ആരും ഏത് നിമിഷവും വെടിയേറ്റ് വീഴാം; തെരുവില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ പതിവ്; വഴിയോരത്ത് മനുഷ്യരെ തൂക്കി കൊല്ലും; പോലീസ് കസ്റ്റഡയില്‍ ഇരിക്കുന്നവരെ പിടിച്ചു കൊണ്ടു പോയി കത്തിക്കും: ഒരിക്കല്‍ സ്വര്‍ഗ്ഗമായിരുന്ന ഇക്വഡോറില്‍ ഇപ്പോള്‍ എല്ലാം നിയന്ത്രണാതീതം: അയല്‍രാജ്യത്തെ ലഹരി മാഫിയയുടെ സ്വാധീനത്തിലേക്ക് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യം മാറിയപ്പോള്‍

Update: 2025-05-04 02:40 GMT

ലണ്ടന്‍: ഇക്വഡോറിലെ ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ബ്രിട്ടീഷുകാരനെ വലിച്ചിഴച്ച് തെരുവിലേക്ക് കൊണ്ടുപോയി 'മരിക്കുന്നത് വരെ തീകൊളുത്തി'. ഈസ്റ്ററിനോട് അടുത്ത ദിവസങ്ങളിലായിരുന്നു ഈ സംഭവം. ഇതോടെ ഇക്വഡോറില്‍ ആശങ്ക ശക്തമാകുകയാണ്. ആര്‍ക്കും ഒരു സുരക്ഷിതത്വവുമില്ലാത്ത രാജ്യം. ഒരു കാലത്ത് സമാധാനം നിറഞ്ഞ സ്ഥലമായിരുന്നു ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം. പക്ഷേ കൊളമ്പിയയിലെ ലഹരി മാഫിയെ പതിയെ ഇക്വഡോറിനെ വിഴുങ്ങി. ക്രിമിനല്‍ സംഘങ്ങള്‍ എല്ലായിടത്തും സജീവമായി. തെരുവുകളില്‍ അവര്‍ ഏറ്റുമുട്ടി. തോക്കുമായി അവര്‍ നിരത്തുകള്‍ കീഴടങ്ങിയപ്പോള്‍ പോലീസ് കാഴ്ചക്കാരായി. ആരും ഈ രാജ്യത്ത് ഇപ്പോള്‍ ഏത് നിമിഷവും വെടിയേറ്റ് വീഴും. തെരുവില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ ഇവിടെ പതിവ് കാഴ്ച. ഇതിനൊപ്പം മനുഷ്യരെ തൂക്കിക്കൊല്ലുന്ന റോഡുകളും. എല്ലാം മാഫിയ കൈയ്യിലെടുക്കുന്നു. കൊളമ്പിയയിലെ ലഹരിമാഫിയെ ഇക്വഡോറിനെ തളര്‍ത്തുകയാണ്. ഒരു കാലത്തെ സ്വര്‍ഗ്ഗം എന്ന് ലഹരിയുടെ പിടിയിലമര്‍ന്ന നരകമായി മാറി.

വാലന്റൈന്‍ ദിവസം ഒരാളെ വെടിവച്ച് കൊന്ന് തല ഭാര്യയ്ക്കും ഹൃദയം മുറിച്ചെടുത്ത് അച്ഛനും അമ്മയ്ക്കും അയച്ചു നല്‍കുന്ന സ്ഥിതി വരെയുണ്ടായി. കാര്‍ ബോംബുകള്‍ പൊട്ടുന്നതും ആളുകളെ തട്ടിക്കൊണ്ടു പോകുന്നതുമെല്ലാം ഈ രാജ്യത്ത് പതിവാണ്. ലഹരിയുടെ കരാള ഹസ്തത്തിലേക്ക് വഴുതി വീഴുന്ന യുവാക്കള്‍ എന്തിനും ഏതിനും തയ്യാറായി നടക്കുകയാണ്. ലഹരിയ്‌ക്കൊപ്പം ആയുധങ്ങളും വലിയ തോതില്‍ എത്തുന്നു. അഞ്ച് ടൂറിസ്റ്റുകളെ മയക്കുമരുന്ന് മാഫിയ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അടക്കം ഇക്വഡോറിന് നാണക്കേടായി. ശത്രു സംഘത്തിലെ അംഗങ്ങളെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ സംഭവം. ഇക്വഡോറില്‍ മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുകയാണ്. 2024 ആദ്യം മുതല്‍ രാജ്യത്ത് ക്രിമിനല്‍ സംഘങ്ങളും സര്‍ക്കാരുമായി സംഘര്‍ഷങ്ങള്‍ തുടരുകയാണ്. അഡോള്‍ഫോ മാഷ്യാസ് അഥവാ ' ഫീറ്റോ ' എന്ന കുപ്രസിദ്ധ മാഫിയ തലവന്‍ ഗ്വായകില്‍ നഗരത്തിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ മാഫിയ സംഘങ്ങള്‍ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു.

