തായ് വാനെ വളഞ്ഞ് ചൈന; ഏത് സമയവും പിടിച്ചെടുത്തേക്കാം; അതുണ്ടായാല്‍ ദക്ഷിണ കൊറിയയെ ഉത്തര കൊറിയയും ആക്രമിക്കും; അമേരിക്കയെ വെല്ലുവിളിച്ച് 'ലോക ഭരണം' ഏറ്റെടുക്കാന്‍ ചൈനീസ് നീക്കമോ? തായ് വാനെ ചൈന പിടിച്ചെടുത്താല്‍ എന്തും സംഭവിക്കാം
സോള്‍: ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കാമെന്ന വിലയിരുത്തല്‍ ശക്തം. തായ് വാനു ചുറ്റും ചൈന പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു. അമേരിക്കയെ വെല്ലുവിളിക്കുകയെന്ന ഉദ്ദേശം ഈ ചൈനീസ് നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ ഉത്തര കൊറിയയും തുനിഞ്ഞേക്കുമെന്നാണ് മറ്റൊരു ആശങ്ക. തായ് വാനെ ചൈന പിടിച്ചെടുത്താല്‍ ഉടന്‍ ഇതെല്ലാം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. യുക്രെയിന്‍-റഷ്യ യുദ്ധത്തിനൊപ്പം ഏഷ്യയിലും യുദ്ധ ഭീതി ഉയര്‍ത്തുകയാണ് തായ് വാനെ ലക്ഷ്യമിട്ടുള്ള ചൈനയുടെ നീക്കം. ലോകം രണ്ടു ചേരിയായി മാറാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
11 ചൈനീസ് വ്യോമസേനാ വിമാനങ്ങള്‍, 6 നാവിക കപ്പലുകള്‍, 3 ഔദ്യോഗിക കപ്പലുകള്‍ എന്നിവ തായ്വാന്റെ ചുറ്റുമുള്ള മേഖലയില്‍ റോന്ത് ചുറ്റുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഇവയില്‍ അഞ്ചു വിമാനങ്ങള്‍ മധ്യ രേഖ കടന്ന് തായ്വാന്റെ കേന്ദ്ര, തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക് മേഖലകളിലെ വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. തായ്വാനിലേക്ക് കടന്നുകയറാനുള്ള സൈനിക ഒരുക്കങ്ങള്‍ ശക്തമാക്കുന്നു ചൈന എന്ന വിലയിരുത്തല്‍ ഇതോടെ തന്നെ ഉയര്‍ന്നു. അടുത്തകാലത്തായി ചൈന തായ്വാനിലേക്ക് കടന്നുകയറാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാവിക ശേഷി ശക്തിപ്പെടുത്തുന്നുണ്ട്.
വലിയ ലാന്‍ഡിങ് ഹെലികോപ്റ്റര്‍ അസോള്‍ട്ട് കപ്പലുകള്‍ നിര്‍മിക്കുന്നതിനൊപ്പം, കടല്‍മാര്‍ഗം സൈനികരെ തീരത്തിറക്കാനുള്ള ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഡോക്കുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പുതിയ സൈനിക സജ്ജീകരണങ്ങള്‍ ചൈനയുടെ തായ്വാന്‍ അധിനിവേശ മോഹം പ്രകടിപ്പിക്കുന്നതിന്റെ തെളിവുകളാണെന്നാണ് അന്താരാഷ്ട്ര വിലയിരുത്തല്‍. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചെടുക്കാന്‍ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്. 2022 മുതല്‍ നിരവധി തവണ ചൈന തായ്വാന് ചുറ്റും സൈനികാഭ്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു.ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതും പതിവാണ്. തായ്വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്ന വില്യം ലായ് മേയില്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയും ചൈന ഇത്തരത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
