മാധ്യമമായ 'പൊളിറ്റിക്കോ' ആണ് ഇലോണ്‍ മസ്‌ക് ഡോജില്‍ നിന്ന് പടിയിറങ്ങുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാര്‍ ഫണ്ടിങ് വെട്ടിക്കുറയ്ക്കുന്നതിനും വിവിധ യുഎസ് ഏജന്‍സികളെ പിരിച്ചുവിടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനാണ് ട്രംപിന്റെ അടുത്ത അനുയായിയായ മസ്‌കിനെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി ഡോജിന്റെ തലപ്പത്ത് നിയമിച്ചത്. എന്നാല്‍ ആഗോള തലത്തിലെ ബിസിനസ്സ് ഭീമനായ മസ്‌കിന് കച്ചവടത്തില്‍ വലിയ നഷ്ടമുണ്ടായി. ബിസിനസ്സുകള്‍ പലതും ഇടിഞ്ഞു. ട്രംപിനോടുള്ള വിരോധം പലരും മസ്‌കിനോട് തീര്‍ത്തു. യൂറോപ്യന്‍ യൂണിയനിലും മറ്റും ഇത് പ്രതിഫലിച്ചു. ഇതോടെ മസ്‌ക് പിന്മാറുകയാണ്.
ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയപരമായ നിലപാടുകളും, ടെസ്ലയുടെ മോഡലുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും, മറ്റ് കമ്പനികളുടെ ശക്തമായ മത്സരവും ടെസ്ലയുടെ ഭാവിയെ അപകടത്തിലാക്കിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രംപ് ഭരണകൂടത്തിലെ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പ് ചെയര്‍മാന്‍ സ്ഥാനമാണ് ഇതിന് കാരണമെന്ന് മസ്‌കും വിലയിരുത്തുന്നുണ്ട്. 2008-ല്‍ ആദ്യത്തെ ടെസ്ല റോഡ്സ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ലോകശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ മസ്‌കിന്റെ രാഷ്ട്രീയ നിലപാടുകള്‍ ടെസ്ലയ്ക്ക് തിരിച്ചടിയായി. 2024-ല്‍ ടെസ്ലയുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി. ഓഹരി വിലയും കുത്തനെ ഇടിഞ്ഞു. അമേരിക്കയിലും ജര്‍മ്മനിയിലും ടെസ്ല ഷോറൂമുകള്‍ ആക്രമിക്കപ്പെടുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു.
ട്രംപിന്റെ രാഷ്ട്രീയ നിലപാടുകള്‍, മസ്‌കിന്റെ വിവാദപരമായ പ്രസ്താവനകള്‍, ടെസ്ല മോഡലുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍, മറ്റ് കമ്പനികളുടെ മത്സരം, ഇലക്ട്രിക് കാറുകളോടുള്ള പൊതുജനങ്ങളുടെ മനോഭാവം എന്നിവയാണ് ടെസ്ലയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ലിബറല്‍ ചിന്താഗതിക്കാരായ ആളുകള്‍ ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിര്‍പ്പ് ടെസ്ലയോടും കാണിക്കുന്നു. യൂറോപ്പില്‍ ടെസ്ലയുടെ വില്‍പ്പന 40% കുറഞ്ഞു. ജര്‍മ്മനിയില്‍ ഇത് 70% വരെയായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മസ്‌ക് പതിയെ ഔദ്യോഗിക പദവി വിടുന്നത്. ഇതിനിടെ മസ്‌കും ട്രംപും തമ്മില്‍ തെറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ടു കൂട്ടരും സ്ഥിരീകരണൊന്നും നല്‍കുന്നില്ല.
ഇലോണ്‍ മസ്‌ക് ഉടന്‍ തന്നെ സര്‍ക്കാര്‍ പദവിയില്‍നിന്നു പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാബിനറ്റ് അംഗങ്ങളോടും മറ്റ് അടുത്ത ബന്ധുക്കളോടും പറഞ്ഞതായും 'പൊളിറ്റിക്കോ' ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഡോജിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മസ്‌ക് ഉടന്‍ തന്നെ തന്റെ ബിസിനസ് രംഗത്തേക്കു മടങ്ങുമെന്നാണു പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ മസ്‌ക് എന്ന് ഡോജ് വിടുമെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങളോ മസ്‌കുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'പൊളിറ്റിക്കോ' റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിക് വാഹന വില്‍പ്പന രംഗത്ത് 2% ഇടിവ് രേഖപ്പെടുത്തിയിരുന്ന ടെസ്ലയുടെ ഓഹരികള്‍ 3% വരെ ഉയര്‍ന്നു.
130 ദിവസത്തെ കാലാവധിയിലാണ് മസ്‌കിനെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി നിയമിച്ചതെന്നും മെയ് അവസാനത്തോടെ മസ്‌കിന്റെ കാലാവധി അവസാനിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം മസ്‌ക് 130 ദിവസത്തെ കാലാവധിയേക്കാള്‍ കൂടുതല്‍ കാലം തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം തിരിച്ചുപോകുമെന്നാണു കരുതുന്നതെന്നായിരുന്നു ട്രംപ് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ട്രംപിനോടുള്ള വിരോധം തനിക്ക് നേരെയുണ്ടാകുമെന്നും അത് കച്ചവട തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് മസ്‌കിന്റെ പിന്മാറ്റം എന്നാണ് വിലയിരുത്തലും. മസ്‌ക് തലവനായ ഡോജിന്റെ പ്രവര്‍ത്തനഫലമായി 1 ട്രില്യണ്‍ ഡോളര്‍ ചെലവ് യുഎസിന് കുറയ്ക്കാന്‍ സാധിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.