അന്ന് തെരുവുകളില്‍ ബോംബ് സ്‌ഫോടനമുണ്ടായി. ജയിലുകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ പ്രസിഡന്റ് ഡാനിയല്‍ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പൊലീസ് ഓഫീസര്‍മാര്‍ അടക്കം 20ഓളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇവിടെ ജനപ്രതിനിധികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയെത്തി. ഇക്വഡോറില്‍ ജനപ്രതിനിധികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും പെരുകുകയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ബ്രിജിറ്റ് ഗാര്‍ഷ്യയെ ( 27 ) അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഗ്വായാസ് പ്രവിശ്യയിലെ നരന്‍ഹാലില്‍ നിന്നുള്ള കൗണ്‍സിലറായ ഡയാന കാര്‍നെറോയെ (29) പട്ടാപ്പകല്‍ ആക്രമി സംഘം വെടിവച്ചു കൊന്നിരുന്നു. 2023ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഫെര്‍നാന്‍ഡോ വില്ലാവിസെന്‍ഷ്യോയെ (59) ക്രിമിനല്‍ സംഘം വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. മാന്റാ നഗരത്തിലെ മേയറും പോര്‍ട്ടോ ലോപ്പസ് നഗരത്തിലെ മേയര്‍ സ്ഥാനാര്‍ത്ഥിയും ക്രിമിനല്‍ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊലപാതക നിരക്കും കുതിച്ചുയരുന്നു. 2008ല്‍ ഒരു ലക്ഷം പേരില്‍ ആറു പേരാണ് കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ ഇത് 2023ല്‍ 46ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവും നിരക്ക് കുതിച്ചുയര്‍ന്നുവെന്നാണ് സൂചനകള്‍.

ഇക്വഡോറിലെ കുപ്രസിദ്ധമായ ജയിലില്‍ തമ്മിലടിച്ച് തടവുകാരും തലവേദനയാകുന്നു. 2024 നവംബറില്‍ ഒരു ജയിലില്‍ കൊല്ലപ്പെട്ടത് 15പേരാണ്, ഇക്വഡോറിലെ ഏറ്റവും വലുതും ഏറ്റവും അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലിലായിരുന്നു ഈ അക്രമം. 2021ല്‍ ഇവിടെ തടവുകാര്‍ക്കിടയിലുണ്ടായ കലാപത്തില്‍ 119 പേരാണ് കൊല്ലപ്പെട്ടത്. ക്രമസമാധാന പാലനത്തില്‍ ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നോബോയ്ക്ക് വലിയ തലവേദനയാണ് ജയിലുകള്‍ പോലും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കുപ്രസിദ്ധമാണ് ഇക്വഡോറിലെ ജയിലുകള്‍. പരമാവധി ശേഷിയിലും അധികം ആളുകളാണ് ഇവിടെ കഴിയുന്നത്. അധികാരികള്‍ക്ക് നിയന്ത്രണം സാധ്യമാകാത്ത രീതിയില്‍ ലഹരി കാര്‍ട്ടലുകള്‍ ജയിലില്‍ നിന്ന് രാജ്യത്തെ ലഹരിമരുന്ന് വിതരണം നിയന്ത്രിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്. തടവുകാരില്‍ ഏറിയ പങ്കിനും തോക്കുകള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ ജയിലിനുള്ളില്‍ സുലഭമാണ്.

ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലില്‍ നിലവിലെ പരമാവധി ശേഷിയുടെ ഇരട്ടിയിലേറെ തടവുകാരാണ് ഉള്ളത്. പതിനായിരത്തോളം തടവുകാരാണ് ഇവിടെയുള്ളത്. രാജ്യം മുഴുവന്‍ വ്യാപിക്കുന്ന അക്രമത്തിന്റെ പ്രത്യക്ഷമായ സൂചനയാണ് ജയിലിനുള്ളില്‍ അക്രമ സംഭവങ്ങളും.

Tags:    

Similar News