ട്രംപ് 2028 തൊപ്പി വില്‍പ്പനക്കിറങ്ങി; പഴുതുണ്ടാക്കി നിയമം മറികടന്ന് മൂന്നാം തവണയും പ്രസിഡന്റാവാന്‍ തയ്യാറായി ട്രംപ് രംഗത്ത്: ട്രംപിന്റെ അത്യാഗ്രഹത്തെ കുറിച്ച് ഗോസിപ് കഥകളുമായി അമേരിക്കന്‍ മാധ്യമങ്ങള്‍

Update: 2025-04-25 06:47 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന് മൂന്നാമൂഴത്തില്‍ താല്‍പ്പര്യം ഉള്ളതായി സൂചന. ഇതിനായി ട്രംപ് 2028 എന്ന പേരില്‍ തൊപ്പികള്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ്. പഴുതുണ്ടാക്കി നിയമം മറികടന്ന് മൂന്നാം തവണയും പ്രസിഡന്റാകാന്‍ തയ്യാറെടുക്കുന്ന ട്രംപിന്റെ അത്യാഗ്രഹത്തെ കുറിച്ചുള്ള ഗോസിപ്പ് കഥകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍.

ഇപ്പോള്‍ എഴുപത്തിയെട്ടു വയസുള്ള ട്രംപ് 2028 ല്‍ മല്‍സരിക്കാന്‍ വഴികള്‍ തേടുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ട്രംപ് സ്റ്റോര്‍ ആണ് ട്രംപ് 2028 എന്ന പേരില്‍ തൊപ്പി പുറത്തിറക്കിയിരിക്കുന്നത്. തൊപ്പികള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്. കടും ചുവപ്പ് നിറത്തില്‍ വലിയ വെളുത്ത അക്ഷരങ്ങളുള്ള ഈ തൊപ്പി ഇപ്പോള്‍ അമ്പത് ഡോളറിനാണ് വില്‍ക്കുന്നത്. തൊപ്പിയുടെ പ്രാരംഭ വില്‍പ്പന സംബന്ധിച്ച വിവരണത്തില്‍ പറയുന്നത് അമേരിക്കയുടെ ഭാവി ശോഭനമാണ് എന്നും ട്രംപ് 2028 എന്ന ഈ തൊപ്പി ഉപയോഗിച്ച് നിയമങ്ങള്‍ മാറ്റിയെഴുതുക എന്നുമാണ്. അമേരിക്കന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടാം ഭേഗദതി പ്രകാരമാണ് ഒരാള്‍ക്ക് രണ്ട് പ്രാവശ്യം അമേരിക്കന്‍ പ്രസിഡന്റാകാന്‍ കഴിയുകയില്ലെന്ന തീരുമാനം ഉണ്ടായത്.

ഈ നിയമ ഭേദഗതി മാറ്റാനാണ് ട്രംപിന്റെ തൊപ്പിയിലെ സന്ദേശമെന്ന് പലരും സംശയം ഉയര്‍ത്തിയ സാഹചര്യത്തില്‍ വീണ്ടും ഈ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് ഈ മെയ്ഡ് ഇന്‍ അമേരിക്ക തൊപ്പി ഉപയോഗിച്ച് ഒരു പ്രസ്താവന നടത്തുക എന്നാക്കി മാറ്റിയിരുന്നു. ഓണ്‍ലൈനില്‍ ഈ തൊപ്പിയുടെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ട് പിന്നാലെ ട്രംപിന്റെ മകനായ എറിക്ക് ഈ തൊപ്പി ധരിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും അവിശ്വസനീയമായ ഒരു ഉത്പ്പന്നം നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് എറിക് പോസ്റ്റില്‍ പറയുന്നു.

ഇതിന്റെ വില്‍പ്പന സര്‍വ്വകാല റെക്കോര്‍ഡുകളും മറികടന്നതായും തങ്ങളുടെ വെബ്സൈറ്റ് തന്നെ തകര്‍ന്ന് പോയതായും എറിക്ക് അവകാശപ്പെടുന്നു. എറിക്ക് ട്രംപും സഹോദരനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ചേര്‍ന്നാണ് ഇപ്പോള്‍ പിതാവിന്റെ ബിസിനസ് സാമ്രാജ്യം നയിക്കുന്നത്. ഡൊണാള്‍ഡ് പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റായ സന്ദര്‍ഭത്തിലാണ് ബിസിനസിന്റെ ചുമതല മക്കളെ ഏല്‍പ്പിച്ചത്. ട്രംപ് വീണ്ടും പ്രസിഡന്റായി മല്‍സരിക്കുമെന്ന ആശയത്തെ പലരും പരിഹസിച്ച് തള്ളുകയാണ് എങ്കിലും ട്രംപ് പറയുന്നത് താന്‍ ഇതിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കുന്നു എന്നാണ്. കഴിഞ്ഞ മാസം എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ തമാശ പറയുന്നതല്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ഒരുപാട് ആളുകള്‍ ഇക്കാര്യം ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച കാര്യത്തില്‍ നിയമഭേദഗതി നടത്തുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസിലും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ട്രംപ് രണ്ടാം വട്ടം പ്രസിഡന്റ് ആയതിന് തൊട്ടുപിന്നാലെ തന്നെ ആന്‍ഡി ഓഗിള്‍സ്, ആര്‍-ടെന്നീസ് ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തി.

ആദ്യ രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചില്ലെങ്കില്‍ ഒരു പ്രസിഡന്റിന് മൂന്നാം തവണയും മത്സരിക്കാമെന്ന് ഭേഗദതിയിലൂടെ മാറ്റാനാണ് നീക്കം നടക്കുന്നത്. ട്രംപ് മൂന്നാം വട്ടം പ്രസിഡന്റ ആകുന്നതിനെ അനുകൂലിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും രംഗത്ത് എത്തിയിരുന്നു.

Tags:    

Similar News