തായ്വാന്‍-ചൈന വിഷയത്തില്‍ നിരവധി വര്‍ഷങ്ങളായി വന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ന്നു വരുകയാണ്. തായ്വാന്‍ സ്വതന്ത്ര രാജ്യമായാണ് മുമ്പോട്ട് പോകുന്നത്. എന്നാല്‍ ചൈന ചൈനയുടെ ഒരു വേറിട്ട പ്രവിശ്യയായാണ് തായ് വാനെ കണക്കാക്കുന്നത്. ചൈനയുടെ 'വന്‍ചൈന' നയപ്രകാരം തായ്വാന്‍ അവരുടെ ഭാഗമാണെന്നും അതിനെ ഒന്നിപ്പിക്കുമെന്നുമാണ് അവകാശവാദം. തായ്വാന്റെ ഭൂരിഭാഗം ജനങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍, ചൈന തങ്ങളുടെ റീയൂണിഫിക്കേഷന്‍ ലക്ഷ്യത്തിനായി സാമ്പത്തിക, നയതന്ത്ര, സൈനിക വഴികളിലൂടെ സമ്മര്‍ദം തുടരുകയാണ്. ബൈഡന്‍ മാറി ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോള്‍ രാഷ്ട്രീയത്തിലു ബിസിനസിലും അമേരിക്കയുടെ 'ട്രംപ് കാര്‍ഡിനെ' നേരിടാന്‍ ചൈന മുന്നൊരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസും സഖ്യകക്ഷികളും തമ്മിലുള്ള വിള്ളലുകള്‍ മുതലെടുക്കുന്നതില്‍ ചൈന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തല്‍. വ്യാപാര ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ചില കരാറുകളും ചൈന മയപ്പെടുത്താന്‍ ഒരുങ്ങുകയാണ്.
1949-ലാണ് തായ്വാനെ ചൊല്ലിയുള്ള തര്‍ക്കം തുടങ്ങിയത്. ചൈനയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ മാവോ സെ തുങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചു. ഇതോടെ കുമിന്താങ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ദേശീയ സര്‍ക്കാര്‍ ബെയ്ജിങ് വിട്ട് തായ്വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. റിപ്പബ്ലിക് ഓഫ് ചൈന സര്‍ക്കാരിന്റെ ആസ്ഥാനമായി തായ്‌പേയ് മാറി. അതേസമയം, കമ്യൂണിസ്റ്റുകള്‍ ബെയ്ജിങ് ആസ്ഥാനമായി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. സോവിയറ്റ് യൂണിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ചു. എന്നാല്‍, റിപ്പബ്ലിക് ഓഫ് ചൈനയെയാണ് അമേരിക്ക പിന്തുണച്ചത്. അമേരിക്കന്‍ പിന്തുണയുടെ ബലത്തില്‍ ഐക്യരാഷ്ട്രസഭാ സ്ഥിരാംഗത്വത്തില്‍ റിപ്പബ്ലിക് ഓഫ് ചൈന തുടര്‍ന്നു.
അപ്പോഴും തായ്വാനെ ചൈനയുടെ ഭാഗമായാണ് ബെയ്ജിങ് പരിഗണിച്ചത്. 1950-കളുടെ തുടക്കത്തില്‍ത്തന്നെ ബലപ്രയോഗത്തിലൂടെ ഈ ദ്വീപിനെ ചൈനയോട് ചേര്‍ക്കാനുള്ള രണ്ട് സൈനികനീക്കങ്ങള്‍ നടന്നു. അമേരിക്കയുടെ സൈനികപിന്തുണയാണ് രണ്ടു തവണയും തായ്വാനെ രക്ഷിച്ചത്. കാലക്രമേണ ചൈനയുടെ പ്രധാന ഭൂപ്രദേശങ്ങളില്‍ പരമാധികാരം സ്ഥാപിച്ച പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ ഔദ്യോഗിക ചൈനയായി ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, തായ്വാനെ ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടേയും തര്‍ക്കങ്ങള്‍ അവസാനിച്ചില്ല. തായ്വാനുമായി അമേരിക്ക ഔദ്യോഗിക നയതന്ത്രബന്ധം തുടരുന്നതില്‍ ചൈന ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്.