മാര്‍ക്കിന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത് പരിസ്ഥിതി പ്രേമിയായ ഇംഗ്ളീഷുകാരി ഭാര്യ; പുതിയ പ്രധാനമന്ത്രിയാകുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ പദവിയില്‍ വരെ എത്തിയ സാമ്പത്തിക വിദഗ്ധന്‍; ട്രൂഡോ മാറിയിട്ടും ട്രംപിന് ഗുണമൊന്നുമില്ല: കാനഡ തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയത് എങ്ങനെ?
കാനഡയില്‍ പ്രധാനമന്ത്രി ആയിരുന്ന ജസ്റ്റിന്‍ ട്രൂഡോക്ക്് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അധികാരത്തില്‍ നിന്ന് ഇറങ്ങി പോകേണ്ടി വന്നത് സ്വന്തം പ്രവൃത്തി കൊണ്ടും നാട്ടുകാരുടെ എതിര്‍പ്പ് കാരണവും ആയിരുന്നു. സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി പോലും അദ്ദേഹത്തെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ട്രൂഡോയുടെ രാജിയെ തുടര്‍ന്നാണ് മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇപ്പോള്‍ പൊതു തെരഞ്ഞെടുപ്പിലും ലിബറല്‍ പാര്‍ട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുകയും കാര്‍ണി വീണ്ടും പ്രധാനമന്ത്രിയുമായിരിക്കുകയാണ്.
ലോകം മുഴുവന്‍ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ കാര്‍ണി ബാങ്ക് ഓഫ് കാനഡയുടേയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണര്‍ ആയിരുന്ന വ്യക്തി കൂടിയാണ്. ജസ്ററിന്‍ ട്രൂഡോയുമായി ഒരു കാര്യത്തിലും യോജിക്കാനാകാത്ത കാര്‍ണി എന്നാല്‍ ഒരു കാര്യത്തില്‍ ട്രൂഡോയുടെ നിലപാടിനെ അനുകൂലിക്കുകയാണ്. അത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോടുള്ള എതിര്‍പ്പിന്റെ കാര്യത്തിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിലും അദ്ദേഹം ട്രംപിന്റെ നിലപാടുകളെ അനുകൂലിക്കുന്നില്ല. ബാങ്ക് മേധാവി എന്ന നിലയില്‍ നിന്ന് രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിലേക്കുള്ള കാര്‍ണിയുടെ രാഷ്ട്രീയം രൂപപ്പെടുത്തിയതിന് പിന്നില്‍ പരിസ്ഥിതി പ്രേമിയായ അദ്ദേഹത്തിന്റെ ഭാര്യയാണ് എന്നാണ് കരുതപ്പെടുന്നത്. കാാര്‍ണിയുടെ ഭാര്യയായ ഡയാന ഫോക്സ് ഇംഗ്ളീഷുകാരിയാണ്.
ഭാര്യയും മക്കളും ഉള്‍പ്പെട്ട കുടുംബമാണ് ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും കാരണമെന്ന് കാര്‍ണി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. കാര്‍ണിയുടെ രണ്ട് മക്കളും പ്രശസ്തമായ വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം നേടിയവരാണ്. 31 വര്‍ഷം മുമ്പാണ് കാര്‍ണിയും ഡയാനയും വിവാഹിതരായത്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. ദമ്പതികള്‍ക്ക് നാല് മക്കളാണ് ഉള്ളത്. തന്റെ ഭര്‍ത്താവിന്റെ വീക്ഷണങ്ങള്‍ അംഗീകരിച്ച കാനഡയിലെ ജനങ്ങളോട് ഡയാന സന്തോഷം അറിയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായിബന്ധപ്പെട്ട വിഷയങ്ങളില്‍ എക്കാലത്തും മുന്നണി പോരാളിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡയാന. സമ്പന്നനായ ഒരു കര്‍ഷകനായിരുന്ന അവരുടെ പിതാവ് എക്കാലത്തും മകളുടെ നിലപാടുകളെ ശക്തമായി തന്നെ പിന്തുണച്ചിരുന്നു. മകള്‍ ഒരു പരിസ്ഥിതി യോദ്ധാവ് ആണെന്നാണ് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നത്.
