അമേരിക്കന്‍ പൗരന്മാരായ കൊടും ക്രിമിനലുകളെയും നാട് കടത്താന്‍ ട്രംപിന്റെ പദ്ധതി; ഹീന കൃത്യം ചെയ്യുന്നവരെ എല്‍ സല്‍വോദോറിലെ കുപ്രസിദ്ധ ഇടുങ്ങിയ ജയിലേക്ക് മാറ്റാന്‍ ധാരണയില്‍ എത്തി: അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ട്രംപിനെതിരെ രംഗത്ത്

Update: 2025-04-15 06:19 GMT

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരായ കുറ്റവാളികളെ നാട് കടത്തിയതിന് തൊട്ടു പിന്നാലെ അമേരിക്കന്‍ പൗരന്‍മാരായ കൊടും ക്രമിനലുകളേയും നാട് കടത്താന്‍ പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ എല്‍ സാല്‍വദോറിലെ കുപ്രസിദ്ധമായ ഇടുങ്ങിയ ജയിലിലേക്ക് മാറ്റാന്‍ വൈറ്റ്ഹൗസ് ധാരണയില്‍ എത്തി. അതേസമയം അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍ ട്രംപിന്റെ ഈ തീരുമാനത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് തുറന്ന മനസാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ഇന്നലെ എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുക്കെലുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. എല്‍സാല്‍വഡോര്‍ ഇതിനായി അഞ്ച് തടവറകള്‍ നിര്‍മ്മിക്കണം എന്നാണ് ട്രംപ് നയിബ് ബുക്കലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ഡെമോക്രാറ്റുകള്‍ ട്രംപിന്റെ ഈ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കന്‍ പൗരന്‍മാരെ ഒരു വിദേശ രാജ്യത്തെ തടവറയിലേക്ക് അയയ്ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുകയില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് അമേരിക്കയിലെ പല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്. കുറ്റവാളികളെ ഏറ്റവും ക്രൂരമായ നിലയില്‍ കൈകാര്യം ചെയ്യുന്നതിന് കുപ്രസിദ്ധമായ തടവറകളാണ് എല്‍സാല്‍വഡോറില്‍ ഉള്ളത്. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ എല്ലാവരുടേയും ഭാഗത്ത് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത് എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറ്റോര്‍ണി ജനറല്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടുകാരായ കുറ്റവാളികള്‍ ആണെങ്കിലും അതൊരു പ്രശ്നം അല്ലെന്നും താന്‍ ശരിക്കും മോശക്കാരായ ആളുകളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് തടവറകള്‍ കൂടി നിര്‍മ്മിക്കാന്‍ ട്രംപ് എല്‍ സാല്‍വദോറിലെ പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എല്‍സാല്‍വഡോറിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പകര്‍ത്തിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അജ്ഞത നിറഞ്ഞ നടപടിയാണ് ട്രംപിന്റെ ഭരണപരിഷ്‌ക്കാരങ്ങള്‍ എന്നാണ് ദീര്‍ഘകാലം ഡെമോക്രാറ്റുകളുടെ ഉപദേഷ്ടാവായിരുന്ന ജയിംസ് കാര്‍വില്ലേ ചൂണ്ടിക്കാട്ടിയത്. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ നശിപ്പിക്കുന്ന തീരുമാനങ്ങളാണ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar News