ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രദമായ ഷാവോസ് ദ്വീപ് മൗറീഷ്യസിന് കൈമാറി ബ്രിട്ടന്‍; അമേരിക്കന്‍ വ്യോമത്താവളം ഇനി ചൈന സ്വന്തമാക്കിയേക്കും; കോടികളുടെ ബാധ്യത ഏറ്റെടുത്തുള്ള നീക്കത്തില്‍ സ്റ്റാര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ബ്രിട്ടീഷ് ജനത
ലണ്ടന്‍: യു കെയുടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അവശേഷിക്കുന്ന ഏക പ്രദേശമായ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നു. ഈ ദ്വീപ് കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം ബ്രിട്ടീഷ് സര്‍ക്കാരിന് ഏകദേശം ഒരു നൂറ്റാണ്ട് കാലത്തോളം പ്രതിവര്‍ഷം 101 മില്യന്‍ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, 99 വര്‍ഷക്കാലത്തേക്ക് ഡീഗോ ഗാര്‍ഷ്യ ലീസില്‍ എടുക്കുന്ന ഈ കരാര്‍ പ്രകാരം 3.4 ബില്യന്‍ പൗണ്ട് മാത്രമാണ് ചെലവ് വരുന്നതെന്ന് സ്റ്റാര്‍മര്‍ പറയുന്നു.
എന്നാല്‍, ഇന്നലെ പുറത്തുവിട്ട രേഖകള്‍ പ്രകാരം, അമേരിക്ക വ്യോമതാവളമായി ഉപയോഗിക്കുന്ന ഡീഗോ ഗാര്‍ഷ്യ ലീസിലെടുക്കാന്‍ ആദ്യ മൂന്ന് വര്‍ഷത്തേക്ക് യു കെ 165 മില്യന്‍ പൗണ്ട് പ്രതിവര്‍ഷം നല്‍കണം. തുടര്‍ന്നുള്ള ഒരു പതിറ്റാണ്ട് കാലത്തേക്ക് ഇത് പ്രതിവര്‍ഷം 120 മില്യന്‍ പൗണ്ട് ആയി കുറയും. പിന്നീട് 99 വര്‍ഷം വരെ ഈ തുക പണപ്പെരുപ്പ നിരക്കിനനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യും. അതിനു പുറമെ 25 വര്‍ഷത്തേക്ക്, പ്രതിവര്‍ഷം 45 മില്യന്‍ പൗണ്ട് വീതം (മൊത്തം 1.1 ബില്യന്‍) മൗറീഷ്യസിന്റെയും അവിടത്തെ ജനങ്ങളുടെയും ക്ഷേമ - വികസന ഫണ്ടിലേക്ക് അധികമായി നല്‍കുമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
അതിനു പുറമെ 1970 കളില്‍ വ്യോമതാവളം സ്ഥാപിക്കുന്നതിനായി അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച ചാഗോസ് നിവാസികള്‍ക്കായി 40 മില്യന്‍ പൗണ്ടിന്റെ ഒറ്റത്തവണ ധനസഹായവുമുണ്ട്. പണപ്പെരുപ്പ നിരക്ക് 2 ശതമാനം എന്ന അടിസ്ഥാനത്തില്‍, ഈ കൈമാറ്റത്തിന്റെ മൊത്തം ചെലോവ് 30 ബില്യന്‍ പൗണ്ട് വരെ വരുമെന്ന് ചില കണക്കുകള്‍ പറയുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിന്റര്‍ ഫ്യുവല്‍ അലവന്‍സ് കുറയ്ക്കുകയും ചൈല്‍ഡ് ബെനെഫിറ്റില്‍ പരിധി നിശ്ചയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇതെന്നും ആലോചിക്കണം. ഈ തുക, മൗറീഷ്യസിന്റെ ജി ഡി പിയുടെ മൂന്നിരട്ടി വരുമെന്നും ഓര്‍ക്കണം.
ഒരു കീഴടങ്ങലിനായി ബ്രിട്ടീഷ് നികുതിദായകരുടെ 30 ബില്യന്‍ പൗണ്ടാണ് സര്‍ക്കാര്‍ വലിച്ചെറിയുന്നതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്‌ഡോന്ന് കുറ്റപ്പെടുത്തി. മാത്രമല്ല, ചൈനയുമായി അനുഭാവം പുലര്‍ത്തുന്ന ഒരു രാജ്യത്തിന് ബ്രിട്ടീഷ് പ്രദേശം കൈമാറി ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണി തീര്‍ത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.ഇതെല്ലാം തന്നെ സ്റ്റാര്‍മറെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുറേ നിയമജ്ഞരെയും ആക്റ്റിവിസ്റ്റുകളെയും സന്തോഷിപ്പിക്കാനാണെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍, ഇന്ത്യന്‍ സമുദ്രത്തില്‍ അവശേഷിച്ചിരുന്ന പ്രദേശവും കൈമാറ്റം ചെയ്യാതെ മറ്റ് വഴിയില്ലെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. ഇല്ലെങ്കില്‍ നിയമനടപടികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടന്റെ മറ്റ് സഖ്യകക്ഷികളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായും സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടന്റെ ദേശീയ താത്പര്യം മുന്‍ നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.