2013 ല്‍ മാര്‍ക്ക് കാര്‍ണി ബാങ്ക ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ ആയിരുന്ന സമയത്ത് കുടുംബം ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. മാതാപിതാക്കളെ പോലെ കാര്‍ണിയുടെ മക്കളും ആക്ടിവിസ്റ്റുകളാണ്. അതേ സമയം തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കാര്‍ണി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയത്. കാനഡയെ തകര്‍ത്ത് അതിനെ സ്വന്തമാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതൊരിക്കലും സംഭവിക്കുകയില്ല എന്നും കാര്‍ണി പ്രഖ്യാപിച്ചു. എന്നാല്‍ കാനഡയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ട്രംപ് ഇനിയും പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ചാണ് കാനഡയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കീഴില്‍ 'കാനഡ തകര്‍ന്നുപോയിരിക്കുന്നു' എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിയേര്‍ പോളിയേവിന്റെ നിരന്തര മുദ്രാവാക്യം. വിലക്കയറ്റമടക്കം ആഭ്യന്തര പ്രശ്‌നങ്ങളില്‍ പൊറുതിമുട്ടിയ പലരും അതിനെ പിന്തുണച്ചു.
കാര്‍ബണ്‍ നികുതി ഒഴിവാക്കുക, കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ ധനസഹായം നിര്‍ത്തുക, കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി, വീടുനിര്‍മാണം തടയുന്ന 'ഗേറ്റ്കീപ്പര്‍മാര്‍'ക്കെതിരെ പോരാടല്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളോടെ പോളിയെവ് ഒരു ശക്തമായ കണ്‍സര്‍വേറ്റീവ് കൂട്ടായ്മ ഒരുക്കി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വരെ അടുത്ത പ്രധാനമന്ത്രി പോളിയെവ് ആകുമെന്ന വിശ്വാസവും ശക്തമായി. സര്‍വേകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 30 പോയിന്റുവരെ ലീഡുമുണ്ടായിരുന്നു. ജനുവരിയില്‍ ട്രൂഡോ സ്ഥിതി മനസ്സിലാക്കി രാജിസന്നദ്ധത പ്രഖ്യാപിച്ചു. ലിബറലുകള്‍ പുതിയ നേതാവിനെ തേടാന്‍ ഒരുങ്ങി. അപ്പോഴാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ എത്തിയതും, ഏറ്റവും അടുത്ത പങ്കാളിയായ കാനഡക്ക് നേരെ തിരിഞ്ഞതും. ലിബറല്‍ പാര്‍ട്ടി, രാഷ്ട്രീയത്തില്‍ പുതുമുഖമായ മാര്‍ക്ക് കാര്‍ണിയെ നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി മാര്‍ച്ചില്‍ ചുമതലയേല്‍ക്കുകയും ചെയ്തു.
കാനഡക്കെതിരെ ട്രംപ് നടത്തിക്കൊണ്ടിരുന്ന പരാമര്‍ശങ്ങള്‍ ഒരു സുവര്‍ണാവസരമായി തിരിച്ചറിഞ്ഞ കാര്‍ണി ജനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. എന്നാല്‍, ട്രംപ് കാനഡക്കെതിരെ തീരുവകള്‍ പ്രഖ്യാപിച്ചതും, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കും എന്ന തരത്തിലുള്ള ഭീഷണികള്‍ ഉയര്‍ത്തിത്തുടങ്ങിയതും കാനഡയില്‍ ആശങ്ക പരത്തിയപ്പോള്‍ അതുവരെ പടുകുഴിലായിരുന്ന ലിബറലുകള്‍ കരകയറാന്‍ തുടങ്ങി. ഇത് തിരഞ്ഞെടുപ്പിലും നേട്ടമായി മാറി. അങ്ങനെ വീണ്ടും കാര്‍ണി കാനഡ ഭരിക്കുമെന്ന് ഉറപ്പായി. ട്രൂഡോ രാജി വച്ചതിന് പിന്നാലെ ഈ മാസം 14നാണ് മാര്‍ക്ക് കാര്‍ണി കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാപാര രംഗത്ത് കാനഡ-അമേരിക്ക തര്‍ക്കം നിലനില്‍ക്കുമ്പോഴായിരുന്നു മാര്‍ക്ക് കാര്‍ണി അധികാരത്തിലെത്തിയത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കാനഡയുടെ ആദ്യ പ്രധാന മന്ത്രിയുമാണ് കാര്‍ണി. ബാങ്ക് ഓഫ് കാനഡയുടേയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്നു. കാര്‍ണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ടി ഓഫ് കാനഡയും പ്രതിപക്ഷ പാര്‍ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ടി ഓഫ് കാനഡയും തമ്മിലാണ് പ്രധാന മത്സരം നടന്നത്.
ലിബറലുകളുടെ പരാജയം കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ പാര്‍ടിയുടെ വിജയം. രണ്ടാംവട്ടം ജയിച്ചതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണികളെ മറികടന്നാണ് മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ടി വിജയിച്ചത്. ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കാനഡയുടെ സമ്പദ്വ്യവസ്ഥയെ ആക്രമിക്കാനും പരമാധികാരത്തെ ഭീഷണിപ്പെടുത്താനും ട്രംപ് ശ്രമിച്ചിരുന്നു.