ഇറാനെ നയതന്ത്രത്തില്‍ അടുപ്പിക്കാന്‍ ആഗ്രഹിച്ച ട്രംപ്; ഇസ്രയേലിനോട് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച വാള്‍ട്ട്‌സ്; ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ ട്രംപ് പുറത്താക്കിയത് ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ഇറാനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതിന്; അമേരിക്കയിലെ അഴിച്ചു പണിയുടെ കാരണം ഈ തര്‍ക്കം

Update: 2025-05-04 01:34 GMT

വാഷിംഗ്ടണ്‍: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിനെ സ്ഥാനത്ത് നിന്ന് നീക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. വാള്‍ട്ട്‌സിനെ യു.എന്നിലെ അടുത്ത യു.എസ് അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്ന് ട്രംപ് അറിയിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടക്കാല ചുമതല കൈമാറുകയും ചെയ്തു. മാര്‍ച്ചില്‍,ഉന്നത ഉദ്യോഗസ്ഥരുടെ സിഗ്‌നല്‍ ആപ്പിലെ ഗ്രൂപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ വാള്‍ട്ട്‌സിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. യെമനിലെ ഹൂതി വിമതര്‍ക്കെതിരെയുള്ള യു.എസ് സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള ഗ്രൂപ്പില്‍ ദ അറ്റ്‌ലാന്റിക് മാഗസിന്‍ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫ്രി ഗോള്‍ഡ്ബെര്‍ഗിനെ വാള്‍ട്ട്‌സ് അബദ്ധത്തില്‍ ചേര്‍ത്തതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതാണ് വാള്‍ട്ട്‌സിനെ പുറത്താക്കാന്‍ കാരണമെന്നാണ് ഉയര്‍ന്ന വാദം. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ഇറാനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച വാള്‍ട്ട്‌സിന്റെ നടപടിയാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നതാണ് ഉയരുന്ന പുതിയ വാദം. ഇറാനുമായുള്ള ഇസ്രയേല്‍ പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ ട്രംപ് ആഗ്രഹിച്ചിരുന്നു. ഇതിന്റെ ക്രെഡിറ്റ് തന്നിലേക്ക് വരുമെന്നും ട്രംപ് കരുതി. എന്നാല്‍ ഇസ്രയേലിനെ കൊണ്ട് യുദ്ധം ചെയ്യിപ്പിക്കാനായിരുന്നു വാള്‍ട്ട്‌സിന്റെ ശ്രമം. ഇത് തന്റെ നയത്തിന് എതിരാണെന്ന് ട്രംപ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ മാറ്റിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ട്രംപിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അമേരിക്കന്‍ നയം കൊണ്ടു പോകാന്‍ വാള്‍ട്ട്‌സ് ശ്രമിച്ചത്രേ. ഇക്കാര്യം അദ്ദേഹത്തോട് ട്രംപ് തന്നെ രോഷത്തോടെ വിശദീകരിക്കുകയും ചെയ്തുവെന്നാണ് സൂചന. താങ്കള്‍ അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. മറ്റൊരു രാജ്യത്തിന്റെ പ്രിസഡന്റിന് വേണ്ടിയല്ലെന്നും ട്രംപ് വിശദീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വാള്‍ട്ട്‌സിനെ മാറ്റിയതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വിഷയത്തില്‍ ഇതുവരെ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. നേരത്തെ വാര്‍ട്ട്സ് സ്ഥാനമൊഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുണൈറ്റഡ് നാഷനില്‍ അമേരിക്കയുടെ അംബാസിഡറായി അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യമനില്‍ ഹൂത്തികള്‍ക്കെതിരായ സൈനിക നടപടികള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വാര്‍ട്ട്സ് രാജിവച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണത്തില്‍ രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വാള്‍ട്ട്സ്. എന്നാല്‍ ഹൂത്തി വിഷയമല്ല രാജിയ്ക്ക് യഥാര്‍ത്ഥ കാരണമായതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.

യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടികളുടെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകന് ലഭിച്ചത് വലിയ വിവാദമായിരുന്നു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെച്ചേര്‍ത്ത് 'സിഗ്‌നല്‍' ആപ്പില്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ 'അറ്റ്ലാന്റിക്' വാരികയുടെ പത്രാധിപരും ഉള്‍പ്പെട്ടതായിരുന്നു വിവാദം.ഇത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെ ഫോക്‌സ്‌ന്യൂസിലെ അഭിമുഖത്തില്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി വാള്‍ട്‌സ് പറഞ്ഞിരുന്നു. രഹസ്യവിവരങ്ങളൊന്നും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, രഹസ്യാന്വേഷണവിഭാഗം ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് തുടങ്ങിയവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് 'അറ്റ്ലാന്റിക്' പത്രാധിപര്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് ഉണ്ടായിരുന്നത്. ഗോള്‍ഡ്‌ബെര്‍ഗ് വെളിപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറത്തായത്. വാള്‍ട്‌സ് ആണ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ക്കൂടി ലഭിച്ച വിവരങ്ങള്‍ 'അറ്റ്ലാന്റിക്'പ്രസിദ്ധീകരിച്ചിരുന്നു.

Tags:    

Similar News