താരിഫ് പ്രൈസ് ടാഗില്‍ ചേര്‍ത്ത് ജനങ്ങളോട് വാങ്ങാന്‍ ആമസോണ്‍; കലിപിടിച്ച ട്രംപ് ഉടമ ജെഫ് ബെസോസിനെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞു; ചൈനീസ് ഉത്പ്പന്നങ്ങള്‍ നിലച്ചതോടെ അമേരിക്കയില്‍ വിലക്കയറ്റം: ട്രംപിന്റെ റേറ്റിങ്ങില്‍ വന്‍ ഇടിവ്

Update: 2025-04-30 04:14 GMT

മേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ താരിഫ് പരിഷ്‌ക്കാരങ്ങളുടെ ഫലമായി വന്‍ വിലക്കയറ്റം അനുഭവപ്പെടുകയാണ്. വന്‍കിട കമ്പനികള്‍ പോലും ഇപ്പോള്‍ ട്രംപിന്റെ പരിഷ്‌ക്കാരത്തില്‍ നട്ടം തിരിയുകയാണ്. അതേ സമയം പുതിയ താരിഫിന്റെ വിശദാംശങ്ങള്‍ പ്രൈസ് ടാഗില്‍ ചേര്‍ത്ത് ജനങ്ങളോട് വാങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആഗോള ഭീമനായ ആമസോണ്‍. ഈ നീക്കത്തില്‍ കലി കയറിയ ട്രംപ് ആമസോണ്‍ ഉടമയായ ജെഫ് ബെസോസിനെ നേരിട്ട് വിളിച്ച് ചീത്ത വിളിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് ഉത്പ്പന്നങ്ങളുടെ വരവ് നിലച്ചത് വിപണിയില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. അതേ സമയം ട്രംപിന്റെ റേറ്റിംഗിലും വന്‍ ഇടിവ് ഉണ്ടായി. താരിഫ് പ്രൈസ് ടാഗില്‍ ചേര്‍ത്ത ആമസോണിന്റെ നടപടി രാഷ്ട്രീയപരവും ശത്രുത നിറഞ്ഞതുമാണെന്നാണ് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. ചൈന പോലുള്ള രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കുള്ള ഓരോ ഉല്‍പ്പന്നത്തിന്റെയും വിലയ്‌ക്കൊപ്പം ആമസോണ്‍ വെബ്‌സൈറ്റില്‍ പുതുക്കിയ താരിഫുകളുടെ വില പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്ത ട്രംപിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് കരോലിന്‍ ലിവിറ്റ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ജോബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് പണപ്പെരുപ്പം നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ സമയത്ത് എന്ത് കൊണ്ട് ആമസോണ്‍ ഇതേ നടപടി സ്വീകരിച്ചില്ല എന്നും അവര്‍ വിമര്‍ശിച്ചു. ഡൊണാള്‍ഡ് ട്രംപ് ജെഫ് ബെസോസിനെ ഫോണില്‍ വിളിച്ച് രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇതിന് തൊട്ടു പിന്നാലെ ആമസോണ്‍ കമ്പനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത് താരിഫ് പ്രൈസ്ടാഗില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നാണ്്. എന്നാല്‍ ഇത്തരം ഒരു സാധ്യത പരിശോധിച്ചതായി ആമസോണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

അതേ സമയം താന്‍ ബെസോസുമായി സംസാരിച്ചതായും പ്രശ്നങ്ങള്‍ പരിഹരിച്ചതായും ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജെഫ് ബെസോസ് വളരെ നല്ല മനുഷ്യനാണെന്നും വളരെ വേഗം തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നും ട്രംപ് വ്യക്തമാക്കി. പുതി താരിഫുകള്‍ അമേരിക്കക്ക് വന്‍ നേട്ടങ്ങള്‍ കൊണ്ട് വരുമെന്ന് ട്രംപ് വാദിക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ വിലക്കയറ്റം കാരണം പൊറുതിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല കാര്യങ്ങളും മാറ്റിമറിക്കുന്ന രീതിയിലാണ് ട്രംപ് ഓരോ ദിവസവും എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പുറത്തിറക്കുന്നത് എന്ന ആരോപണവും ശക്തമാകുകയാണ്.

Tags:    

Similar News