പെന്റഗണ്‍ വിവരങ്ങള്‍ പുറത്ത് പോയത് പ്രതിരോധ മന്ത്രിയുടെ ഉപദേശകന്‍ വഴി; ട്രംപ് ഉത്തരവ് ഇട്ടതനുസരിച്ച് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ഉപദേശകനെ പുറത്താക്കി പടിയടച്ച് ട്രംപ്: അമേരിക്കയില്‍ ഒരു പ്രതിരോധ രഹസ്യ ചോര്‍ച്ച വിവാദവും

Update: 2025-04-16 05:05 GMT

മേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ രഹസ്യ വിവരങ്ങള്‍ പുറത്തു പോയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്റെ ഉപദേഷ്ടാവായ ഡാന്‍ കാള്‍ഡ് വെല്ലിനെ ജോലിയില്‍ നിന്ന് പുറത്താക്കി. പെന്റഗണിലെ വിവരങ്ങള്‍ പലതും പുറത്തു പോയത് ഇയാള്‍ വഴിയാണെന്നാണ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാല്‍ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചു എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

അന്വേഷണം ഇപ്പോഴും തുടരുകയാണ്. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഒരു മാധ്യമപ്രവര്‍ത്തകനാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ഇരുപത്തി ഒന്നിനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിരോധ വകുപ്പിലെ ചീഫ് ഓഫ് സ്റ്റാഫ് ജോ കാസ്പറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രസിഡന്റ് ട്രംപും തന്റെ ഭരണകൂടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എത്രയും വേഗം അവരെ കണ്ടെത്തണം എന്നും ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ പോളിഗ്രാഫ് ടെസ്റ്റ് നടത്താനാണ് ജോ കാസ്പര്‍ ഉത്തരവിട്ടത്.

എന്നാല്‍ ആരോപണ വിധേയനായ വ്യക്തിയെ ഈ പരിശോധനക്ക് വിധേയനാക്കിയോ എന്ന കാര്യം ഇനിയും വ്യക്തമല്ല. ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് പുറത്തു പോയത് എന്നത് കൊണ്ട പോളിഗ്രാഫ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനിവാര്യമാണ് എന്നാണ് ജോ കാസ്പറും ചൂണ്ടിക്കാട്ടുന്നത്. എ്ന്നാല്‍ പോളിഗ്രാഫ് ടെസറ്റ് നടക്കുന്നത് രാജ്യത്തെ നിയമവും നയങ്ങളും അനുസരിച്ച് മാത്രമായിരിക്കും എന്നാണ് അദ്ദേഹവും വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട്എത്രയും വേഗം പ്രതിരോധ സെക്രട്ടറിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

അനധികൃത വെളിപ്പെടുത്തലിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്തിയാല്‍ അവരെ ക്രിമിനല്‍ പ്രോസിക്യൂഷന് വിധേയരാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനയുമായുള്ള യുദ്ധ സാധ്യതയെക്കുറിച്ച് പെന്റഗണ്‍ അധികൃതര്‍ ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കാസ്പര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. പെന്റഗണിലെ മറ്റ് പ്രമുഖ ഉദ്യോഗസ്ഥരെപ്പോലെ ഡാന്‍ കാള്‍ഡ്വെല്‍ അത്ര പ്രശസ്തനല്ലെങ്കിലും, ഹെഗ്‌സെത്തിന്റെ ഉപദേഷ്ടാവ് എന്ന നിലയില്‍ അദ്ദേഹത്തിന് നിര്‍ണായകമായ സ്ഥാനമാണ് ഉള്ളത്.

യെമനിലെ ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ ദേശീയ സുരക്ഷാ കൗണ്‍സിലുമായി ബന്ധപ്പെടാനുള്ള ഏറ്റവും മികച്ച ഉദ്യോഗസ്ഥനായി ഹെഗ്‌സെത്ത് കാള്‍ഡ്വെല്ലിനെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. കാള്‍ഡ് വെല്‍ നേരത്തേ മറൈന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് പ്രതിരോധ വകുപ്പില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം പിന്നീട് പ്രതിരോധ വകുപ്പില്‍ ചേരുകയായിരുന്നു. പ്രതിരോധ സെക്രട്ടറിയായ ഹെഗ്സേത്തുമായി കാള്‍ഡ് വെല്ലിന് വളരെ കാലത്തെ സൗഹൃദമുണ്ട്.

അമേരിക്കയുടെ വിദേശ നയം സംബന്ധിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഹെഗ്സേത്തും കാള്‍ഡ് വെല്ലും ഒരേ നിലപാടുകാരായിട്ടാണ് അറിയപ്പെടുന്നത്. ഇവരെല്ലാം നേരത്തേ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഒരുമിച്ച് സൈനിക സേവനം നടത്തിയവരുമാണ്.

Tags:    

Similar News