ജൂതന്മാരുടെ പസോവര്‍ ആഘോഷം തുടങ്ങുമ്പോള്‍ പ്രകോപനം ഉണ്ടാക്കാന്‍ ഹമാസിന്റെ പ്രോപഗണ്ട വീഡിയോ പുറത്ത്; പുറത്ത് വിട്ടത് ഹമാസ് തടവറയിലുള്ള ഇസ്രായേലി സൈനികന്റെ ദൃശ്യം; റാഫ വളഞ്ഞ് ഇസ്രായേലി സൈന്യം
ടെല്‍ അവീവ്: വീണ്ടും ഗാസ സംഘര്‍ഷ അന്തരീക്ഷച്ചിലേക്ക്. ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഹമാസിന്റെ നീക്കമാണ് ഇതിന് അവസരമൊരുക്കുന്നത്. ജൂതന്മാര്‍ പാസോവര്‍ ആഘോഷം തുടങ്ങാനിരിക്കുകയാണ്. ഇതിനിടെ പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഇസ്രയേലിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് ഈ വീഡിയോയിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഗാസയുടെ തെക്കേയറ്റത്തെ റഫാ നഗരം പൂര്‍ണമായി വളഞ്ഞ ഇസ്രയേല്‍ സൈന്യം സുരക്ഷാ ഇടനാഴിയൊരുക്കിയതായി പ്രഖ്യാപിച്ചത്. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചത്. ഇതോടെ ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം വേര്‍പെട്ടു.
പലസ്തീന്‍കാരോട് ഒഴിയാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്നും പറഞ്ഞു. ഹമാസ് സായുധവിഭാഗമായ ഖാസം ബ്രിഗേഡ് ബന്ദിയായ ഇസ്രയേലി സൈനികന്റെ വിഡിയോ പുറത്തുവിട്ടതാണ് ഇതിന് കാരണമായി മാറിയത്. ഇസ്രയേല്‍-യുഎസ് പൗരത്വമുള്ള ഈഡന്‍ അലക്‌സാണ്ടര്‍ തന്റെ മോചനം സാധ്യമാക്കാതിരുന്ന ഇസ്രയേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ വിഡിയോയാണിത്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഇസ്രയേല്‍ കടന്നാല്‍ ഈഡനെ മോചിപ്പിക്കാമെന്ന് ഹമാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം മോചനങ്ങളുണ്ടായില്ല. ഹമാസിന്റെ പ്രകോപനം കാരണമാണ് ഇത്.
നഗരം വളഞ്ഞ സൈന്യം 'സുരക്ഷാമേഖല' പ്രഖ്യാപിച്ചതോടെ റാഫ ഗാസയുടെ മറ്റ് പ്രദേശങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. മൊറാഗ് ഇടനാഴിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും റാഫയിലേക്കുള്ള ഗതാഗതം വിലക്കിയെന്നും ഇസ്രയേല്‍ അറിയിച്ചു. തെക്കന്‍ ഗാസയിലെ ജനവാസമേഖലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ശനിയാഴ്ച ആറുപേര്‍കൂടി കൊല്ലപ്പെട്ടു. അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ഉടന്‍ ഒഴിഞ്ഞുപോകണമെന്നും ഖാന്‍ യൂനിസിലെ ജനങ്ങള്‍ക്ക് ഇസ്രയേലി സൈന്യത്തിന്റെ അറബ് വക്താവ് മുന്നറിയിപ്പ് നല്‍കി. ജലസേചന സംവിധാനം തകര്‍ത്ത് ഗാസയില്‍ കുടിവെള്ളം മുട്ടിക്കുകയാണെന്നും തികച്ചും ദുരന്തപൂര്‍ണമായ സ്ഥിതിയാണെന്നും ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട്ചെയ്തു.
ഇസ്രയേലിന്റെ സമ്പൂര്‍ണ ഉപരോധം മൂലം സഹായമെത്തുന്നതു നിലച്ചതോടെ ഗാസയിലെ വൈദ്യ, ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പ്രതിസന്ധിയില്‍ ആയി. റെഡ്‌ക്രോസിന്റെ ഗാസയിലെ ഫീല്‍ഡ് ആശുപത്രിയില്‍ മരുന്നുകള്‍ രണ്ടാഴ്ചയ്ക്കകം തീരുമെന്ന് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദ് റെഡ്‌ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജറിക് മുന്നറിയിപ്പു നല്‍കി. 'ഭൂമിയിലെ നരകമാണു ഗാസയിപ്പോള്‍. അവിടെ പലഭാഗത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ല' മിര്‍ജാന പറഞ്ഞു. കഴിഞ്ഞമാസം 2 നുശേഷമാണ് ഭക്ഷണവും മരുന്നുമായെത്തുന്ന ട്രക്കുകള്‍ ഇസ്രയേല്‍ തടയാന്‍തുടങ്ങിയത്. 18നു ആക്രമണം ഇസ്രയേല്‍ പുനരരാംഭിക്കുകയും ചെയ്തു. ആക്രമണം ശക്തമായതോടെ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ആന്റിബയോട്ടിക്‌സ്, ബ്ലഡ് ബാഗുകള്‍ എന്നിവയ്ക്ക് കടുത്ത ദൗര്‍ലഭ്യം നേരിടുന്നുണ്ട്.
ഗാസയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ഗാസ സിറ്റി അടക്കം മിക്ക നഗരങ്ങളിലും കിലോമീറ്ററുകളോളം നടന്നാണ് ആളുകള്‍ ശുദ്ധജലം ശേഖരിക്കുന്നത്. അതും പരിമിതമായ അളവില്‍ മാത്രമാണ്. ഏതാനും ആഴ്ചകളായി തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ ഗാസ സിറ്റിക്ക് കിഴക്കുള്ള ഷജൈയ്യിലെ പൈപ്പ്‌ലൈന്‍ പൂര്‍ണമായും തകര്‍ത്തിരുന്നു.കിണറുകളും മറ്റും യുദ്ധത്തില്‍ നശിച്ചു. മാര്‍ച്ച് 18ന് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതു മുതല്‍ ഗാസയില്‍ വീണ്ടും പട്ടിണിയും ദുരിതവുമായി. ഗാസയുടെ അതിര്‍ത്തികള്‍ അടച്ച് സഹായ ട്രക്കുകള്‍ എത്തുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. ബന്ദികളെ വിട്ടുകൊടുക്കാന്‍ ഹമാസ് തയ്യാറാകാത്ത പക്ഷം ഇതു പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ പക്ഷം.
അതിനിടെ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ് രംഗത്തു വന്നു. ജൂണില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് ഇസ്രയേലിനെ അംഗീകരിക്കാമെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടി. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര തത്വം നടപ്പാക്കണമെന്നാണ് ഫ്രാന്‍സിന്റെയും നിലപാട്. പാലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനം ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ലെന്നും ശരിയെന്ന് തോന്നിയതിനാല്‍ ആണെന്നും മാക്രോണ്‍ വ്യക്തമാക്കി.
അതിനിടെ ഫ്രാന്‍സിനെതിരെ ഇസ്രയേല്‍ രംഗത്തെത്തി. ഐക്യരാഷ്ട്ര സംഘടനയിലെ (യു.എന്‍) 193 അംഗങ്ങളില്‍ 147 രാജ്യങ്ങള്‍ നിലവില്‍ പാലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, യു.എസ്, യു.കെ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.